36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും
36മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. രാവിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യും.
ലോകത്തെ മികച്ച മൂന്നാമത്തെ പുസ്തകാേത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 14,625 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ഹാളിലാണ് പുസ്തകപ്രദര്‍ശനം നടക്കുക. 60 രാജ്യങ്ങളില്‍ നിന്നായി 1650 പ്രസാധകര്‍ 15 ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ നിന്നും നൂറിലധികം പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600ലേറെ അനുബന്ധ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മലയാളമുള്‍പ്പെടെ 80ലേറെ കൃതികളുടെ പ്രകാശനങ്ങളും മേളയിലുണ്ടാവും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജമേളയില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2017ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡിസി ബുക്‌സാണ്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്. എക്‌സ്‌പോ സെന്ററില്‍ അഞ്ച്, ഏഴ് എന്നീ നമ്പര്‍ ഹാളിലാണ് ഡി സി ബുക്‌സ് അടക്കമുള്ള മലയാളി പ്രസാധകര്‍ അണിനിരക്കുക. രാവിലെ ഒമ്പതു മുതല്‍ രാത്രി 10.30 വരെയായിരിക്കും പ്രദര്‍ശനം നടക്കുക, വാരാന്ത്യങ്ങളില്‍ രാത്രി 11 വരെയാണ് പരിപാടികള്‍. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Comments are closed.