‘നനഞ്ഞുതീര്‍ത്ത മഴകള്‍’
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളെജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ അവരെഴുതിയ ഓര്‍മ്മകുറിപ്പുകള്‍ സോഷ്യല്‍മീഡിയയിലൂടെയും പുസ്തകങ്ങളിലൂടെയും വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞവയാണ്. തൃശ്ശൂര്‍ ഭാഷയുടെ തനിമചോരാത്ത, വര്‍ത്തമാനങ്ങളിലൂടെയുള്ള ആഖ്യാനമാണ് ദീപയുടെ എഴുത്തുശൈലി. അതുകൊണ്ടുകൂടിയാണ് അവരുടെ ഓര്‍മ്മെയെഴുത്ത് അത്രമേല്‍ ഹൃദയസ്പര്‍ശിയായതും. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന സമാഹാരത്തിനുശേഷം ദീപാനിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്ന പുസ്തകം ഇതിനോടകം ഏറെ വായിയ്ക്കപ്പെടുകയും ബെസ്റ്റ് സെല്ലറിന്റെ ആദ്യനിരയില്‍ തന്നെ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
ആലങ്കാരികതകളൊന്നുമില്ലാതെ സരസവും ലളിതവുമായ വാമൊഴി ശൈലിയിലൂടെയാണ് ദീപ തന്റെ അനുഭവങ്ങളുടെയും ഓര്‍മ്മയുടെയും ചെപ്പ്തുറക്കുന്നത്. ബി.എഡിന് പഠിക്കുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന സിലബസിലില്ലാത്ത പാഠങ്ങളില്‍ തുടങ്ങി മഹഭാഗ്യാന്വേഷണങ്ങള്‍, വയറുകാണല്‍, വറീതാപ്ല, ഒറ്റപ്പുത്രി, എ പ്ലസ്, പ്രണയത്തിന്റെ സൂയിസൈഡ് പോയിന്റുകള്‍ വരെ ദീപാനിശാന്ത് നനഞ്ഞുതീര്‍ത്ത ഇരുപത്തിമൂന്ന് ഓര്‍മ്മക്കുറിപ്പുകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നര്‍മ്മരസത്തോടെ വായിച്ചുപോകാവുന്ന ചെറിയ ഓര്‍മ്മത്തുണ്ടുകളാണ് ഈ കുറിപ്പുകളെല്ലാം.
ഓര്‍മ്മക്കുറിപ്പുകളിലൂടെ പ്രശസ്തയായ എഴുത്തുകാരി പ്രിയ എ.എസ് ആണ് ദീപയുടെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ‘ഓര്‍മകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരുകാലത്തെ മറികടക്കലാണ് ഓര്‍മ്മയെഴുത്ത്. കരള്‍ പിളര്‍ന്നുകൊണ്ടാണെങ്കിലും കാലത്തെ ഓര്‍മ്മയുടെ ഉളികൊണ്ട മലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോള്‍ ശില്‍പം എല്ലാവരുടേതുമാകുന്നു’ എന്ന് അവതാരികയില്‍ പ്രിയ എ.എസ് രേഖപ്പെടുത്തിയിരിക്കുന്നു.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ കോപ്പികള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
Comments are closed.