DCBOOKS
Malayalam News Literature Website

മുപ്പത്തിമൂന്നാം പതിപ്പിന്റെ തിളക്കത്തില്‍ ‘ആരാച്ചാര്‍’

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം. ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ ബലിയാടാക്കപ്പെട്ട രാമുദായും കൊല്ലാന്‍ ഭയമുള്ള ആരാച്ചാരായ സുഖ്‌ദേവ് കാക്കുവും കുടുംബത്തിലെ ഭിന്നമുഖങ്ങളാണ്. നടന്നുകഴിഞ്ഞ തൂക്കിക്കൊല ചാനല്‍ പ്രേക്ഷകരെ കാണിക്കാനായി സ്റ്റുഡിയോയില്‍ തൂക്കുമരത്തിന്റെ സെറ്റിടുന്ന സഞ്ജീവ് കുമാര്‍ മിത്രയാകട്ടെ മറ്റൊരു ആരാച്ചാര്‍ തന്നെ.

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം അനുഭവേദ്യമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഏറ്റവും കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാര്‍ 2012 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി വിലയിരുത്തപ്പെട്ട ആരാച്ചാറിലൂടെ കെ ആര്‍ മീരയ്ക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം,വയലാര്‍ പുരസ്‌കാരം  തുടങ്ങി ചെറുതും വലിതുമായ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ആരാച്ചാർ എന്ന നോവൽ ‘ഹാങ്ങ് വുമൺ’ എന്ന പേരിൽ ജെ. ദേവിക ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പെൻഗ്വിൻ ബുക്സിന്റെ രാജ്യാന്തര മുദ്രണമായ ഹാമിഷ് ഹാമിങ്ടൺ ആണ്  ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകർ. വായനക്കാര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്ത ആരാച്ചാറിന്റെ മുപ്പത്തിമൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ഇതിനോടകംതന്നെ ഒന്നരലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. മാത്രമല്ല ഇന്നും ബെസ്റ്റ് സെല്ലറായി തുടരുന്ന നോവലുകൂടിയാണ് ആരാച്ചാര്‍..!

 

Comments are closed.