DCBOOKS
Malayalam News Literature Website

ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്

അഭിമുഖം-ഭാഗം 2
(പി.കെ. രാജശേഖരന്‍/എ.വി. ശ്രീകുമാര്‍)

മലയാളികള്‍ അല്ലാത്തവര്‍ക്കും മലയാളം എഴുതാന്‍ പുതിയ ലിപി സഹായിക്കുന്നുണ്ടോ?

മലയാളികളല്ലാത്തവര്‍ക്ക് ലിപി പഴയതായാലും പുതിയതായാലും ഒന്നുതന്നെയല്ലേ. എല്ലാം പുതിയത്. പുതിയ ലിപികൊണ്ട് അങ്ങനെ പ്രത്യേക സഹായമൊന്നും നവാഗതര്‍ക്കു കിട്ടുമെന്നു തോന്നുന്നില്ല.

ലിപി പരിഷ്‌കരണത്തില്‍ ഡി സി കിഴക്കെമുറിയുടെ സംഭാവനകളെ എങ്ങനെ നോക്കിക്കാണുന്നു?

പുതിയ ലിപി കൊണ്ടുവന്ന 1971-ലെ ലിപി പരിഷ്‌കരണത്തിനു വേണ്ടി കേരളസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയിലെ അംഗങ്ങളിലൊരാളായിരുന്നു ഡി സി കിഴക്കെമുറി. അന്ന് കേരളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധന സ്ഥാപനമായിരുന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും അതിന്റെ വില്പനവിഭാഗമായ നാഷണല്‍ ബുക്സിന്റെയും അമരക്കാരനായിരുന്നു അപ്പോഴദ്ദേഹം. സ്വാഭാവികമായും അച്ചടിയുടെ സൗകര്യത്തിനുവേണ്ടിയുള്ള ആ ലിപി പരിഷ്‌കരണത്തില്‍ അദ്ദേഹത്തിനു നിര്‍ണായകമായ പങ്കുണ്ടായിരുന്നു. മലയാള പ്രസാധനത്തെയും അച്ചടിയെയും പറ്റി ധാരാളം എഴുതിയിട്ടുള്ള ഡി സി ആ കമ്മിറ്റിയെപ്പറ്റി വലുതായൊന്നും എഴുതിക്കണ്ടിട്ടില്ല. ‘കാലത്തിന്റെ നാള്‍ വഴി’ എന്ന പേരില്‍ മൂന്നു വാല്യമായിപ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ ഒന്നാം വാല്യത്തില്‍ ഒരു പരാമര്‍ശം മാത്രമാണ് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളത്.

പുതിയ ലിപിയുടെ പോരായ്മകളായി തോന്നിയിട്ടുള്ളത് എന്തൊക്കെയാണ്?

പഴയ ലിപിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുകയും ഇപ്പോഴും അത് എഴുതുകയും ചെയ്യുന്ന എനിക്ക് പുതിയ ലിപി ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല. പുതിയ ലിപിയില്‍ എത്രയോ കാലമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും പത്രമാസികകളും കടകളുടെ ബോര്‍ഡുകളും നോട്ടീസുകളും വഴിപ്പലകകളും വായിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ മലയാളികള്‍. ഇന്ന് നാല്പതില്‍താഴെ പ്രായമുള്ളവരില്‍ പലര്‍ക്കും പഴയ ലിപിയില്‍ അച്ചടിച്ച പുസ്തകം അനായാസം വായിക്കാനാവില്ല. പക്ഷേ, ശീലവും ഊഹവുംകൊണ്ടു വായിച്ച് അര്‍ത്ഥം മനസ്സിലാക്കിപ്പോകുമെന്നുമാത്രം.

മലയാളഭാഷയില്‍ ചന്ദ്രക്കല ആദ്യമായി ഉള്‍പ്പെടുത്തിയത് ആര് എന്നത് സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നുണ്ടല്ലോ? എന്താണ് വാസ്തവം?

ഇത് മലയാളമനോരമയുടെ അവകാശവാദമാണ്. അല്ലെങ്കില്‍ അവര്‍ പറയുന്ന ചരിത്രം. ഭാഷയുടെയും ലിപിയുടെയും ചരിത്രമല്ല അത്. അച്ചടി എളുപ്പമാകുന്നതിനുവേണ്ടി ലിപികള്‍ പരിഷ്‌കരിക്കാനും അച്ചുകളുടെ എണ്ണം കുറയ്ക്കാനും അവയുടെ വണ്ണത്തിലുള്ള അസമത പരിഹരിക്കാനുമുള്ള ശ്രമം 19-ാം നൂറ്റാണ്ടിന്റെ അവസാനംതന്നെ നടത്തിയ മഹാപുരുഷനാണ് മലയാള മനോരമയുടെ സ്ഥാപകനായ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള. അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കാനായി ഇരട്ടിച്ച അക്ഷരങ്ങള്‍ക്കു പുതിയ ലിപികള്‍ സൃഷ്ടിക്കാതെ തമിഴ്ഭാഷയിലെ സമ്പ്രദായത്തില്‍ മുകളില്‍ കുത്തിട്ട് കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതണമെന്ന ലിപിപരിഷ്‌ക്കാരത്തിന് കണ്ടത്തില്‍ വറുഗീസ് മാപ്പിള ശ്രമിച്ചിരുന്നു. കൂട്ടക്ഷരത്തിലെ ആദ്യത്തെ കേവല വ്യഞ്ജനം കാണിക്കുന്നതിനുവേണ്ടിയാണ് കുത്തിടു
ന്നത് അദ്ദേഹം നിര്‍ദ്ദേശിച്ചത്. തന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മലയാള മനോരമയുടെ ആദ്യ പത്രത്തില്‍ ത്തന്നെ അപൂര്‍വ്വമായി വേണ്ടിവരുന്ന കൂട്ടക്ഷരങ്ങള്‍ക്കു മാത്രം ഈ
പ്രയോഗം തുടങ്ങിയെന്ന് വറുഗീസ് മാപ്പിള രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ധാക്ഷരങ്ങള്‍ക്കു തമിഴില്‍ ഉപയോഗിക്കുന്നതിനനുസരിച്ച് സ്വീകരിച്ചാല്‍ കൊള്ളാമെന്നുള്ളത് അക്ഷരങ്ങളുടെ മീതെ വൃത്താകാരമായ ഒരു കുത്താണെന്നും അരയു
കാരത്തെ സൂചിപ്പിക്കാനായി പലരും പ്രയോഗിച്ചു തുടങ്ങിയിട്ടുള്ള ചന്ദ്രക്കലയല്ല ഇതിനുവേണ്ടതെന്നും ഓര്‍മ്മപ്പെടുത്തിക്കൊളളുന്നുവെന്ന് അദ്ദേഹം അതു വിശദീകരിച്ചിട്ടുണ്ട്. ജി. പ്രിയദര്‍ശന്‍ എഡിറ്റ് ചെയ്ത ‘കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ (മനോരമ ബുക്സ്, 2018) എന്ന പുസ്തകത്തില്‍ ഇതു വായിക്കാം. മലയാളം അച്ചടിയില്‍ ചന്ദ്രക്കലയുടെ ഉപയോഗം നടപ്പാക്കിയത് കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് എന്നൊരു ധാരണ മുമ്പുണ്ടായിരുന്നു. ഒട്ടേറെ പുസ്തകങ്ങളിലും ലേഖനങ്ങളിലും അത് ആവര്‍ത്തിച്ചിട്ടുണ്ട്. സംവൃതോകാരത്തിന്റെ ചിഹ്നമായും പിന്നീട് കൂട്ടക്ഷരങ്ങള്‍ പിരിച്ച് അച്ചടിക്കാനുള്ള ചിഹ്നമായും ചന്ദ്രക്കല വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നതായി സമീപകാലഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സംവൃതോകാരത്തിന്റെ ചിഹ്നമായി മലയാളം അച്ചടിയില്‍ 1840-കളില്‍ ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചത് കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതിനും പിന്നീട് ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങി. കൂട്ടക്ഷരങ്ങള്‍ പിരിക്കാന്‍ ചന്ദ്രക്കലയ്ക്കുമുമ്പു മറ്റൊരു ചിഹ്നം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മലയാളം അച്ചടിയില്‍ പ്രചാരത്തിലിരുന്നു. വ്യഞ്ജനത്തിനു മുകളില്‍ (ഇന്നത്തെ ചന്ദ്രക്കലയിടുന്ന സ്ഥാനത്ത്) ഒരു ചെറിയ വൃത്തമിടുന്ന രീതിയാണിത്. ഈ ചിഹ്നത്തെ നമുക്കു കുഞ്ഞുവട്ടം എന്നു വിളിക്കാം. ‘മലയാള മനോരമ’യുടെ ആരംഭത്തില്‍ത്തന്നെ താന്‍ നടപ്പാക്കിയെന്ന് (കുത്ത് പരിഷ്‌കാരം) കണ്ടത്തില്‍ വറുഗീസ് മാപ്പിള സൂചിപ്പിക്കുന്നതും ഈ ചിഹ്നത്തെയാണ്. 1867-ല്‍ത്തന്നെ നാദാപുരത്തെ ജനരഞ്ജിനി അച്ചുകൂടം പ്രസിദ്ധീകരിച്ച ‘ഖാണ്ഡവദാഹം’ എന്ന മലയാളലിപിയില്‍ അച്ചടിച്ച സംസ്‌കൃതപുസ്തകത്തില്‍ കൂട്ടക്ഷരം പിരിക്കാന്‍ ‘കുഞ്ഞുവട്ടം’ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൂട്ടക്ഷരങ്ങള്‍ പിരിച്ച് അച്ചടിക്കാന്‍ കുഞ്ഞുവട്ടത്തിനുപകരം ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങി. ഈ ചരിത്രമൊന്നും അറിയാത്തവരും കണ്ടത്തില്‍ വറുഗീസ് മാപ്പിളയെത്തന്നെ വായിക്കാത്തവരും മനോരമയുടെ ചന്ദ്രക്കല കണ്ടുപിടിത്തം (ഭാഷാ പോഷിണിയില്‍ കുറേവര്‍ഷം മുമ്പ് ഇതേപ്പറ്റി ഒരു കവര്‍സ്റ്റോറിതന്നെ വന്നു) ആവര്‍ത്തിച്ചു ചരിത്രമാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ കേട്ടുകേള്‍വിയും ഊഹവും തന്‍പിടിയും വച്ചുള്ള പരിശോധിച്ചുറപ്പിക്കാത്ത പലചരിത്രങ്ങളും മനോരമ സൃഷ്ടിച്ചിട്ടുണ്ട്.

രാമായണം, മഹാഭാഗവതം പോലെയുള്ള പുരാണ ഇതിഹാസകൃതികള്‍ പോലും പുതിയ ലിപിയിലേക്ക് ചുവടുമാറ്റി. ഈ മാറ്റം രണ്ട് വ്യത്യസ്ത തലമുറകളെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാകും?

ലിപിയല്ലേ മാറിയുള്ളൂ ഞാറ്റുവേല പോയിട്ടില്ലല്ലോ എന്നു പറയാന്‍ തോന്നുന്നു. ഏതു ലിപിയിലായാലും ക്ലാസിക്കുകള്‍ അങ്ങനെതന്നെനില്ക്കുന്നു. അവയുടെ അര്‍ത്ഥാന്തരങ്ങളില്‍ ലിപിയല്ല ചരിത്രസാമൂഹികസന്ദര്‍ഭങ്ങളാണ് പങ്കുവഹിക്കുന്നത്.

ആദ്യഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.