നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും
ഇംഗ്ലീഷ് സാഹിത്യകാരനായ ഫിലിപ് പുള്‍മാന്റെ പ്രശസ്തമായ നോവലാണ് ‘ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ്’. ക്രിസ്തുവിന്റെ സാങ്കല്‍പിക ജീവചരിത്രം പോലെ രചിക്കപ്പെട്ട ഈ സുവിശേഷ നോവല്‍ ദൈവശാസ്ത്രവും ചരിത്രവും മിത്തും സമന്വയിച്ചെഴുതിയതാണ്. നിഗൂഢതയും കരുണയും ഊര്‍ജ്ജവും നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണ് വായനക്കാരന് ഈ നോവല്‍ സമ്മാനിക്കുന്നത്. 2010ല്‍ പ്രസിദ്ധീകൃതമായ ‘ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ‘ഗോസ്‌പെല്‍ നോവല്‍സി’ന്റെ മേഖലയിലെ അപൂര്‍വ്വ സുന്ദരമായ പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ക്രിസ്തുവില്‍ നിന്ന് മറ്റൊരു ക്രിസ്തുവിനെ സൃഷ്ടിച്ച് അതിലൂടെ ഒരു നവവിശ്വാസലോകത്തെ അനുഭവമാക്കുവാനാണ് ഈ നോവലിലൂടെ പുള്‍മന്‍ ശ്രമിക്കുന്നത്. ഇതിലെ യേശുവും ക്രിസ്തുവും ഒരു വ്യക്തിയുടെ രണ്ട് അവസ്ഥകളാണ്. ഇതിനെ മാനസികമെന്നോ ശാരീരികമെന്നോ വേര്‍തിരിച്ചറിയാന്‍ ധൈര്യപ്പെടേണ്ടതില്ലെങ്കിലും ഒരു ഇരുണ്ട സഹോദരന്റെ സാന്നിദ്ധ്യം യേശുവിനെ പിന്തുടരുന്ന ക്രിസ്തുവിലുണ്ട്. പുതിയ കാലത്തിന്റെ വീണ്ടെടുപ്പില്‍ ഏറെ സാദ്ധ്യതകളുള്ള ഒരു കൃതിയായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.
ക്രിസ്തുവിന്റെ സാങ്കല്‍പിക ജീവചരിത്രം പറയുന്ന നോവല്‍ ഈ ഡി സി ബുക്‌സ് 2011ല്‍ നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും എന്നപേരില്‍ മലയാളത്തിലേക്ക് പരിഭഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. എല്‍ഫ്രഡ് യല്‍നക്കിന്റെ പിയാനോ ടീച്ചര്‍, വിസ്മയകാലങ്ങള്‍ വിചിത്രകാലങ്ങള്‍, ലസ്റ്റ്, ഓര്‍ഹന്‍ പാമുക്കിന്റെ മഞ്ഞ് തുടങ്ങിയവയടക്കം നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജോളി വര്‍ഗ്ഗീസാണ് നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവിന്റെയും പരിഭാഷ നിര്‍വ്വഹിച്ചത്. അന്താരാഷ്ട്ര തലത്തിലെന്നപോലെ കേരളത്തിലും ശ്രദ്ധേയമായ ഈ കൃതിയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായ ഫിലിപ് പുള്‍മന് ആദ്യനോവലായ ദി ഹണ്ടഡ് സ്‌റ്റോമിലൂടെ ന്യൂ ഇംഗ്ലീഷ് ലൈബ്രറീസ് യങ് റൈറ്റേഴ്‌സ് അവാര്‍ഡ് ലഭിച്ചു. നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന കൃതിയ്ക്ക് ബാലസാഹിത്യ രചനയില്‍ ബ്രിട്ടനിലെ സമുന്നത പുരസ്‌കാരമായ കര്‍ണഗി മെഡല്‍ ലഭിച്ചു. മുപ്പതിലേറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
Comments are closed.