DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് രണ്ടുവര്‍ഷം

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം.അപ്രതീക്ഷിതമായി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച് 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയുടെ മരണവാര്‍ത്തപുറത്തുവന്നത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. തുടര്‍ന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

അദ്ദേഹം മണ്‍മറഞ്ഞിട്ട് രണ്ട്‌കൊല്ലമാകുമ്പോഴും മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. മണിയുടെ മരണം സ്വാഭാവികമോ, ആത്മഹത്യയോ, കൊലപാതകമോ എന്ന കാര്യത്തില്‍ ഇതുവരെ ഉത്തരം കണ്ടെത്താനായില്ല. കുടുംബം ആരോപിക്കുന്ന സംശയങ്ങളില്‍ ഉള്‍പ്പെടെ സി.ബി.ഐ അന്വേഷണം നടന്നു വരികയാണ്.

പോലീസിന്റെ കണ്ടെത്തലുകള്‍ നിരീക്ഷിച്ചുള്ള സിബിഐ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് സൂചന. മണിയുടെ രണ്ടാം ചരമ വാര്‍ഷികത്തിലും മരണ കാരണം സംബന്ധിച്ച് വ്യക്തത വരുവാന്‍ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.

Comments are closed.