അതിജീവനത്തിന്റെ പുതുപാതയില്‍ തിരിതെളിച്ച് 23-മത് കേരള രാജ്യാന്തര ചലച്ചിത്രമേള
തിരുവനന്തപുരം: അതിജീവനത്തിന്റെ പുത്തന്‍ പാത തെളിച്ചുകൊണ്ട് 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരി കൊളുത്തി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രളയത്തിനു ശേഷം കേരളം കലാരംഗത്ത് തളര്‍ന്നിട്ടില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ മേള ഉപകരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
പൊതുഖജനാവില്‍ നിന്നും പണമെടുക്കാതെ ഡെലിഗേറ്റ് പാസിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് മേള നടത്തുന്നത്. ഈ രീതി ഭാവിയിലും ആലോചിക്കാവുന്നതാണ്. മേളയിലെ സിനിമകള്‍ വിശാല മാനവികത പ്രതിഫലിപ്പിക്കുന്നതാണ്. ഏതു പ്രതിസന്ധിയിലും മനുഷ്യന്‍ എന്ന പരിഗണനയേ പാടുള്ളൂവെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു. പ്രളയം സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ജനത അതിനെ ഒറ്റക്കെട്ടായിനേരിട്ടു. ചലച്ചിത്ര മേളകള്‍ പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ പ്രസരിപ്പിച്ച മാനവിക മൂല്യങ്ങളാണ് ഈ ഐക്യം സാധ്യമാക്കിയതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു. ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത, നടിയും സംവിധായികയുമായ നന്ദിതാ ദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.പ്രശാന്ത്, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു,
ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഐ.എഫ്.എഫ്.കെ സംഘടിപ്പിച്ചിരിക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം എവരിബഡി നോസായിരുന്നു ഉദ്ഘാടനചിത്രം. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ചലച്ചിത്രമേളയില്‍ ഇത്തവണ മത്സരവിഭാഗത്തില്‍ മലയാളത്തില്‍നിന്ന് രണ്ട് ചിത്രങ്ങളും മലയാള സിനിമ എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.
ഇറാനിയന്‍ സംവിധായകന്‍ മജീജ് മജീദിയാണ് ചലച്ചിത്രമേളയുടെ അന്താരാഷ്ട മത്സരവിഭാഗം ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചേക്കും. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകരായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദി നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Comments are closed.