DCBOOKS
Malayalam News Literature Website

കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി തീക്കുനിക്കവിതകള്‍

മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രരില്‍ ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നതും കീഴാളവിഭാഗത്തില്‍ ജീവിക്കുന്നതും ഗ്രാമീണാന്തരീക്ഷത്തില്‍ കഴിഞ്ഞു കൂടുന്നതുമെല്ലാം പവിത്രന്റെ കവിതകളെ വേറിട്ട അനുഭവമാക്കി മാറ്റുന്നുണ്ട്. പവിത്രന്‍ തീക്കുനിയുടെ കവിതകളെ മലയാളികള്‍ സ്വീകരിച്ചത് അദ്ദേഹത്തിന്റെ കവിത്വശക്തി കൊണ്ടുതന്നെയാണ്.

കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് വാക്കുകള്‍ കൊണ്ട് പൊള്ളിയും കാഴ്ചകള്‍ കൊണ്ട് നഗ്നമായും മനസ്സില്‍ കനല്‍ വിതറുന്ന പവിത്രന്റെ കവിതകള്‍. അദ്ദേഹത്തിന്റെ നൂറ്റിപ്പതിനഞ്ചോളം കവിതകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് തീക്കുനിക്കവിതകള്‍.

മുറിവുകളുടെ വസന്തം, രക്തകാണ്ഡം, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, വീട്ടിലേക്കുള്ള വഴികള്‍, മഴക്കൂട്, ആളുമാറിപ്പോയൊരാള്‍ എന്നിങ്ങനെയുള്ള പവിത്രന്റെ ഏഴ് സമാഹാരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കവിതയും സമാഹൃതമല്ലാത്ത ചില കവിതകളും കോര്‍ത്തിണക്കിയാണ് തീക്കുനിക്കവിതകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. 1989 മുതല്‍ 2006 വരെയുള്ള രചനകളാണിവയെല്ലാം.

2006ല്‍ പ്രസിദ്ധീകൃതമായ തീക്കുനിക്കവിതകള്‍ കവിതാസ്വാദകര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. കവിത മരിക്കുന്നു എന്ന് മുറവിളി ഉയരുന്ന ഇക്കാലത്തും പുസ്തകത്തിന് ഏറെ വായനക്കാരുണ്ട്. കൃതിയുടെ ആറാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

ബിരുദപഠനം പൂര്‍ത്തിയാക്കാനാവാതെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട പവിത്രന്‍ തീക്കുനിയുടെ കുരുതിക്കുമുമ്പ്, നമ്മള്‍ക്കിടയില്‍, നിലവിളിക്കുന്ന്, മൂന്നാംനിലയിലെ ഏഴാം നമ്പര്‍ മുറി എന്നീ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശാന്‍ പുരസ്‌കാരം, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ 2005ലെ കനകശ്രീ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.