ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്
അഭിമുഖം-ഭാഗം 1
(പി.കെ. രാജശേഖരന്‍/എ.വി. ശ്രീകുമാര്‍)
പഴയ മലയാള ലിപി തഴയപ്പെട്ടു എന്നു കരുതുന്നുണ്ടോ?
ലിപികളിലും ലിപി വ്യവസ്ഥയിലും കാലാനുസൃതമായ മാറ്റം വരുന്നത്
പുതിയ കാര്യമൊന്നുമല്ല. തുര്‍ക്കി യിലെ മുഖ്യ ഭാഷയായ തുര്‍ക്കിഷ് (ടുര്‍ക്‌ചെക്) പേര്‍ഷ്യന്‍ ഭാഷയുടെലിപിയുടെ വകഭേദമായ ഒട്ടോമന്‍ തുര്‍ക്കിഷ് ലിപിയിലാണ് എഴുതിയിരുന്നത്. തുര്‍ക്കിയുടെ ആധുനികീകരണത്തിന്റെ ഭാഗമായി ഭരണാധികാരിയായ അത്താതുര്‍ക്ക് (മുസ്തഫകമാല്‍) 1928-ല്‍ അത് പൂര്‍ണമായും ലത്തീന്‍ ലിപിയിലേക്കു മാറ്റി. ആ ഭാഷയില്‍ എഴുതുന്ന നോവലിസ്റ്റാണ് ഓര്‍ഹന്‍ പാമുക്. പുതിയ മലയാള ലിപി വന്നതുകൊണ്ട് പഴയലിപി തഴയപ്പെട്ടു എന്ന വിഷമമോ പഴയ ലിപിയെപ്പറ്റിയുള്ള (അതിലാണ് ഞാന്‍ എഴുതുന്നത്) ഗൃഹാതുരത്വമോഎനിക്കില്ല. പുതിയ ലിപി പഠിപ്പിക്കുകയും അച്ചടിക്കുകയും ആളുകള്‍ എഴുതുകയും ചെയ്യുന്ന കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് ആ ലിപിമൂലം മലയാളത്തിനു ക്ഷീണമൊന്നും ഉണ്ടായിട്ടില്ലല്ലോ?
പുതിയ ലിപി എങ്ങനെ ഉണ്ടായി?
അച്ചടിയുടെയും ടൈപ്പ്‌റൈറ്റര്‍ യന്ത്രത്തിന്റെയും സൗകര്യത്തിനുവേണ്ടി മലയാള ലിപിസമ്പ്രദായത്തിലെ സങ്കീര്‍ണത കുറച്ച് ലിപി പരിഷ്‌കരണത്തിനുള്ള ശ്രമം ഔദ്യോഗികതലത്തില്‍ ആരംഭിച്ചത് 1967-ല്‍ ആയിരുന്നു. കേരള സര്‍വ്വകലാശാലയുടെ മലയാള മഹാനിഘണ്ടു പദ്ധതിയുടെ എഡിറ്ററും പ്രശസ്ത പണ്ഡിതനുമായ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ അധ്യക്ഷതയില്‍ 1967 ഡിസംബര്‍ 23-ന് കേരള സര്‍ക്കാര്‍ ഒരു ലിപി പരിഷ്കരണക്കമ്മറ്റി രൂപവത്കരിച്ചു. ജോസഫ് മുണ്ടശ്ശേരി, എം.കെ. കുമാരന്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍, ഡി.സി.
കിഴക്കെമുറി തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. അച്ചടിയിലും ടൈപ്പ്റൈറ്റിങ്ങിലും ആ സമയത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ലിപികളില്‍ കുറവുവരുത്തിക്കൊണ്ടുള്ള ഒരു ലിപി
മാലയുടെ ശുപാര്‍ശ ആ സമിതിസര്‍ക്കാരിന് നല്കി. 1969-ല്‍ നിയമിതമായ മറ്റൊരു കമ്മിറ്റി ചില പരിഷ്കരണങ്ങള്‍ നിര്‍ദ്ദേശിച്ചു. 1971 ജനുവരിയില്‍ സര്‍ക്കാര്‍ മലയാളത്തിലെ പ്രധാന പത്രങ്ങളുടെ മാനേജിങ് എഡിറ്റര്‍മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി പുതിയ ലിപി പ്രയോഗത്തില്‍
വരുത്തുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. അതേത്തുടര്‍ന്ന് 1971 ഏപ്രില്‍ 15 (വിഷുദിവസം) മുതല്‍ പുതിയലിപി നടപ്പാക്കിക്കൊണ്ട് മാര്‍ച്ച് 23-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
‘ലിപിപരിഷ്‌കരണം’ എന്നുപേരുള്ള ലഘുലേഖയും ആ സര്‍ക്കാര്‍ ഉത്തരവിനൊപ്പം പ്രസിദ്ധപ്പെടുത്തി. ‘മലയാളഭാഷയുടെ ലിപിസമ്പ്രദായം സങ്കീര്‍ണ്ണമായ ഒന്നാണ്. വ്യഞ്ജനങ്ങളോട് സ്വരങ്ങള്‍ ചേര്‍ക്കുമ്പോഴും കൂട്ടക്ഷരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ചില്ലുകള്‍ ചേര്‍ത്തെഴുതുമ്പോഴും മറ്റുംപ്രത്യേക ലിപികള്‍ സൃഷ്ടിച്ചതാണ് ഈ സങ്കീര്‍ണതയ്ക്കു കാരണം.
മലയാളലിപികളുടെ എണ്ണം ഇക്കാരണത്താല്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരുന്നു. എല്ലാം കൈകൊണ്ട് എഴുതിവന്ന കാലത്ത് ഈസങ്കീര്‍ണതകൊണ്ടുള്ള പ്രയാസം
അത്രത്തോളം അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ അച്ചടിയന്ത്രത്തിന്റെയും ടൈപ്പ്‌റൈറ്ററിന്റെയും ആവിര്‍ഭാവത്തോടെ ഈ ലിപി സമ്പ്രദായംകൊണ്ടുള്ള വിഷമതകള്‍ കൂടുതലായിഅനുഭവപ്പെട്ടു. മലയാളത്തിന് ഇന്നും വെടിപ്പായി ടൈപ്പ് ചെയ്യാന്‍ ഉതകുന്ന
ഒരു കീബോര്‍ഡ് രൂപപ്പെടുത്താനായിട്ടില്ലെങ്കില്‍ അതിന്റെ മുഖ്യകാരണം ലിപിസമ്പ്രാദയത്തിലെ ഈ സങ്കീര്‍ണത തന്നെയാണ് എന്നാണ് ലിപിപരിഷ്‌കരണം ആവശ്യമാക്കിയ സഹചര്യത്തെപ്പറ്റി ലഘുലേഖ വിശദീകരിച്ചത്. ‘മാതൃഭൂമി’യില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും പിന്നീട് പത്രാധിപരാവുകയും ചെയ്ത എന്‍.വി. കൃഷ്ണവാരിയര്‍
ആ സമയത്ത് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരന്നു. ലിപി പരിഷ്‌കരണത്തിന് ഏറ്റവും വലിയ സംഭാവനനല്‍കിയത് അദ്ദേഹമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് 1956-ല്‍ചില പുതിയ ലിപികളും ചിഹ്നങ്ങളും രൂപപ്പെടുത്തി അച്ചടിക്കുള്ള ടൈപ്പ്
ഫെയ്‌സുകളുടെ എണ്ണം കുറയ്ക്കാനും ലിപി പരിഷ്‌കരണം കൊണ്ടുവരാനും ഒരു ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത പണ്ഡിതരും എഴുത്തുകാരുമെല്ലാം ആ പുതുലിപികളെ സ്വാഗതം ചെയ്‌തെങ്കിലും എന്തുകൊണ്ടോ മാതൃഭൂമി മുന്നോട്ടുപോയില്ല. പിന്നീട് 1971-ലെ ലിപി
പരിഷ്‌കരണത്തില്‍ സ്വീകരിക്കപ്പെട്ടത് 1956-ല്‍ മാതൃഭൂമി നിര്‍ദ്ദേശിച്ച ചിഹ്നങ്ങളാണ്. അന്ന് ആഴ്ചപ്പതിപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്‍.വി. കൃഷ്ണവാരിയരുടെ സൃഷ്ടികളായിരുന്നു ആ പുതിയ ലിപികള്‍.
പുതിയ ലിപിയില്‍ പൊതുവെ ലിഗേച്ചറുകളുടെ എണ്ണം കുറവാണ്. എന്നാല്‍ എല്ലാ കൂട്ടക്ഷരങ്ങളും പിരിച്ചെഴുതാറുമില്ല. അതില്‍ത്തന്നെ പത്രങ്ങള്‍, പ്രസാധനശാലകള്‍ എന്നിവയ്ക്കനുസരിച്ച് ഏതൊക്കെ കൂട്ടക്ഷരങ്ങളാണ് പിരിച്ചെഴുതുക എന്നതില്‍
വ്യത്യസ്താഭിപ്രായമാണു നിലനില്ക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത സ്‌റ്റൈല്‍ബുക്കുകളാണുള്ളത്. ഒരു പൊതുരീതി എല്ലാവരും പിന്തുടരേണ്ടതില്ലേ?
പിരിച്ചെഴുതുന്ന അക്ഷരങ്ങളുടെയും നിലനിര്‍ത്തുന്ന കൂട്ടക്ഷരങ്ങളുടെയും
കാര്യത്തില്‍ 1971-ലെ ലിപിപരിഷ്കരണം വ്യക്തമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകള്‍ വ്യഞ്ജനങ്ങളില്‍നിന്നു വിടുവിക്കുക,പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങള്‍,
ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നീ സുപ്രധാന പരിഷ്‌കാരങ്ങളിലൂടെ നിലവിലുണ്ടായിരുന്ന അഞ്ഞൂറിലധികം ലിപികളുടെ എണ്ണം കുറയ്ക്കാന്‍ ലിപിപരിഷ്‌കരണത്തിനുകഴിഞ്ഞു.
ഉ, ഊ, ഋ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേരുമ്പോള്‍ പ്രത്യേക ലിപികള്‍ രൂപമെടുക്കുന്ന പഴയ സമ്പ്രദായത്തിനുപകരം അവയ്ക്കു പ്രത്യേക ചിഹ്നങ്ങള്‍ (യഥാക്രമം ു, ൂ, ൃ) മുമ്പില്‍ രേഫം (ര്‍) ചേരുന്ന കൂട്ടക്ഷരങ്ങള്‍ക്ക് എല്ലായിടത്തും’ര്‍’ എന്ന ചില്ല് മുമ്പിലായി എഴുതുക (ഉദാ: ചര്‍ച്ച, നേര്‍ത്ത), ക്ക, ങ്ക, ങ്ങ,ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന,പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നിവയൊഴിച്ചുള്ളകൂട്ടക്ഷരങ്ങളെല്ലാം ഇടയ്ക്ക് ചന്ദ്രക്കലയിട്ട് വേര്‍തിരിച്ചെഴുതുക, ര്‍ അഥവാറ് എന്ന വ്യഞ്ജനം ചേരുന്ന കൂട്ടക്ഷരങ്ങള്‍ ”്ര എന്ന ചിഹ്നം നല്‍കി എഴുതുക (ഉദാ: ശ്രമം, ക്രമം), ‘ല്’ അഥവാ ‘ള്’ ചേരുന്ന കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കലയിട്ടു വേര്‍തിരിച്ചോ പഴയതുപോലെ പ്രത്യേക ലിപിയായോ എഴുതുക (ഉദാ: ക്‌ള/ക്ല, പ്‌ള/പ്ല) എന്നിവയായിരുന്നു 1971 ഏപ്രില്‍ 15-നു നിലവില്‍ വന്ന ലിപിപരിഷ്‌കരണങ്ങള്‍. സ്വരവ്യഞ്ജനങ്ങളും ചില്ലുകളും കൂട്ടക്ഷരങ്ങളും ചേര്‍ത്ത് മലയാളത്തില്‍ ആകെ 90 ലിപികള്‍ എന്നു സ്ഥിരീകരിക്കാന്‍ ലിപിപരിഷ്‌കരണത്തിനുസാധിച്ചു.
കൈയെഴുത്തില്‍ ആളുകള്‍ പഴയതും പുതിയതും കൂട്ടിക്കലര്‍ത്തിയാണ് പൊതുവേ എഴുതാറുള്ളത്. അതുമൂലം പില്ക്കാലത്ത് വേണ്ടത്രധാരണയോ ശ്രദ്ധയോ ഇല്ലാത്ത ഉദാസീനരായ ആളുകള്‍ ഇല്ലാത്തലിപികള്‍ പോലും എഴുതാന്‍ തുടങ്ങി. ‘ര’യുടെ ചുവട്ടില്‍ അനുസ്വാര ചിഹ്നമിട്ട് പലരും ‘രു’ രൂപപ്പെടുത്തുന്നത് ഇപ്പോള്‍ കൈയെഴുത്തില്‍ ധാരാളമായി കാണാം. കമ്പ്യൂട്ടര്‍ ടൈപ്പ്
സെറ്റിങ്ങ് വന്നതിനുശേഷം അച്ചടിയിലും പുതിയ ലിപിയും പഴയലിപിയും കൂടിക്കലരാന്‍ തുടങ്ങി.
സ്‌റ്റൈല്‍ബുക്ക് എന്ന ശൈലീപുസ്തകത്തിന്റെ നിര്‍മ്മാണം, സ്വീകരണം എന്നിവയും ലിപി വ്യവസ്ഥപരിഷ്‌കരിക്കലും ഇന്ന് സങ്കീര്‍ണവിഷയമാണ്. ഓരോരുത്തര്‍ക്കും അവരവര്‍ പിടിക്കുന്ന മുയലുകള്‍ക്ക് മൂന്നിലേറെ കൊമ്പുകളുണ്ടിപ്പോള്‍. മാതൃഭാഷാ സ്‌നേഹത്തിന്റെ കുറവുംഭാഷാശാസ്ത്രവും വ്യാകരണവുംഅറിയാത്തവരുടെ അഭിപ്രായങ്ങളുംതര്‍ക്കങ്ങളും സ്വയം നിര്‍മ്മിത സിദ്ധാന്തങ്ങളും മറുവശത്തുമുണ്ട്. ഭാഷാപണ്ഡിതരാകട്ടെ (അവരുടെ എണ്ണവും
ശോഷിച്ചിരിക്കുന്നു) സമവായത്തെക്കാള്‍ സ്വപക്ഷം മാത്രമാണു ശരിയെന്നു സ്ഥാപിക്കാനാണ് മിക്കപ്പോഴും ശ്രമിക്കുക. ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ 1971-ലെ ലിപി പരിഷ്‌കരണത്തെപ്പറ്റി പുനരാലോചിക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രശസ്തരും ഭാഷാധ്യാപകരുമൊക്കെയുണ്ട്. പക്ഷേ, എത്രപേര്‍ക്ക് ഈ വിഷയത്തില്‍ ഗഹനമായഅറിവും പാണ്ഡിത്യവും കാഴ്ചപ്പാടുകളുമുണ്ടെന്ന് എനിക്ക് സംശയമുണ്ട്.
തുടരും
Comments are closed.