DCBOOKS
Malayalam News Literature Website

ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച; ‘അസുരവിത്ത്’ 30-ാം പതിപ്പില്‍

“മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു… അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പ്പുണ്ട്. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്…!”

അരനൂറ്റാണ്ടിലധികമായി ആസ്വാദകരുടെ പ്രിയനോവലായി നിലനില്‍ക്കുന്ന കൃതിയാണ് എം ടി വാസുദേവന്‍ നായരുടെ അസുരവിത്ത്. വള്ളുവനാടന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാളിക്ക് പകര്‍ന്നു നല്‍കിയ നോവല്‍ ജീവിത സന്ദര്‍ഭങ്ങളുടെ യുക്തിയില്ലായിമയില്‍ നിന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് വരച്ചുകാട്ടുന്നത്. അസുരവിത്ത് ഒരു വ്യക്തിയുടേയോ കുറേ വ്യക്തികളുടേയോ കഥയല്ല മറിച്ച് ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്. പ്രസിദ്ധീകരിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ കൃതിയോടുള്ള പ്രിയംകുറഞ്ഞിട്ടില്ല.

‘അമ്മയ്ക്ക് ആറാംകമ്പത്തിലുണ്ടായ തൃപ്പുത്രന്‍ ‘എന്ന് ഏട്ടന്‍ പരിഹസിക്കുന്ന കിഴക്കുംമുറിക്കാരന്‍ ഗോവിന്ദന്‍കുട്ടി വായനക്കാരന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവാണ്. വേട്ടക്കാരന്റെ മനസ്സോടെ സമൂഹം നായാടിയപ്പോള്‍ ആദ്യം പകച്ചു നിന്ന ആ ചെറുപ്പക്കാര്‍ നമ്മളില്‍ ഒരാള്‍ തന്നെയാണ്. എന്നാല്‍ പിന്നീട് കൂച്ചുവിലങ്ങുകള്‍ തകര്‍ത്തെറിഞ്ഞ്, തിരിച്ചടികളില്‍ നിന്ന് വീര്യം ഉള്‍ക്കൊണ്ട് കാലത്തെ അതിജീവിച്ച ഗോവിന്ദന്‍കുട്ടിയുടെ കഥ ആരെയും സ്പര്‍ശിക്കുന്നതാണ്. കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ തീവ്രമായ് ആവിഷ്‌ക്കരിക്കുന്നതില്‍ എംടിയുടെ കഴിവ് വ്യക്തമാക്കുന്ന നോവലാണ് അസുരവിത്ത്. ഗോവിന്ദന്‍കുട്ടിയും മീനാക്ഷിയും കുഞ്ഞരയ്ക്കാരും കുമാരേട്ടനും ശേഖരന്‍നായരും കുഞ്ഞഹമ്മദ് മുതലാളിയും കഥാപാത്രങ്ങളേക്കാള്‍ ഉപരിയായി നമ്മള്‍ അടുത്തറിയുന്ന വ്യക്തികളായി.

ഒരു പ്രദേശത്തിന്റെ കഥ സ്വന്തം അനുഭവത്തിന്റെ തീക്ഷ്ണതയിലിരുന്നുകൊണ്ടാണ് എംടി അസുരവിത്ത് എഴുതിയത്. അന്നു നിലനിലനിന്ന വ്യവസ്ഥിതിയുടെ പരിച്ഛേദമായിരുന്നു അസുരവിത്ത്. ഗോവിന്ദന്‍കുട്ടി എന്ന നായക കഥാപാത്രത്തിനനുഭവപ്പെട്ട അസ്വസ്ഥതകള്‍ അയാള്‍ക്കു മാത്രമായി ഒതുക്കാതെ വായനക്കാരനിലേയ്ക്കും പകര്‍ന്നു നല്‍കാന്‍ എംടിക്ക് സാധിച്ചു. അസുരവിത്ത് കൈകാര്യം ചെയ്യുന്ന പ്രമേയവും ആ പ്രമേയം അവതരിപ്പിക്കുന്നതില്‍ എംടി കാണിച്ച കൈയ്യടക്കവുമാണ് അസുരവിത്തിനെ ഇന്നും സാമാന്യ വായനക്കാരന് പോലും സ്വീകാര്യമാക്കുന്നത്. അരനൂറ്റാണ്ടായി മലയാള സാഹിത്യാസ്വാദകരുടെ പ്രിയപ്പെട്ട കൃതിയായി നിലനില്‍ക്കുന്ന അസുരവിത്തിന്റെ മുപ്പതാമത് പതിപ്പാണ് ഇപ്പോള്‍ വിപണികളിലുള്ളത്. സാഹിത്യ നിരൂപകരിലെ പെണ്‍സാന്നിദ്ധ്യമായ ഡോ എം ലീലാവതി തയ്യാറാക്കിയ പഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.ടി. വാസുദേവന്‍ നായരുടെ പ്രസിദ്ധമായ ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രവും ഇറക്കിയിരുന്നു. എംടിയുടെ തന്നെ തിരക്കഥയും സംഭാഷണവും തയാറാക്കി മനോജ് പിക്‌ചേഴ്‌സിനു വേണ്ടി മാധവന്‍ കുട്ടി നിര്‍മിച്ച മലയാളചലച്ചിത്രം 1968-ലാണ് പുറത്തിറങ്ങിയത്.

Comments are closed.