DCBOOKS
Malayalam News Literature Website

‘പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍’; ജീവിതലഹരിയുടെ പുസ്തകം

തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ് സി.എസ് ചന്ദ്രിക രചിച്ചിരിക്കുന്ന പ്രണയകാമസൂത്രം അഥവാ ആയിരം ഉമ്മകള്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

സി.എസ്. ചന്ദ്രിക പ്രണയകാമസൂത്രത്തിന് എഴുതിയ കുറിപ്പുകളില്‍ നിന്ന് 

“ഓരോ സ്ത്രീക്കും പ്രണയത്തോടുള്ള സമീപനം, അന്വേഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. മാധവിക്കുട്ടി( കമലാ സുരയ്യ) എന്റെ കഥയില്‍ പറഞ്ഞിട്ടുണ്ട്, ആ അന്വേഷണത്തില്‍ സ്‌നേഹിക്കാനറിയുന്ന ഒരു പുരുഷനെയും തനിക്ക് ജീവിതത്തില്‍ കണ്ടെത്താനായില്ല എന്ന്. സമൂഹത്തിന്റെ എല്ലാ വൃത്തികേടുകളെയും- നുണകളെയും അഭിനയങ്ങളെയും വിശ്വാസവഞ്ചനയേയും സുരക്ഷിതമായി മൂടിവെച്ചിരിക്കുന്ന സദാചാര പുതപ്പിനെ കീറിപ്പറിച്ചുകൊണ്ട്, സ്ത്രീ-പുരുഷകാമത്തെക്കുറിച്ച് അതിനുള്ളില്‍ താനനുഭവിച്ച അപമാനങ്ങളെയും വേദനകളെയും ആനന്ദങ്ങളെയും കുറിച്ച് മാധവിക്കുട്ടി തുറന്നെഴുതിയിട്ട് കുറെ വര്‍ഷങ്ങളായിരിക്കുന്നു. ആ സത്യസന്ധമായ സാഹസികത ഇപ്പോഴും സദാചാര മലയാളികളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിതാന്വേഷണത്തെക്കുറിച്ച് ധീരമായ സത്യസന്ധതയോടെ എഴുതിയ മറ്റൊരു എഴുത്തുകാരിയും ഇവിടെ. എന്റെ മുന്നില്‍ ഇപ്പോഴുമില്ല.

ഈ പുസ്തകം എന്റെ പ്രണയകാമസൂത്രം.

പ്രണയത്തിനു വേണ്ടിയുള്ള ഉത്കടമായ ജീവിതാന്വേഷണമായിരുന്നു എന്റെ ജീവിതം. പ്രണയരഹിതമായ കാമമോഹങ്ങള്‍ എന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എത്ര സുന്ദരനായ പുരുഷന്‍ മുന്നില്‍ വന്നു നിന്നാലും ഞാനൊരിക്കലും ആകൃഷ്ടയാവില്ല, അവന്റെ ബലിഷ്ഠമായ പുരുഷത്വം എന്നെ തീരെ ആകര്‍ഷിക്കുകയുമില്ല.

ഞാന്‍ സമ്പൂര്‍ണ്ണമായ പ്രണയം ആഗ്രഹിക്കുന്നവളാണ്. അതിതീവ്രമായ പ്രണയമില്ലാതെ ജീവിക്കാനാവാത്തവള്‍. എന്റെ മനസ്സിനെ ഉള്ളംകൈയിലെടുത്ത് ഓമനിക്കുകയും എല്ലാ തരം കരുതലുകള്‍കൊണ്ടും സുരക്ഷിതമാക്കുകയും ചെയ്യുന്ന പ്രണയമാണെന്നില്‍ ജീവന്‍ നിറയ്ക്കുക. അങ്ങനെയുള്ളൊരു ജീവിതമാണ് നിരന്തരമായി എഴുതിക്കൊണ്ടിരിക്കൊണ്ടിരിക്കാന്‍ എനിക്ക് ആവേശവും സമയവും തരിക. സദാ പ്രക്ഷുബ്ധതകള്‍ നിറഞ്ഞ ഒരു സമൂഹത്തില്‍, സ്വന്തം ആന്തരിക ലോകത്ത് പ്രണയികള്‍ക്കുമാത്രം അറിയാനാവുന്ന വിശേഷപ്പെട്ട സമാധാനത്തോടെ, എല്ലാ തരത്തിലുമുള്ള കരുതലുകളോടെ, തീക്ഷ്ണമായ സ്വാതന്ത്ര്യത്തോടെ , ആവേഗങ്ങളിലും ധ്യാനാത്മകതയിലും മുഴുകാനും സൃഷ്ടിപരമായിരിക്കാനുമുള്ളതാണ് എനിക്ക് പ്രണയം. യഥാര്‍ത്ഥ പ്രണയം എഴുത്തിന്റെ ലോകത്തിരിക്കാന്‍ എന്നെ എപ്പോഴും വിളിച്ചുകൊണ്ടേയിരിക്കും. പ്രണയവും എഴുത്തും പരസ്പരപൂരകമാണെനിക്ക്. എഴുതാതെ ജീവിക്കുക എന്നാല്‍ വേദനയില്‍ ജീവിക്കുക എന്നാണനുഭവം…”

ആയിരം ഉമ്മകള്‍ക്ക് ഭാഷ കണ്ടെത്തലായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിയെ നേരിടാനുള്ള ധ്യാനത്തില്‍നിന്നാണ് വിവിധ തരം ആഖ്യാനരീതികള്‍ ചേര്‍ന്ന് സഞ്ചിതമായൊരു രൂപം പ്രണയകാമസൂത്രത്തിനു വന്നത്. എന്റെ പ്രണയസത്യാന്വേഷണങ്ങള്‍, അനുഭൂതികള്‍, ഉന്മാദലഹരികള്‍, തിരിച്ചറിവുകള്‍, രാഷ്ട്രീയ ജാഗ്രതകള്‍ എന്നിവയുടെ സൗന്ദര്യശാസ്ത്രമെന്ന് ഞാനീ പുസ്തകത്തെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു.”

 

Comments are closed.