DCBOOKS
Malayalam News Literature Website

വി.കെ.എന്‍ കഥകളുടെ സമാഹാരം

സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി.കെ.എന്നിന്റേതായുണ്ട്.

കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി.കെ.എന്‍ കൈവച്ചിട്ടുണ്ട്. മന്ദഹാസം, പയ്യന്‍, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വി.കെ.എന്‍ കഥകള്‍, പയ്യന്‍ കഥകള്‍, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി, അസുരവാണി, മഞ്ചല്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, അധികാരം, അനന്തരം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്നിന്റെ കൃതികള്‍ മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ ഏറെ  വേറിട്ടുനില്ക്കുന്നവയാണ്. എക്കാലവും ആനുകാലിക പ്രസക്തി ദ്യോതിപ്പിക്കുന്ന, ഹാസ്യത്തിന്റെ പൂമ്പൊടി പുരട്ടിയ കൂരമ്പുകളാണ് അവയില്‍ പലതും. സവിശേഷശൈലിയില്‍ എഴുതപ്പെട്ട വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോല്‍, മോചനം, ആര്‍ഷന്‍ സ്ത്രീയും സത്യവും തുടങ്ങി എഴുപത് കഥകളുടെ സമാഹാരമാണ് വി.കെ.എന്‍ കഥകള്‍.വി.കെ.എന്‍ കഥകളുടെ ആറാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.കെ.എന്‍ കൃതികള്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.