DCBOOKS
Malayalam News Literature Website

ക്രിസ്തുമതാധിഷ്ഠിതമായ നോവല്‍ ‘ബെന്‍-ഹര്‍’

‘ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ’ എന്ന ഉപശീര്‍ഷകത്തോടുകൂടി 1880ല്‍ പുറത്തു വന്ന ല്യൂ വാലസിന്റെ ബെന്‍-ഹര്‍ എന്ന നോവല്‍ അമേരിക്കന്‍ ജനപ്രിയ സാഹിത്യത്തില്‍ ഒരു സവിശേഷ പാരമ്പര്യംതന്നെയാണ് സൃഷ്ടിച്ചത്. ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ നോവല്‍ മതവിശ്വാസത്തെയും സാഹിത്യാഭിരുചികളെയും ഒരു പോലെ തൃപ്തിപ്പെടുത്തി. അമേരിക്കയില്‍ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം, ഒരുപക്ഷേ, ലോകത്ത് ഏറ്റവുമധികം പ്രതികള്‍ വിറ്റ നോവല്‍ എന്നീ ബഹുമതികള്‍ ബെന്‍-ഹറിനു അവകാശപ്പെടാം. ഒരു നൂറ്റാണ്ടിനുശേഷവും സാഹിത്യ പ്രേമികള്‍ക്കു പ്രിയങ്കരമായി നിലനില്‍ക്കുന്ന കൃതി മലയാളത്തില്‍ എത്തിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല.

സവിശേഷമായൊരു രസത്രന്തമുണ്ട് ‘ബെന്‍-ഹറി’ന്റെ ഇതിവൃത്തത്തില്‍. രണ്ടു നായകരാണ് ‘ബെന്‍-ഹറി‘ല്‍ ക്രിസ്തുവും ജൂതരാജകുമാരനായ യൂദാബെന്‍ഹറും. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഈ എതിര്‍ധ്രുവങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരികതയും യൂദാബെന്‍ഹറിന്റെ ജീവിതകഥയില്‍ വിളക്കിച്ചേര്‍ത്തിട്ടുള്ള കാല്പനികതയും വീരവും വായനക്കാരെ നോവലിലേക്കു ആകര്‍ഷിക്കുന്നു. ബെന്‍-ഹറും മെസാലയും തമ്മിലുള്ള തേരോട്ട മത്സരമാണ് ആ വീരകഥയുടെ കേന്ദ്രം.

യേശുവിന്റെ പരിത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കഥയും യൂദാ ബെന്‍ഹറിന്റെ പ്രതിരോധത്തിന്റെയും പകവീട്ടിലിന്റെയും കഥയുമാണ് ‘ബെന്‍-ഹര്‍.’ ദിവ്യനക്ഷത്രമുദിച്ചതു കണ്ട് കിഴക്കുനിന്നുവന്ന മൂന്നു പേരുടെ കഥയിലാണ് ‘ബെന്‍- ഹര്‍’ ആരംഭിക്കുന്നത്. യഹൂദരുടെ രാജാവ് പിറന്നിരിക്കുന്നുവെന്ന വാര്‍ത്ത ഹെറോദ് രാജാവിനെ പരിഭ്രാന്തനാക്കി. ഈ പശ്ചാത്തലത്തിലാണ് ജൂദിയയിലെ ഹര്‍ കുടുംത്തിലെ രാജകുമാരനായ ബെന്‍-ഹറിന്റെ കഥ തുടങ്ങുന്നത്. ബാല്യകാലസുഹൃത്തായിരുന്ന മെസാലയുടെ വഞ്ചനയില്‍ കൗമാരപ്രായത്തില്‍ വിചാരണ കൂടാതെ റോമാക്കാര്‍ ബെന്‍-ഹറെ ഒരു യുദ്ധക്കപ്പലിലെ അടിമയായ തുഴക്കാരനാക്കി മാറ്റുന്നു. അമ്മയെയും സഹോദരിയെയും അന്തോണിയ കോട്ടയിലെ ഇരുട്ടറയിലടയ്ക്കുന്നു. പക്ഷേ, ക്വിന്റസ് അരിയസിന്റെ രൂപത്തില്‍ ഭാഗ്യം ബന്‍ഹറി നെത്തേടിയെത്തുന്നു. അവന്റെ ജീവിതത്തിന്റെ ഗതിമാറുന്നു.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഒരേ വര്‍ഷം ജനിച്ച യൂദാ ബെന്‍-ഹറുടെയും യേശുവിന്റെയും ജീവിതങ്ങള്‍ സമാന്തരമായി അവതരിപ്പിക്കുന്ന’ബെന്‍-ഹര്‍’ ജനപ്രിയ നോവലിന്റെ മികച്ച മാതൃകകളിലൊന്നുകൂടിയാണ്.

ഈ നോവലിന്റെ രചയിതാവായ ലൂയിസ് വാലസ് എന്ന ല്യൂ വാലസ് അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തെ ജനറല്‍മാരില്‍ ഒരാളായിരുന്നു. സെബാസ്റ്റ്യന്‍ പള്ളിത്തോടാണ് ബെന്‍ ഹര്‍ മലയാളത്തിലേയ്ക്ക് പുനരാഖ്യാനം നടത്തിയിരിക്കുന്നത്. വിശ്വസാഹിത്യമാല പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന നോവലിന് ആമുഖം എഴുതിയിരിക്കുന്നത് പി കെ രാജശേഖരനാണ്.  നോവലിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.

 

 

Comments are closed.