DCBOOKS
Malayalam News Literature Website

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

പനാജി: 49-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ ചലച്ചിത്ര ആസ്വാദകര്‍ക്കുമുന്നില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത ദി ആസ്‌പേണ്‍ പേപ്പേഴ്‌സ് ആണ് ഉദ്ഘാടന ചിത്രം. വൈകിട്ട് നാലരയ്ക്ക് ശ്യാമപ്രസാജ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ, കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന്‍ മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

മേളയില്‍ ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്. അക്ഷയ്കുമാര്‍, കരണ്‍ ജോഹര്‍, ജൂലിയന്‍ ലന്‍ഡായിസ്, ഹൃഷിത ഭട്ട്, മധൂര്‍ ഭണ്ഡാര്‍ക്കര്‍, സുഭാഷ് ഖായി, അര്‍ജിത് സിങ്, രമേഷ് സിപ്പി, ചിന്‍ പാന്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്‍കൈയോടെ നിര്‍മ്മിച്ച ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

ഇന്ത്യന്‍ ചലച്ചിത്രലോകത്ത് നിന്നും വിടപറഞ്ഞ ചലച്ചിത്രപ്രതിഭകളെ മേളയില്‍ ആദരിക്കും. ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂര്‍, കരുണാനിധി, കല്‍പന ലാജ്മി എന്നിവരെയാണ് അനുസ്മരിക്കുന്നത്. ഇവരുടെ തെരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 91-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും മേളയില്‍ കാണികള്‍ക്കു മുന്നിലെത്തുന്നുണ്ട്.

മേളയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുണ്ട്. അതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും മേളയിലെത്തുക. തമിഴില്‍ നിന്നുള്ള ടൂ ലെറ്റാണ് മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ ചിത്രം.

ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത് ഓള് ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നു. തമിഴില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിന്‍ജാര്‍ എന്ന ചിത്രവും ഇന്ത്യന്‍ പനോരമയിലുണ്ട്. ജസിരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം നേടിയിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാരാജ് ഒരുക്കിയ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നവംബര്‍ 28 ന് മേള സമാപിക്കും. ജര്‍മ്മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സാണ് സമാപന ചിത്രം.

Comments are closed.