DCBOOKS
Malayalam News Literature Website

ബുക്കര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും

ലണ്ടന്‍: 2019-ലെ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ് എഴുത്തുകാരാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ലൂസി എല്‍മാന്‍, ചിഗോസി ഒബിയോമാ, ബെര്‍ണാഡിന്‍ ഇവാരിസ്റ്റോ, എലിഫ് ഷഫക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് എഴുത്തുകാര്‍.

വിഖ്യാത സ്പാനിഷ് ക്ലാസിക് കൃതി ഡോണ്‍ ക്വിക്‌സോട്ടില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സല്‍മാന്‍ റുഷ്ദി എഴുതിയ കിജോട്ടെ എന്ന പുസ്തകമാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ ദി ടെസ്റ്റാമെന്റ്‌സ്, ചിഗോസി ഒബിയോമായുടെ ആന്‍ ഓക്കസ്ട്ര ഓഫ് മൈനോരിറ്റീസ്, ലൂസി എല്‍മാന്റെ ഡക്‌സ്-ന്യൂബറി പോര്‍ട്ട്, ബെര്‍ണാഡിന്‍ ഇവാരിസ്റ്റോയുടെ ഗേള്‍-വുമണ്‍-അദര്‍, എലിഫ് ഷഫക്കിന്റെ 10 മിനുട്‌സ് 38 സെക്കന്റ്‌സ് ഇന്‍ ദിസ് സ്‌ട്രേഞ്ച് വേള്‍ഡ് എന്നിവയുമാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു കൃതികള്‍.

പീറ്റര്‍ ഫ്‌ളോറസ് അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ലീസ് കള്‍ഡര്‍, ഷയോലു ഗോ, അഫ്‌വ, ഹിര്‍ഷ്, ജൊഅന്ന മക് ഗ്രെഗര്‍ എന്നിവരാണ് പുരസ്‌കാരനിര്‍ണ്ണയ സമിതിയിലെ മറ്റംഗങ്ങള്‍.

ഒക്ടോബര്‍ 14-നാണ് ബുക്കര്‍ പുരസ്‌കാര പ്രഖ്യാപനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്. അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഹിത്യകാരന്മാര്‍ക്ക് 2500 പൗണ്ടും പുരസ്‌കാരജേതാവിന് 50,000 പൗണ്ടുമാണ് സമ്മാനത്തുക ലഭിക്കുക.

Comments are closed.