ഉണ്ണിക്കുട്ടന്റെ കാലം
നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം' പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന വേളയില്‍ നോവലിന്റെ ഒരു പുനര്‍വായന- പി.എസ്. വിജയകുമാര്‍
നന്തനാര്‍ ‘ഉണ്ണിക്കുട്ടന്റെ ലോകം’ പറയുമ്പോള്‍ നോവലിലെ ഭൂമികയിലോ ജീവിതങ്ങളിലോ പറയത്തക്ക വ്യതിയാനങ്ങളോ വികാസങ്ങളോ സംഭവിക്കുന്നില്ല. നാലുവയസ്സുമുതല്‍ അഞ്ചുവയസ്സുവരെ നീളുന്ന, ഒരു കുട്ടിയുടെ ജീവിതനിരീക്ഷണങ്ങളിലെ പരിണാമമാണിവിടെ വിശദീകരിക്കുന്നത്. വലിയവര്‍ നിസ്സാരമായി കാണുന്ന പലതും തന്റെ കൗതുകക്കാഴ്ചയിലൂടെ മറ്റൊരു ലോകമായി നിവര്‍ത്തിയിടുകയാണ് നോവലില്‍ ഉണ്ണിക്കുട്ടന്‍ ചെയ്യുന്നത്. അവന്‍ നിലനില്‍ക്കുന്ന ഒരു ജീവിതമുണ്ട്- നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’ പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന വേളയില്‍ നോവലിന്റെ ഒരു പുനര്‍വായന
2016 ലാണ്. ബാലസാഹിത്യകാരനും സാംസ്‌കാരികപ്രവര്‍ത്തകനും ചെറുകാട് പുരസ്‌കാരകാരനുമായ സി. വാസുദേവന്‍ മാഷെ ഒരു വാരികയ്ക്കുവേണ്ടി ഇന്റെര്‍വ്യൂ ചെയ്യാനിടയായി. അന്ന് ബാലസാഹിത്യശാഖയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാഷ് മറുപടിപറഞ്ഞതിങ്ങനെയാണ്. കുട്ടികളാണ് വഴി, കുട്ടികളില്‍നിന്നാണ് തുടങ്ങേണ്ടത് എന്ന തോന്നലാണ് ബാലസാഹിത്യത്തിലേക്ക് നയിച്ചത്. അതിന് കുട്ടികളുടെ നിഷ്‌കളങ്കതയാണ് പ്രചോദനമായി ഉണ്ടായിരുന്നതെന്നും മാഷ് പറയുകയുണ്ടായി. കുട്ടികളിലെ ഈ നിഷ്‌കളങ്കതയുടെ ലോകം തിരഞ്ഞുപോകുമ്പോള്‍, വലിയവരുടെ യാന്ത്രികതയ്ക്കപ്പുറമുള്ള തനതായ ഒരു പരിസരം കാണാന്‍ കഴിയും. അവര്‍ കണ്ട പ്രകൃതി, ജീവജാലങ്ങള്‍, മണ്ണ്, മനുഷ്യന്‍ എല്ലാറ്റിലും നിരീക്ഷണത്തിന്റെ സ്വാതന്ത്ര്യം വ്യക്തമാണ്. അതിനൊപ്പം നടക്കുന്നതാണ് മികച്ച ബാലസാഹിത്യസൃഷ്ടികളായി മാറിയിട്ടുള്ളതും.
ഇങ്ങനെ കുട്ടിത്തത്തിന്റെ പാല്‍മണം വിടാതെ പൊതിഞ്ഞുനില്‍ക്കുന്നു എന്നുള്ളതാണ് നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന നോവലിനെ സവിശേഷമാക്കുന്ന ഘടകം. ബാല്യത്തിന്റെ കളങ്കരഹിതമായ കാഴ്ചയിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. നോവല്‍ ബാല്യകൗതുകങ്ങളിലൂടെ മാത്രം കടന്നുപോവുകയും, അതിന്റെ തനിമ ചോരാതെ ആദ്യം മുതല്‍ അവസാനംവരെ ചരടുപോട്ടാതെ തുടര്‍ച്ചകളുണ്ടാവുകയും ചെയ്യുക എന്നത് മലയാളത്തില്‍ അപൂര്‍വ്വമായ സംഗതിയാണ്. മലയാളസാഹിത്യത്തില്‍ അത്തരത്തില്‍ ശ്രദ്ധേയമായിട്ടുള്ള കൃതികള്‍ വളരെ പരിമിതമായേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സത്യം. കുട്ടികളുടെ മനസ്സുകളിലെ നൈര്‍മ്മല്യം പേനത്തുമ്പിലാവാഹിച്ചാവണം നന്തനാര്‍ ‘ഉണ്ണിക്കുട്ടന്റെ ലോകം’ പണിതത്! മറ്റു കഥകളിലാവട്ടെ, നോവലുകളിലാവട്ടെ പറയുന്ന ജീവിതത്തിനെ മനസ്സു ചേര്‍ത്തൊട്ടിച്ചാണ് നന്തനാര്‍ എഴുതിയതൊക്കെയും. അതിനായി താനറിഞ്ഞപരിസരവും പ്രകൃതിയും ജീവിതവുമാണ് അദ്ദേഹം തിരഞ്ഞെടുത്തു കണ്ടിട്ടുള്ളതും.
പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.