ഓഷോയുടെ അമൃതവചനങ്ങളുമായി നിര്‍വ്വാണോപനിഷത്ത്
‘സമുദ്രത്തെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ അന്വേഷിക്കുകയാണെങ്കില്‍ ജലം ആഗ്രഹിച്ചാല്‍ പോലും സമുദ്രത്തെ കണ്ടെത്താന്‍ കഴിയില്ല. അതുപോലെ ഒരു തിരിനാളം സൂര്യനെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ കണ്ടെത്താം എന്ന് വിചാരിക്കുകയാണെങ്കില്‍ അതും അറിവില്ലായ്മയാണ്. ആത്മാവ് പരമാത്മാവിനെ അന്വേഷിച്ചിറങ്ങുകയും, തന്നില്‍മാത്രം വിശ്വാസമുറപ്പിച്ച് മുന്നോട്ടു പോവുകയുമാണെങ്കില്‍ അവിടെ എത്തിച്ചേരാന്‍ കഴിയുന്നതുമല്ല. തന്നില്‍മാത്രം വിശ്വസിക്കുന്നതുകൊണ്ട് അത് ധാരാളമാകുന്നില്ല. പരമാത്മാവിനെ സ്മരിക്കുക എന്നത് നിര്‍ബന്ധമാണ്. അരെക്കുറിച്ചാണോ നമുക്ക് ഒരറിവുമില്ലാത്തത്- ആ പരമാത്മാവിനെക്കുറിച്ചുള്ള ഓര്‍മ്മിക്കല്‍- അതുതന്നെയാണ് വിഷയം.’
ഓഷോ എന്നറിയപ്പെടുന്ന രജനീഷ് ചന്ദ്രമോഹന്‍ ജെയിന്റെ അമൃതവചനങ്ങളുടെ മലയാള പരിഭാഷയാണ് നിര്‍വ്വാണോപനിഷത്ത് എന്ന ഗ്രന്ഥം. ഉപനിഷത്തിന്റെ അമൃതധാരയിലൂടെ സ്വന്തം ജീവനെ ആയിരക്കണക്കിന് രൂപങ്ങളില്‍ പ്രകടമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ദിവ്യപുരുഷനായ ശ്രീബുദ്ധന്‍ പറഞ്ഞ സാരാംശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് ഓഷോ നിര്‍വ്വാണോപനിഷത്തിന് രൂപം നല്‍കിയത്. പ്രഭാഷണങ്ങളിലൂടെയും നിര്‍വ്വാണ്‍ ഉപനിഷത് എന്ന പുസ്തകത്തിലൂടെയും ഓഷോ തന്റെ ഭാഷ്യത്തിന് പ്രചാരം നല്‍കി. നിര്‍വ്വാണം എന്ന വാക്കിന്റെ അര്‍ത്ഥം വിളക്കണയുന്നു എന്നാണ്. ജീവന്റെ ജ്യോതി അണയുന്നതും ഇതുപോലെതന്നെ. പക്ഷെ എവിടേക്കാണത് പോകുന്നത്? ഈ ലോകത്തേക്ക് എവിടെനിന്നാണോ വന്നത്, അവിടേക്ക് തന്നെ അലിയുന്നു.
“പരമാത്മാവിന്റെ അടുത്ത് എത്തിച്ചേരാനുള്ള ഒരു ദാഹമുണ്ടായിരിക്കണം. ധൈര്യമില്ലായ്മയല്ല വേണ്ടത്. പൂര്‍ണ്ണമായ ആഗ്രഹം ഉണ്ടായിരിക്കണം. ഒരെടുത്തുചാട്ടമല്ല ഉണ്ടായിരിക്കേണ്ടത്. എത്ര വലിയൊരു വാസ്തവത്തെയാണോ നാം അന്വേഷിച്ചിറങ്ങിയിരിക്കുന്നത്, ആ മാര്‍ഗ്ഗത്തെ കണ്ടുപിടിയ്ക്കാനുള്ള തയ്യാറെടുപ്പുണ്ടായിരിക്കണം. ധൈര്യം എത്ര കൂടുന്നുവോ അത്ര പെട്ടെന്നു തന്നെ നാം ആഗ്രഹിക്കുന്നത് ലഭിക്കും.” ഓഷോ പറയുന്നു.
നിര്‍വ്വാണോപനിഷത്ത് എന്ന ഈ കൃതി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ശ്രീലാല്‍ എ.ജിയാണ്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍വ്വാണോപനിഷത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.