DCBOOKS
Malayalam News Literature Website

മുംബൈ നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം; അഞ്ച് മരണം

മുംബൈ: ജനസാന്ദ്രതയേറിയ മുംബൈയിലെ ചെമ്പൂരില്‍ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുമരണം. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പൂരിലെ തിലക് നഗറിലുള്ള 15 നില ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇന്നലെ രാത്രിയില്‍ തീപിടിച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. സുനിത ജോഷി, സരള സുരേഷ്, സുമന്‍ ശ്രീനിവാസ്, ലക്ഷ്മി ബെന്‍ പ്രേംജി, ബാലചന്ദ്രജോഷി എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന ഉദ്യോഗസ്ഥനും സമീപവാസിയായ ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 7.45ഓടെയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു മുകളിലെ നിലകളിലേക്കും വ്യാപിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ഉടന്‍ പുറത്തെടുക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ച് അഗ്നിശമന യൂണിറ്റുകള്‍ നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

നാലു ദിവസത്തിനുള്ളില്‍ ഇതു നാലാം തവണയാണ് മുംബൈയില്‍ തീപിടുത്തമുണ്ടാകുന്നത്. ഈ മാസം 17ന് മുംബൈ അന്ധേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 10 പേര്‍ മരിച്ചിരുന്നു.

Comments are closed.