അക്ഷരങ്ങളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നത്തേക്ക് 27 വർഷം
ശബ്ന ശശിധരൻ
മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ് ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ അക്ഷരങ്ങളുടെ സുൽത്താൻ. തലയിൽ ഓല നിറഞ്ഞ നാട്ടിൽ നിന്നും ഒരാൾ മലയാളത്തെ മുഴുവൻ മുടിയില്ലാത്ത തലയിലേറ്റി .ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാണെന്നും ഈ ഭൂമി അസംഖ്യം ജീവജാലങ്ങൾക്കും സ്വന്തമാണെന്നുമൊക്കെ മലയാളിയെ പഠിപ്പിച്ച ഒരാൾ. പിന്നീട് ബേപ്പൂരെ മാങ്കോസ്റ്റിൻ ചുവട്ടിലേക്ക് കസേര മാറ്റിയിട്ട് സോജാ രാജകുമാരി കേട്ടൊരാൾ. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ, പ്രിയങ്കരമായ ബേപ്പൂർ സുൽത്താൻ ഇഹലോകം വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 27 വർഷം പിന്നിട്ടിരിക്കുന്നു .
വൈക്കം മുഹമ്മദ് ബഷീർ എന്ന പേരിനു പിന്നിൽ ഒരു കഥയുണ്ട് , അതിങ്ങനെയാണ് .. ” വൈക്കം മുഹമ്മദ് ബഷീർ എന്ന ഞാൻ തലയോല പറമ്പിലാണ് ജനിച്ചത്. തലയോലപറമ്പുകാരനായ ഞാൻ ഒരാളെ രക്ഷിക്കാൻ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത് സർ സി പി ക്കെതിരെ തിരുവിതാംകൂറിൽ ജോറായി സമരം നടക്കുന്ന കാലം. ഞാൻ സചിവോത്തമനെ വിമർശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പോലീസ് നടന്നു. അവർക്ക് പറവൂർകാരൻ മുഹമ്മദ് ബഷീറിനെ ആയിരുന്നു സംശയം . ആ സാധു മനുഷ്യനെ രക്ഷിക്കാൻ പേര് ഒന്നുകൂടി വ്യക്തമാക്കാൻ തീരുമാനിച്ചു. തലയോലപറമ്പ് എന്ന സ്ഥലപ്പേരു പേരിനു നീളം കൂടും. അത് കൊണ്ട് താലൂക്കിന്റെ പേര് ചേർത്ത് വൈക്കം മുഹമ്മദ് ബഷീർ എന്നെഴുതി. പറവൂർ മുഹമ്മദ് ബഷീർ രക്ഷപ്പെട്ടു. ജീവിതത്തെ ഒരു തമാശയായി കണ്ട ആ ദാർശനികൻ തന്റെ ജീവിതത്തിലും, രചനകളിലും പുലർത്തിയ ലാളിത്യത്തിന്റെയും ഹാസ്യബോധതിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ വിവരണം.
“ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ ,സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം .ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല” വലിയ വലിയ കാര്യങ്ങളെ ഇത്ര നിസ്സാരമായി അവതരിപ്പിക്കുന്ന മറ്റൊരാൾ ഉണ്ടാവില്ല. അക്ഷരങ്ങളെ കൊണ്ട് വിസ്മയം തീർക്കാൻ അദേഹത്തെ പ്രാപ്തനാക്കിയതും ഈ പ്രപഞ്ചത്തോടും, ജീവിതത്തോടും അദേഹത്തിനുണ്ടായിരുന്ന അദമ്യമായ സ്‌നേഹവും ബഹുമാനവും തന്നെയാണ്. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ച ദാർശനികതത്ത്വങ്ങളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് ആവാഹിക്കാൻ അദേഹത്തിന് കഴിഞ്ഞതും അത് കൊണ്ട് തന്നെയായിരിക്കണം.
ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾ ലളിതവും നർമ്മരസം തുളുമ്പുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ ചെറുകഥകളും നോവലുകളിലും എല്ലാം തന്നെ ഇത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍, ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവുന്ന ശൈലിയും അദ്ദേഹം സ്വീകരിച്ചിരുന്നു.ഭാഷയ്ക്കുള്ളിൽ ഒരു ഉപഭാഷ തീർത്തയാളാണ് ബേപ്പൂർ സുൽത്താൻ. വൃത്തവും അലങ്കാരവും വ്യാകരണവുമില്ലാത്ത നല്ല ഒന്നാന്തരം ഭാഷ.ഭാരമില്ലാതെ അപ്പൂപ്പൻതാടി പോലെ ലോകം മുഴുവൻ പറന്നുനടക്കാൻ ആ ഭാഷയ്ക്കായത്, പരമ്പരാഗതമായതുകൊണ്ടൊന്നുമല്ല. മറിച്ച് വൃദ്ധരെയും കുഞ്ഞുങ്ങളെയും ഒരുപോലെ രസിപ്പിക്കാനായതുകൊണ്ടാണ്. പദസമ്പത്ത് ഇല്ലാഞ്ഞിട്ടോ വായനക്കാരനെ വെറുതെ ചിരിപ്പിക്കാൻ വേണ്ടിയോ മാത്രമായിരുന്നില്ല ബഷീർ സ്വന്തം ഭാഷയിൽ എഴുതിയത്. മറിച്ച് വായിൽനിന്ന് വരുന്നതിനെല്ലാം ഒരു സുന്ദരതാളം കൂടിയുണ്ടെന്ന് കാണിച്ചുതരാനായിരുന്നു.
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വല്യ ഒന്നാവുന്ന മാന്ത്രികതയുടെ തത്ത്വശാസ്ത്രം വിസ്മയമായി വിടർന്ന മജീദിന്റെയും സുഹറയുടെയും അനശ്വര പ്രണയകഥ ബാല്യകാലസഖി, തടവറയുടെ സകല അസ്വസ്ഥതകളെയും കാറ്റിൽ പറത്തി കൊണ്ട് മതിലിനപ്പുറത്ത് നിന്നെത്തുന്ന പെൺ ശബ്ദത്തിൽ പ്രണയത്തിന്റെ മായികപ്രപഞ്ചം സൃഷ്ടിക്കുന്ന മതിലുകൾ, ജീവിതത്തിന്റെ കാണാപ്പുറക്കാഴ്ച്ചകളുടെ യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ശബ്ദങ്ങൾ, മാജിക്കൽ റിയലിസത്തിന്റെ നേർകാഴ്ചയായ മാന്ത്രിക പൂച്ച, സർവ്വചരാചരങ്ങൽക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ഭൂമിയുടെ അവകാശികൾ, ,പാത്തുമ്മയുടെ ആടിലെ ‘മാതാവെ കുറച്ച് ശുദ്ധജലം തന്നാലും’ എന്ന് ചോദിക്കുന്ന അബ്ദുൾ ഖാദറിന് കിട്ടുന്ന തവികൊണ്ടുള്ള അടി…
നിന്റുപ്പുപ്പാട… ബല്യ കൊമ്പനാന… കുയ്യാനേർന്നന്ന്! കുയ്യാന !’ -വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ ‘ന്റെ ഉപ്പുപ്പാക്കൊരാനേണ്ടാർന്ന്’ നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. ഭൂതകാലത്തിന്റെ പ്രൗഢിയിൽ ജീവിതം കുരുങ്ങിയ ഒരു തലമുറയുടെ തിരിച്ചറിവാണ് ആ വരികൾ. വർത്തമാനകാലത്തോടു മുഖംതിരിച്ച് പോയകാലത്തിലെ പ്രതാപത്തിൽ മാത്രം ജീവിക്കുന്നവരുടെ തിരിച്ചറിവ്. ഒരു ശുഭ പര്യവസായിയായ പ്രണയകഥ എന്നതിലുപരി പഴയകാല പ്രതാപത്തിൽ അഭിരമിക്കുന്ന കുഞ്ഞുത്താച്ചുമ്മയ്ക്ക് ഒരു തിരിച്ചറിവുകൂടി നൽകിയാണ് ബഷീർ നോവൽ അവസാനിപ്പിക്കുന്നത്. ഇങ്ങനെ ഏതു ബഷീർ കൃതിയെടുത്താലും തികഞ്ഞ ദാർശനികതയും സമൂഹമനസാക്ഷിയുടെ കാപട്യത്തിനു നേരെയുള്ള വിമർശനങ്ങളുമാണ് നമുക്ക് കാണാൻ കഴിയുന്നത്.
ബഷീർ ഒരേ സമയം കവിയും, കഥാകാരനും, ഋഷിയും, സൂഫിയും, സന്ന്യാസിയുമാണ്. താൻ വിശ്വസിക്കുന്ന പ്രമാണങ്ങളെ മാത്രം ജീവിതാനുഷ്ഠനമാക്കിയ ആ യോഗിയുടെ തൂലികയിൽ നിന്ന് ഉതിർന്നു വീണ ഓരോ കഥാപാത്രങ്ങളിലും ഉൾകൊണ്ടിരുന്ന നിഷ്കളങ്കതയും, ഹൃദയ നൈർമല്യവും, നിർഭയത്വവും കഥാകാരന്റെ തന്നെ വ്യക്തിത്വ വൈഷ്ട്യവുമായി താദാത്മ്യം പ്രാപിക്കുന്നതും അത് കൊണ്ടായിരിക്കാം. ജീവിതത്തിന്റെ ഏതു ദുർഘട ഘട്ടത്തിലും കൈവെടിയാത്ത സ്നേഹമെന്ന മധുരഭാവം ആ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. അത് തന്നെയാണ് ബഷീർ കൃതികളിലൂടനീളം ഉടനീളം തെളിഞ്ഞുനില്ക്കുന്ന സ്നേഹമെന്ന ശക്തമായ അന്തർദ്ധാരക്ക് നിദാനവും
ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും ഈ പ്രിയകഥാകാരന്‍ മലയാളസാഹിത്യത്തില്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. ബാല്യത്തില്‍തന്നെ ഗാന്ധിജിയുടെ ചിന്തകളിലും ആദര്‍ശങ്ങളിലും പിന്തുടര്‍നിരുന്നു. സ്വാതന്ത്ര്യസമരരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലാവുകയും ചെയ്തിട്ടുണ്ട്.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, പ്രേമലേഖനം, ന്റുപ്പാപ്പായ്‌ക്കൊരാനയുണ്ടാര്‍ന്നു, ശബ്ദങ്ങള്‍, വിഡ്ഢികളുടെ സ്വർഗ്ഗം , മുച്ചീട്ടു കളിക്കാരന്റെ മകൾ , പാവപ്പെട്ടവരുടെ വേശ്യ , സ്ഥലത്തെ പ്രധാന ദിവ്യൻ , ആനവാരിയും പൊൻകുരിശും ജന്മദിനം വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, ശിങ്കിടിമുങ്കന്‍, അനര്‍ഘ നിമിഷം തുടങ്ങിയവയാണ് പ്രധാന നോവലുകളും ചെറുകഥകളും.
ഡി സി ബുക്സിന്റെ ആരാണ് എന്റെ കാലടികൾ മായ്ക്കുന്നത് എന്ന ലേഖനത്തിൽ എഴുത്തുകാരനായതിനെ കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിക്കുന്നു. ” ഞാൻ എഴുത്തുകാരനായത് യാദൃശ്ചികസംഭവം ഒന്നുമല്ല . ഒമ്പതു പത്തു കൊല്ലം ലക്കും ലഗാനുമില്ലാത്ത എന്ന് പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്തും മറ്റും കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയ മാതിരിയാണ് കറങ്ങിയത് . അനിശ്ചിതമായ കാലഘട്ടം വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം . അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വത്തായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. ജീവിയ്ക്കാൻ ആഹാരം വേണം. താമസിക്കാൻ വീട് വേണം. മറ്റാവശ്യങ്ങളുമുണ്ടല്ലോ അതിനൊരു തൊഴിൽ വേണം എന്ത് ചെയ്യും വളരെ ആലോചിച്ചു.
രാഷ്ട്രീയ പ്രവർത്തനമാകാം അങ്ങനെ ചെയ്തിരുന്നെങ്കിൽ തീരെ കുറഞ്ഞത് ഒരു മുഖ്യമന്ത്രിയെങ്കിലും ആയേനെ. പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ ക്യാപ്റ്റനല്ല കമാൻഡർ ഇൻ ചീഫ് തന്നെ ആയേനെ . ഇതിനൊക്കെ നല്ല അടുക്കും ചിട്ടയുമുല്ല ജീവിതം നയിക്കണം .നല്ല അണ്‌ഡകടാഹ ബുദ്ധിയും ഭാവനയും വേണം.. മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ശരപറാ പ്രസ്താവനകൾ ഇറക്കണം. ഓടി നടന്നു പ്രസംഗിക്കണം .ഉദ്ഘാടനങ്ങൾ ,വിളക്കു കൊളുത്തലുകൾ രാവും പകലും ഇത് തന്നെ .അടങ്ങിയൊതുങ്ങി മിണ്ടാതെ വല്ലടത്തും ഇരിക്കാൻ ഒക്കുമോ ? വെയിലു കൊള്ളാനും മഴ നനയാനും ഒച്ചയെടുക്കാനും വയ്യ. അടുക്കും ചിട്ടയുമുള്ള ജീവിതം വയ്യ. തോന്നുമ്പോൾ തോന്നിയ പോലെ. കുഴിമടിയനാണ്. കുഴി മടിയന്മാരായ ബഡുക്കുസുകൾക്ക് പറ്റിയ പണിയെ പറ്റി തലപുകഞ്ഞു ആലോചിച്ചപ്പോൾ നിധികിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം — എഴുത്തുകാരനാവുക. വല്യ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി . എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി”.
എന്തിരുന്നാലും ഈ എഴുത്തുക്കാരന്റെ പല കൃതികളും അന്യഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് പ്രമുഖകൃതികളില്‍ ചിലത്. പ്രധാനമായും അദ്ദേഹത്തന്റെ കൃതികളില്‍ പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്നതാണ്. ഉന്നതജാതീയനായ കേശവന്‍നായരുടെയും തൊഴില്‍രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും നര്‍മം തുളുമ്പുന്ന പ്രണയകഥയായ ‘പ്രേമലേഖന’ത്തോടെയാണ് ബഷീര്‍ സാഹിത്യപ്രവേശനം നടത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഫിഷ്, 1981 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 1882 ല്‍ പത്മശ്രീ പുരസ്‌കാരം, 1993 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, അതേവര്‍ഷംതന്നെ വള്ളത്തോള്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1994 ജൂലായ് 5 നു ബഷീർ ഈ ലോകത്തോട് വിടപറഞ്ഞു..
ബഷീർ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെതന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ്. ജീവിതം എന്തെന്ന് കാട്ടിത്തരുന്ന മഹത്തായ പാഠപുസ്തകങ്ങൾ.
Comments are closed.