DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എല്‍.സുബ്രഹ്മണ്യത്തിന്റെ വയലിന്‍ വിസ്മയം

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ആവേശകരമായി തുടക്കം കുറിച്ചിരിക്കുകയാണ്. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേള ഇന്നലെ ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ പ്രമുഖ എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ട 470 എഴുത്തുകാരാണ് ലോകരാജ്യങ്ങളില്‍ നിന്ന് മേളയ്‌ക്കെത്തുന്നത്. ജപ്പാനാണ് ഈ വര്‍ഷം മേളയിലെ അതിഥി രാഷ്ട്രം. ജപ്പാനും പെറുവുമടക്കം നിരവധി രാജ്യങ്ങള്‍ ഷാര്‍ജ പുസ്തകമേളയില്‍ ആദ്യമായി പങ്കെടുക്കുന്നു. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, സംവാദങ്ങള്‍, കവിയരങ്ങ്, കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍, പാചകമേള, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും.

വിവിധങ്ങളായ പരിപാടികളാണ് പുസ്തകോല്‍വസത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പുസ്തകോല്‍സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രശസ്ത വയലിനിസ്റ്റ് പണ്ഡിറ്റ് എല്‍. സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നാണ് മേളയുടെ പ്രധാന ആകര്‍ഷണം. വൈകിട്ട് 8.30 മുതല്‍ 10.30 വരെയാണ് പരിപാടി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ വെച്ചാണ് സംഗീതപരിപാടി.

Comments are closed.