ഒരമ്മ പഠിപ്പിക്കുന്ന ജീവിതപാഠങ്ങള്‍; വികാരനിര്‍ഭരമായ സ്വകാര്യ ജീവിതാനുഭവങ്ങളുടെ ഓര്‍മ്മപുസ്തകം
മകന്റെ മാറാരോഗം ഒരുവശത്ത് ഭാര്യയുടെ തീരാവ്യാധി മറുവശത്ത്. നടുവില്‍ കിടന്ന് നീറുന്ന ഒരാള്‍ ദൈവത്തിനുനേരെ വിരല്‍ചൂണ്ടുകയാണ്. എന്തുകൊണ്ടാണ് ഈ കടുത്ത ജീവിതസുഖങ്ങള്‍? ബൈബിളിലെ ജോബിന്റെയും ഹൈന്ദവഗുരുക്കന്മാരുടെയും ഖുറാനിലെയും സഹനാദര്‍ശങ്ങള്‍ ചര്‍ച്ചചെയ്ത് ബോധ്യപ്പെട്ടിട്ടും പൊള്ളുന്ന ജീവിതദുരന്തങ്ങള്‍ ബാക്കിയാകുന്നു. ദൈവത്തിനും മതത്തിനും ഇന്ന് എന്ത് പ്രസക്തിയെന്ന് യാതനകളുടെ നടുവില്‍ നിന്നുകൊണ്ട് ചോദിക്കുന്നു അരുണ്‍ ഷൂരി.
പ്രശസ്ത ഇന്ത്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുണ്‍ ഷൂരി. അമിതമയി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ ചെയ്യാത്ത, ജീവിത ദുരിതങ്ങളില്‍ മനംനൊന്ത് ജീവിക്കുന്ന ഒരച്ഛന്‍കൂടിയാണ് ഷൂരി.. പറഞ്ഞുവരുന്നത് അരുണ്‍ഷൂരിയുടെ ജീവിതത്തെകുറിച്ചാണ്. അദ്ദേഹത്തിന്റെ ഏകമകന്‍ ആദിത് എന്നുവിളിക്കുന്ന ആദിത്യനെകുറിച്ചും ഭാര്യ അനിതയെക്കുറിച്ചുമാണ്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനും ആറുവര്‍ഷംമുമ്പ് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച്, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ പഠിച്ച അരുണ്‍ ഷൂരി ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായിട്ടാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. അമേരിക്കയിലായിരുന്നു ആ പത്തുവര്‍ഷങ്ങള്‍. അതിനിടെ അദ്ദേഹം അനിതയെ വിവാഹം കഴിച്ചു; അവര്‍ ഗര്‍ഭിണിയായി. ഗര്‍ഭം ഏഴാംമാസമെത്തിയപ്പോള്‍ ഒരുനാള്‍ ഡോക്ടര്‍ അനിതയോട് പറഞ്ഞു: അനിതാ, ചില പ്രശ്‌നങ്ങള്‍ കാണുന്നു. നമുക്ക് എത്രയും പൈട്ടന്ന് കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരും കുട്ടിയെ പുറത്തെടുത്തപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടായിരുന്നില്ല; തൂക്കവും നന്നേ കുറവ്. അപകടനില തരണംചെയ്യാന്‍ കുഞ്ഞിനെ ഇന്‍ക്യുബേറ്ററില്‍ വച്ചു. കുഞ്ഞിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറിയും കുറഞ്ഞുമിരുന്നു. ഏഴുമാസക്കാരന്റെ ഇളംകൈയില്‍ ഞരമ്പ് കാണാനാവാതെ ഡോക്ടര്‍മാര്‍ അവന്റെ പച്ചമാംസത്തിലൂടെ സൂചി കുത്തിയിറക്കി.
ഷൂരിയും ഭാര്യയും കണ്ണീരോടെ അത് കണ്ടുനിന്നു.ഒരുമാസം കഴിഞ്ഞപ്പോള്‍ അവന്‍ ഇന്‍ക്യുബേറ്ററിന്റെ ചില്ലുകൂടാരംവിട്ട് ഭൂമിയിലേക്ക് വന്നു, പതുക്കെപ്പതുക്കെ വളര്‍ന്നു.അവന് അവര്‍ ആദിത്യ എന്ന് പേരിട്ടു, ആദിത് എന്നുവിളിച്ചു.ഒരുനാള്‍ ആദിത്യ കരഞ്ഞുകൊണ്ടാണ് കിടക്കവിട്ടെഴുന്നേറ്റത്. സന്ധ്യയായപ്പോഴേക്കും അവന്റെ കണ്ണുകളില്‍ നീലയും വെള്ളയും കലര്‍ന്ന ഒരു പാട രൂപപ്പെട്ടു. വലതുകണ്ണിന്റെ സ്തരം വിണ്ടുകീറി. കണ്ണില്‍നിന്ന് ദ്രാവകം ഒലിച്ചിറങ്ങി. അവന്‍ ആര്‍ത്തുകരഞ്ഞു. അവര്‍ ആശുപത്രികളിലേക്ക് ഓടി: ലണ്ടന്‍, ചെന്നൈ, കോയമ്പത്തൂര്‍… ആദിത്യയുടെ അസുഖങ്ങള്‍ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.അവന് നടക്കാനോ നില്‍ക്കാനോ കഴിയാതായി. വലതുകൈയും കൈപ്പത്തിയും ഉപയോഗശൂന്യമായി. സംസാരിക്കണമെങ്കില്‍ അക്ഷരം പെറുക്കിപ്പെറുക്കിയെടുക്കണം. അവന്‍ ചിരിച്ചാല്‍ ആ ശബ്ദം മൂന്നുവീടുകള്‍ക്കപ്പുറം കേള്‍ക്കും. അങ്ങനെ അവന്റെ ജീവിതം പൂര്‍ണമായും വീല്‍ച്ചെയറിലേക്കൊതുങ്ങി.
അരുണ്‍ ഷൂരിയും ഭാര്യയും ജീവിതം അവനുവേണ്ടി നീക്കിവച്ചു. അവര്‍ അമേരിക്കവിട്ട് ഇന്ത്യയിലെത്തി. അവന്‍ തലത്ത് മഹമൂദിന്റെയും മുഹമ്മദ് റഫിയുടെയും കിഷോര്‍കുമാറിന്റെയും പാട്ടുകേട്ടു, അരുണ്‍ ഷൂരി എന്ന അതിപ്രശസ്തനായ അച്ഛന്‍ തന്റെ ഭിന്നശേഷിക്കാരനായ മകനെ ഒരിക്കലും ലോകത്തിനുമുന്നില്‍നിന്ന് മറച്ചുപിടിച്ചില്ല. താന്‍പോകുന്ന സ്ഥലത്തെല്ലാം അദ്ദേഹം ആദിത്യയെയും കൊണ്ടുപോയി. റെസ്‌റ്റോറന്റുകളില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. എം.എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരിക്ക് മുന്നിലിരുത്തി. മകന്റെ വീല്‍ച്ചെയറിനെപ്പിടിച്ച് ഷൂരിയുടെയും അനിതയുടെയും ജീവിതം മുന്നോട്ടുപോകവേയാണ് അനിതയ്ക്ക് ഒരു വാഹനാപകടം സംഭവിച്ചത്. അതിനുശേഷം അവരുടെ ഇടത് തോളിന് കല്ലിപ്പും വേദനയും വിറയലും തുടങ്ങി. അങ്ങനെ ആശുപത്രികളെയും ഡോക്ടര്‍മാരെയും തേടിയുള്ള അരുണ്‍ ഷൂരിയുടെ യാത്രകളില്‍ ആദിത്യക്കൊപ്പം അനിതയും ചേര്‍ന്നു. തളര്‍ന്ന മകന്റെ അമ്മയായല്ല, രോഗിയായി. നിരവധി പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു: അനിതയ്ക്ക് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗമാണ്. അങ്ങനെ ആദിത്യക്കൊപ്പം അനിതയും വീല്‍ച്ചെയറിലേക്ക് ജീവിതത്തെ ഒതുക്കി. അരുണ്‍ ഷൂരി ഇടതുകൈകൊണ്ട് മകനെയും വലതുകൈകൊണ്ട് ഭാര്യയെയും താങ്ങി. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ സൂചികള്‍ ഏതൊക്കെയോ അന്വേഷണങ്ങളിലേക്ക് പിടച്ചുകൊണ്ടിരുന്നു. രണ്ടുരോഗികളുടെ നടുവിലിരുന്ന് അദ്ദേഹം അതെല്ലാം എഴുതി. ഒന്നും രണ്ടുമല്ല,ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍. അതിലൊന്നാണ് Does He know a mother’s heart എന്ന പുസ്തകം.
നിര്‍ഭാഗ്യവാനായ/ നിസ്സഹായനായ ഒരച്ഛന്റെ, ഭര്‍ത്താവിന്റെ കഥയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ പറഞ്ഞുവച്ചത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒരമ്മ പഠിപ്പിക്കുന്ന ജീവിതപാഠങ്ങള്‍. വായനക്കാരന്റെ ഹൃദയത്തെ അലിയിപ്പിക്കുന്ന ഈ ജീവിത കഥ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കലാണ്. ഒരമ്മ പഠിപ്പിക്കുന്ന ജീവിതപാഠങ്ങള്‍ ഇപ്പോള്‍ ആറാം പതിപ്പിലെത്തിയിരിക്കുകയാണ്.
Comments are closed.