DCBOOKS
Malayalam News Literature Website

ജമ്മു കശ്മീരില്‍ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; മരിച്ചവരില്‍ മലയാളിയും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പെടെ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. ആക്രണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. 2001-ല്‍ സി.ആര്‍.പി.എഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗാര്‍ഡ് എന്നീ സംഘങ്ങള്‍ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും.

2,547 ജവാന്മാരുമായിപ്പോയ സൈനികവാഹനവ്യൂഹത്തിനു നേരെ വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. 78 വാഹനങ്ങളുള്‍പ്പെടുന്ന വ്യൂഹത്തിനു നേകെ ജയ്‌ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച എസ്.യു.വി ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. സി.ആര്‍.പി.എഫ് 54-ാം ബറ്റാലിയനില്‍പ്പെട്ട 42 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. സ്‌ഫോടനശേഷം വാഹനവ്യൂഹങ്ങള്‍ക്കു നേരെ വെടിവെയ്പ്പുണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരുപത് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016-ല്‍ ഉറിയില്‍ സൈനികക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെ വധിച്ച ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ബിഹാര്‍ സന്ദര്‍ശനം റദ്ദാക്കി വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നും തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗം ചേരും.

Comments are closed.