കേരളം 600 കൊല്ലം മുമ്പ് എങ്ങനെയായിരുന്നു ?
ലോകത്തിന്റെ പല കോണുകളില്‍ നിന്നും പല സഞ്ചാരികളും കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരെല്ലാം തന്നെ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും അല്ലാതെയും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. കേരളത്തില്‍ എത്താതെ തന്നെ കേരളത്തെപ്പറ്റി എഴുതിയവരും കുറവല്ല. എന്നാല്‍ സുദീര്‍ഘമായ പൗരസ്ത്യപര്യടനത്തിനിടയില്‍ നാലു വര്‍ഷത്തോളം (പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍)കേരളത്തിലും പരിസരങ്ങളിലും കഴിച്ചുകൂട്ടുകയും കാണാന്‍ കഴിഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്ത ലോകപ്രശസ്ത സഞ്ചാരിയാണ് ഇബ്‌നുബത്തൂത്ത. അദ്ദേഹം നടത്തിയ വിശ്വസഞ്ചാരത്തിന്റെ വിവരണങ്ങള്‍ രേഖപ്പെടുത്തിയ കൃതിയാണ് രിഹ്‌ലത്ത്. ഈ കൃതിയെ വിശ്വസഞ്ചാരസാഹിത്യത്തിന്റെ കനകത്താക്കോലെന്നാണ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്.
വിവിധ കാലഘട്ടങ്ങളില്‍ കേരളം സന്ദര്‍ശിച്ചിട്ടുള്ള വിദേശ സഞ്ചാരികളുടെ വിവരണങ്ങള്‍ മാത്രമാണ് നമുടെ ചരിത്ര പഠനത്തിന് അവലംബമായിട്ടുള്ളത്. അതില്‍ പ്രധാനിയായ ഒരാളാണ് ഇബ്‌നുബത്തൂത്ത. കേരള ചരിത്രം രേഖപ്പെടുത്താതിരുന്ന ഒരുകാലഘട്ടത്തേക്ക് എത്തിച്ചേരാന്‍ ചരിത്ര പഠനത്തിന്റെ ഭാഗമായവര്‍ക്ക് ആശ്രയിക്കാന്‍ കൊള്ളാവുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തിന്റേതുമാത്രമാണ്.
ഇബ്‌നുബത്തൂത്തയുടെ രിഹ്‌ലത്ത് എന്ന കൃതിയുടെ മലയാള പരിഭാഷയാണ് കേരളം 600 കൊല്ലം മുമ്പ്. രിഹ്‌ലത്ത് എന്ന ബൃഹത്തായ സഞ്ചാരവൃത്താന്തത്തില്‍ നിന്ന് കേരളം, മാലിദ്വീപുകള്‍, ശ്രീലങ്ക, മഅ്ബര്‍ (കോറാമണ്ഡല്‍) തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള ഭാഗം മാത്രമാണ് കേരളം 600 കൊല്ലം മുമ്പ് എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറ് കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ചുള്ള അറിവ് പകരുന്നു.
ഇബ്‌നുബത്തൂത്ത, സന്താപ്പൂര്‍, ഹിന്നൗര്‍, തുടങ്ങി എട്ട് ഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഒരു നോവലിനെപ്പോലെ വായിക്കാവുന്ന ഈ പുസ്തകത്തിലൂടെ ലോകം കണ്ട മഹാനായ സഞ്ചാരിയെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും എപ്രകാരമായിരുന്നുവെന്നും ചരിത്രാന്വേഷികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. കുടാതെ പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍, സ്ത്രീകളോടും കുട്ടികളോടും കാട്ടിയ അനീതികള്‍, നാട്ടു രാജാക്കന്മാരുടെയും വിദേശികളുടേയും ആധിപത്യം, പ്രാചീന സ്ഥലനാമങ്ങള്‍ അങ്ങനെ കേരളചരിത്രത്തിന്റെ ഭാഗമായ എല്ലാ വശങ്ങളിലേക്കും ഈ കൃതി കടന്നുചെല്ലുന്നുണ്ട്.
കേരളം സന്ദര്‍ശിച്ചിട്ടുള്ള പ്രാചീന സഞ്ചാരികളുടെയും പ്രശസ്ത ചരിത്രകാരന്മാരുടെയും കേരളത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിപുലമായ പഠനങ്ങളോടുകൂടി മലയാളത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചരിത്ര ഗവേഷകനായ വേലായുധന്‍ പണിക്കശ്ശേരിയാണ് ഇബനൂബത്തൂത്തയുടെ ഗ്രന്ഥം കേരളം 600 കൊല്ലം മുമ്പ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്. 1962 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. കേരളം 600 കൊല്ലം മുമ്പ് എന്ന ഗ്രന്ഥവും കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങി പത്തോളം ഗ്രന്ഥങ്ങള്‍ മലയാളം എം എയ്ക്കുള്ള പാഠപുസ്തകങ്ങളായി എം ജി, കേരള, കാലിക്കറ്റ് സര്‍വകലാശകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇബനൂബത്തൂത്ത കണ്ട ഇന്ത്യ, മാര്‍ക്കോപോളൊ ഇന്ത്യയില്‍ എന്നീ പുസ്തകങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് വിശിഷ്ടഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്ലോര്‍ തുടങ്ങിയ വിഭാഗങ്ങളിലായി നാല്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.