DCBOOKS
Malayalam News Literature Website

മലയാളി വായിച്ചുകൊണ്ടിരുന്ന 44 വര്‍ഷങ്ങള്‍

മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി.സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 44 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി.സി ബുക്‌സ് എന്ന പേരില്‍ ഒരു പുസ്തക പ്രസാധനശാല ആരംഭിക്കുന്നത്. കോട്ടയം ബസേലിയസ് കോളജിനടുത്തുള്ള എം.ഡി കൊമേഷ്യല്‍ സെന്ററിന്റെ രണ്ടാം നിലയിലെ ഒരു കെട്ടിടത്തില്‍ അഡ്വ. എന്‍. കൃഷ്ണയ്യരാണ് ഭദ്രദീപം കൊളുത്തി ഡി.സി ബുക്‌സ് ഉദ്ഘാടനം ചെയ്തത്. 1975 ഏപ്രില്‍ 30-ന് ഡി സി ബുക്‌സിന്റെ ആദ്യ പുസ്തകം ടി. രാമലിംഗം പിള്ളയുടെ മലയാള ശൈലി നിഘണ്ടു പുറത്തുവന്നു. തുടര്‍ന്ന് 1975 ഓഗസ്റ്റില്‍ ആശാന്റെ പദ്യകൃതികള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, ജി.ശങ്കരക്കുറുപ്പ്, ഒ.വി.വിജയന്‍, മാധവിക്കുട്ടി, എസ്.കെ.പൊറ്റെക്കാട്ട്, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, എം.ടി വാസുദേവന്‍ നായര്‍, ആനന്ദ്, സച്ചിദാനന്ദന്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ ഡി സി ബുക്‌സിലൂടെ ഇപ്പോഴും മലയാളികള്‍ വായിക്കുന്നു. ഭാവുകത്വപരിണാമങ്ങളെ ഉള്‍ക്കൊണ്ട് എഴുത്തിന്റെ പുത്തന്‍ മാതൃകകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഡിസി ബുക്‌സ് എപ്പോഴും ശ്രദ്ധ കാണിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ മഹാരഥന്‍മാരുടെ ഒട്ടുമിക്ക കൃതികളും ഡി. സി ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മാര്‍ക്കേസ്, ഹെമിംങ്‌വേ, ഹെര്‍മന്‍ ഹെസെ, ഓര്‍ഹന്‍ പാമുഖ് തുടങ്ങി നിരവധി എഴുത്തുകാരുടെ കൃതികളെ മലയാളിക്ക് പരിചയപ്പെടുത്തിയത് ഡി സി ബുക്‌സാണ്. എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പൂര്‍ണ്ണപിന്തുണ നല്‍കി ഡി.സിബുക്‌സ് പ്രസിദ്ധീകരിച്ച നിരവധി കൃതികള്‍ സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഡി സി ബുക്‌സ്, സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐറാങ്ക്, മാമ്പഴം എന്നിങ്ങനെ ആറ് ഇംപ്രിന്റുകളിലായാണ് ഡി സി ബുക്‌സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഡി സി ബുക്‌സ് എന്ന ഇംപ്രിന്റില്‍ ഡി സി ക്ലാസിക്‌സ്, സമ്പൂര്‍ണ കൃതികള്‍, വിവര്‍ത്തന കൃതികള്‍, തത്ത്വചിന്ത, നാടകം, തിരക്കഥ, കല, സിനിമ, സംഗീതം, പരിസ്ഥിതി, പഠനം, യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, ഓര്‍മ്മ, കഥ, കവിത, നോവല്‍, സാഹിത്യനിരൂപണം, ഡിക്ഷ്ണറി, നാടോടിവിജ്ഞാനം, ചരിത്രം, എന്‍സൈക്ലോപീഡിയ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

പോപ്പുലര്‍ പുസ്തകങ്ങള്‍ക്കുള്ള ഇംപ്രിന്റാണ് ലിറ്റ്മസ്. ജനപ്രിയ നോവലുകള്‍, തിരക്കഥകള്‍, സെലിബ്രിറ്റികളുടെ ഓര്‍മ്മകള്‍, ഡിക്ടറ്റീവ് മാന്ത്രിക നോവലുകള്‍, കാര്‍ട്ടൂണ്‍ഫലിത പുസ്തകങ്ങള്‍ എന്നിവയാണ് ഇതിലെ വിഭാഗങ്ങള്‍. മതം, ഭക്തി, പുരാണം, ജ്യോതിഷം, വാസ്തു, ഹസ്തരേഖാശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് സാധന എന്ന ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്നത്.

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളാണ് ഡി സി ലൈഫ് എന്ന ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്. സെല്‍ഫ് ഹെല്‍പ്/സെല്‍ഫ് മാനേജ്‌മെന്റ്, ഓഹരി, വാഹനം, പാചകം, കുടുംബശാസ്ത്രം, മൃഗസംരക്ഷണം, സൗന്ദര്യസംരക്ഷണം, കൃഷി, മനഃശാസ്ത്രം, ലൈംഗിക ശാസ്ത്രങ്ങള്‍, ശിശുസംരക്ഷണം, യോഗ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്.

മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകങ്ങളും കോളജ്-സ്‌കൂള്‍ റഫറന്‍സുകളും ഐറാങ്ക് എന്ന ഇംപ്രിന്റ് വഴി പ്രസിദ്ധീകരിക്കുന്നു. കുട്ടികള്‍ക്കുള്ള കഥകള്‍, കവിത, നാടകം, നോവല്‍, ആക്ടിവിറ്റി ബുക്‌സ്, പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ എന്നിവ മാമ്പഴം ഇംപ്രിന്റിലൂടെയും പ്രസിദ്ധീകരിക്കുന്നു.

ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രസാധകരാണ് ഡി.സി ബുക്‌സ്. അച്ചടിമികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ ഡി.സി ബുക്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

Comments are closed.