വി.ജെ.ജയിംസിന്റെ നോവല്‍ ‘ലെയ്ക്ക’ നാലാം പതിപ്പില്‍
ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് വി.ജെ.ജയിംസ് എഴുതിയ മലയാളത്തിലെ ആദ്യ ശാസ്ത്രനോവലാണ് ലെയ്ക്ക. ശൂന്യാകാശം- പേര് സൂചിപ്പിക്കുന്നതു പോലെ ശൂന്യമല്ല, എല്ലാത്തിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് ഈ നോവല്‍. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ബഹിരാകാശമേല്‍കോയ്മക്കു വേണ്ടിയുള്ള ശീതസമരത്തിന്റെ ഭാഗമായുള്ള മത്സരമാണ് കഥയ്ക്കാസ്പദം.
ഒരു എയര്‍പോര്‍ട്ടില്‍വച്ച് എഴുത്തുകാരനും കുടുംബവും ഡെനിസോവിച്ച് എന്ന റഷ്യാക്കാരനേയും ഭാര്യയേയും പരിചയപ്പെടാന്‍ ഇടവന്നു. എഴുത്തുകാരനോടൊപ്പം ഭാര്യയും മൂന്നര വയസ്സുള്ള മകളുമുണ്ടായിരുന്നു .ഡെനിസോവിച്ചും ഭാര്യ നടാഷയും ഏതോ അദൃശ്യശക്തിയാല്‍ മകളുമായി വളരെ അടുക്കുന്നു. ഡെനിസോവിച്ച് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനമുള്ള ആളായിരുന്നു. രണ്ടുകൂട്ടരും അവരുടെ നാട്ടിലേക്ക് തിരിക്കുന്നു.
പിന്നീട് ലഭിച്ച, ഡെനിസോവിച്ചിന്റെ ഭാര്യ നടാഷ അയച്ച റഷ്യന്‍ തപാലിന്റെ വിവര്‍ത്തനമാണ് ഈ നോവലിന്റെ ഉള്ളടക്കം. ഒരു ഫ്ളാഷ് ബാക്കായി ഡെനിസോവിച്ചിന്റെ ബഹിരാകാശ ഗവേഷണജീവിതവും മകളുമായുള്ള ഹൃദ്യബന്ധവും ലെയ്ക്ക എന്ന നായയുടെ ബഹിരാകാശത്തില്‍ പോകാനുള്ള പരിശീലനവും ,പരീക്ഷണങ്ങളും മകളോടും ലെയ്ക്കയോടുമുള്ള സ്‌നേഹവും അടുപ്പവും എല്ലാം നാടകീയമായി കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു സസ്‌പെന്‍സ് പോലെ ലെയ്ക്കയുടെ വിയോഗവും ഇതില്‍ ഡെനിസോവിച്ചിന്റെ നാല് വയസ്സുള്ള മകളുടെ (പ്രിയങ്ക) ഹൃദയംതകര്‍ന്നുള്ള മരണവും മനസ്സില്‍ തട്ടുംവിധം നോവലില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകത്തില്‍ ശാസ്ത്രകാരന്റെ ബുദ്ധിയും സ്‌നേഹവും വിദ്വേഷവും കുറ്റബോധവും ആത്മീയതയും മാനുഷികതയോടുള്ള കടപ്പാടും എല്ലാം അതിനിപുണതയോടെ അവതരിപ്പിച്ച് വായനക്കാരനെ പ്രത്യേക മാനസികാവസ്ഥയിലേക്കെത്തിക്കുന്നു.
“വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍ മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എത്ര ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥം പോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു.” ഡോ.എസ്.എസ്. ശ്രീകുമാര്‍ കുറിക്കുന്നു.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വി.ജെ.ജയിംസിന്റെ ലെയ്ക്കയുടെ നാലാം പതിപ്പ് ഇപ്പോള്‍ നായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.