മലപ്പുറത്ത് വെസ്റ്റ്‌നൈല്‍ വൈറസ് ബാധിച്ച ആറു വയസ്സുകാരന്‍ മരിച്ചു
മലപ്പുറം: വെസ്റ്റ്‌നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര എ.ആര്‍ നഗര്‍ സ്വദേശിയായ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം കഴിഞ്ഞ 10 ദിവസമായി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.
ആറു വയസ്സുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര ആരോഗ്യസംഘം മലപ്പുറത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മൃസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇവയുടെ ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെയും പൂനെയിലെയും വൈറോളജി ലാബുകളിലേക്ക് പരിശോധയ്ക്കായി അയച്ചിരിക്കുകയാണ്.
വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ്‌നൈല്‍. കൊതുകുവഴിയാണ് ഈ രോഗം മനുഷ്യനിലേക്ക് പകരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പടരില്ല. 2011-ല്‍ ആലപ്പുഴ ജില്ലയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധയുണ്ടായ സമയത്ത് കോഴിക്കോട് ഒരു യുവതിക്ക് ആ രോഗം വന്നതായി സംശയിച്ചിരുന്നുവെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല.
Comments are closed.