ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
2004ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എന്‍.എസ് മാധവന്റെ ആദ്യ നോവലാണ് ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍.
നോവലിന്റെ പേര് അതിന്റെ സ്ഥലസാംസ്‌കാരികപശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നരീതിയില്‍ തന്നെ കൊടുത്തിരിക്കുന്നത്. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ ലന്തന്‍ ബത്തേരിയാണ് കഥയുടെ പശ്ചാത്തലം. കൊച്ചിയുടെ നിയന്ത്രണം പോച്ചുഗീസുകാരില്‍ നിന്ന് കയ്യടക്കിയ ‘ലന്തക്കാര്‍’ (ഡച്ചുകാര്‍) ദ്വീപിന്റെ മുനമ്പില്‍ സ്ഥാപിച്ച അഞ്ചു പീരങ്കികളാണ് ദ്വീപിന് ലന്തന്‍ ബത്തേരി എന്ന പേരു കിട്ടാന്‍ കാരണമായത്. ദ്വീപിലെ ഭൂരിഭാഗം നിവാസികളും നോവലിലെ മുഖ്യകഥാപാത്രങ്ങളും ലത്തീന്‍ കത്തോലിക്കരാണ്. ‘ലുത്തിനിയ’ സ്തുതികളുടേയും അപേക്ഷകളുടേയും ആവര്‍ത്തനം ചേര്‍ന്നുള്ള ഒരു കത്തോലിക്കാ പ്രാര്‍ത്ഥാനാക്രമമാണ്.
ജെസ്സിക്ക എന്ന പെണ്‍കുട്ടിയിലൂടെയാണ് നോവലിലെ കഥ വികസിക്കുന്നത്.
വേര്‍പെടുത്തിയാല്‍ അടുപ്പം തീരുമോയെന്ന ഭയം മൂലം മറ്റില്‍ഡക്ക് കുഞ്ഞിനെ തന്റെ ഭാഗമായി കൊണ്ടുനടക്കാനായിരുന്നു ഇഷ്ടം. പ്രസവം കഴിയുന്നത്ര താമസിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. ഒടുവില്‍ മറ്റില്‍ഡ ജെസ്സിക്കയെ പ്രസവിച്ചത് ലിസ്സിപ്പശുവിനെ കെട്ടിയിരുന്ന തൊഴുത്തിലാണ്. മാമ്മോദീസയും ആദ്യകുര്‍ബ്ബാനയും പിന്നിട്ടും അമ്മ പറഞ്ഞ സിനിമാക്കഥകള്‍ കേട്ടും വളര്‍ന്ന ജെസ്സിക്കയെ മത്തേവൂസാശാരി താന്‍ വള്ളം പണിക്ക് ഉപയോഗിച്ചിരുന്ന മരപ്പലകകളിള്‍ ദൈവം കൊടുത്ത അരഞ്ഞാണങ്ങളായി കാണപ്പെട്ട വാര്‍ഷികവലയങ്ങള്‍ കാണിച്ചുകൊടുത്തു. ജെസ്സിക്ക ‘നീലക്കുയില്‍’ എന്ന സിനിമ തൃപ്പൂണിത്തുറയിലെ തിയേറ്ററിയില്‍ അമ്മയോടൊപ്പം കണ്ടത് ഇ.എം.എസ്. മന്ത്രിസഭ സ്ഥാനമേറ്റതിന്റെ അടുത്ത ദിവസമാണ്. കുമ്പസരിക്കുമ്പോള്‍ പാപമായി പറയാന്‍ അവള്‍ക്ക് ലന്തന്‍ കൊട്ടാരം കാവല്‍ക്കാരന്‍ മുഹമ്മദിന്റെ മകള്‍ സൈനബയെ ‘വെള്ളയൂദത്തി’ എന്നുവിളിച്ചതും അയല്പക്കത്തെ നടാഷയെ ‘കള്ളിപ്പറങ്കിച്ചി’ എന്നു വിളിച്ചതും മാത്രമേ ഉണ്ടായിരുന്നുള്ളു.
വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ നടന്ന ഒരു ബാലജനസഖ്യം സമ്മേളനത്തില്‍, വിമോചനസമരക്കാര്‍ എതിര്‍ക്കുന്ന റേഷന്‍ ഭക്ഷണമായ മക്രോണിയും വിശുദ്ധകുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന അപ്പവും ഒരേ ധാന്യമായ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്നതല്ലേ എന്ന ദൈവദോഷധ്വനിയുള്ള ചോദ്യം ചോദിച്ച ജെസ്സിക്കയുടെ തലക്ക് വേദാദ്ധ്യാപകന്‍ അടിച്ചു. അതിനെ പ്രതിക്ഷേധിച്ച് കൂട്ടുകാരോടുചേര്‍ന്ന് പള്ളിപ്പറമ്പില്‍ വിസര്‍ജ്ജിച്ച ജെസ്സിക്കയെ, നല്ല സ്വഭാവത്തില്‍ വളരാനായി കൊച്ചിയിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ അയക്കാനുള്ള പീലാത്തോസച്ചന്റെ നിര്‍ദ്ദേശം മത്തേവൂസാശാരിയും മറ്റില്‍ഡയും മനസ്സില്ലാതെയാണെങ്കിലും സമ്മതിച്ചു. എന്നാല്‍ അത് നടപ്പാകുന്നതിനു മുന്‍പ്, പണ്ടെങ്ങോ കടലില്‍ പോയി മരിച്ചെന്നു കരുതിയിരുന്ന ജെസ്സിക്കയുടെ മുത്തച്ഛന്‍ വലിയ മര്‍ക്കോസാശാരി തിരിച്ചെത്തി. പേരക്കിടാവിനെ ബോര്‍ഡിങ്ങില്‍ അയക്കുന്നതിനെ അദ്ദേഹം എതിര്‍ത്തതിനാല്‍ ജെസ്സിക്ക് ദ്വീപില്‍ തന്നെ പഠനം തുടര്‍ന്നു.
ജെസ്സിക്കക്ക് കണക്കിന് ട്യൂഷന്‍ കൊടുത്തിരുന്നത് അഭാജ്യസംഖ്യകളിന്മേലുള്ള ഗവേഷണത്തില്‍ മുഴുകി അവധൂതനെപ്പോലെ ഏകാകിയായി കഴിഞ്ഞിരുന്ന പുഷ്പാംഗദന്‍ മാസ്റ്ററാണ്. പഠിപ്പിക്കുന്നതിനിടയില്‍ പുഷ്പാംഗദന്‍, തന്നെ അനാശാസ്യമാംവിധം സ്പര്‍ശിച്ചുവെന്ന ജെസ്സിക്കയുടെ പരാതി സത്യമോ മനോവിഭ്രാന്തിയോ എന്ന് നോവലില്‍ വ്യക്തമാവുന്നില്ല. ആരോപണം പരസ്യമായതോടെ തന്റെ നിരപരാധിത്വം ഹൃദയസ്പര്‍ശിയായ രീതിയില്‍ വിവരിക്കുന്ന കത്ത് എഴുതി വച്ച ശേഷം പുഷ്പാംഗദന്‍ ആത്മഹത്യചെയ്തു. താന്‍ സത്യമാണ് പറഞ്ഞതെന്ന് ആപ്പോഴും ആണയിട്ട ജെസ്സിക്ക ആത്മഹത്യയുടേയും ഭ്രാന്തിന്റേയും ഇടക്ക് ചാഞ്ചാടി ഒടുവില്‍ ഭ്രാന്ത് തെരഞ്ഞെടുക്കുന്നു. പെസ്സഹാ വ്യാഴാഴ്ചദിവസം പൊതുവീഥിയില്‍ കൂടിയുള്ള ശ്ലീവാപ്പാതയില്‍(കുരിശിന്റെ വഴി ), യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന എട്ടാം ഇടത്തുവച്ച് ‘ഭ്രാന്തുപിടിക്കുവാനായിരുന്നു ‘തീരുമാനം’. നോവല്‍ അവസാനിക്കുന്നത് ജെസ്സിക്കക്ക് കിട്ടുന്ന ഇലക്ട്രിക് ഷോക്കിന്റെ വിവരണത്തോടെയാണ്. പള്ളിവാസലിലെ തടാകം വഴി എത്തിയ പെരിയാറിലെ ജലത്തിന്റെ ശക്തിയില്‍ തിരിഞ്ഞ ടര്‍ബൈണുകള്‍ രൂപപ്പെടുത്തിയ വൈദ്യുതിയുടെ ആഘാതത്തിനൊടുവില്‍ അവള്‍ക്ക് തന്റെ വലിയ പേര് മുഴുവന്‍ ഓര്‍മ്മിക്കാനായില്ല.
‘ജീവിതനൗക’ എന്ന സിനിമ ഇറങ്ങിയ 1951ലെ ജനനം മുതല്‍ 1965 വരെയുള്ള പതിനഞ്ചു വര്‍ഷക്കാലത്തെ ജെസ്സിക്കയുടെ ജീവിതകഥയും അതിനു പശ്ചാത്തലമായി നിന്ന ലന്തന്‍ ബത്തേരി ദ്വീപിന്റേയും, നവകേരളത്തിന്റേയും, സ്വതന്ത്രഭാരതത്തിന്റേയും, ലോകത്തിന്റെ തന്നെയും ചിത്രവുമാണ് എന്‍ എസ് മാധവന്‍ നോവലില്‍ വിവരിക്കുന്നത്. ജെസ്സിക്കയുടെ മമ്മോദീസായുടേയും ആദ്യകുര്‍ബ്ബാനയുടേയും താരുണ്യപ്രാപ്തിയുടേയും കഥക്കൊപ്പം നോവലിസ്റ്റ്, 1951ല്‍ ലന്തന്‍ ബത്തേരിയില്‍ ആദ്യമായി അച്ചുകുത്തുപിള്ളമാര്‍ ഗോവസൂരി പ്രയോഗത്തിനു വരുന്നതിന്റേയും, 1953ല്‍ തെന്‍സിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന്റേയും, 1957ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന്റേയും, ആ മന്ത്രിസഭക്കെതിരായ വിമോചന സമരത്തിന്റേയും, 1956ല്‍ റഷ്യന്‍ സേന ഹങ്കറിയിലെത്തി ഇമ്രെ നാഗിയുടെ ഭരണത്തിന് അറുതിവരുത്തി 1958ല്‍ അദ്ദേഹത്തെ വധിക്കുന്നതിന്റെയും, 1956ല്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ കൂഷ്‌ചേവ് സ്റ്റാലിലെ വിമര്‍ശിച്ചതിന്റെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മാവോയുടെ പൗരസ്ത്യസഭ റഷ്യയുടെ തെറ്റാവരത്തെ ചോദ്യം ചെയ്യുന്ന ശീശ്മ ആയതിന്റെയും, 1963ല്‍ ടെക്‌സസിലെ ഡല്ലസ് പട്ടണത്തില്‍ അമേരിക്കന്‍ രാഷ്ട്രപതി ജോണ്‍ എഫ്. കെന്നഡി കൊല്ലപ്പെടുന്നതിന്റേയും ഒക്കെകഥ പറയുന്നു.
നോവലിലെ കഥക്ക് സമാന്തരമായി പോകുന്ന ഈ ചരിത്രത്തോടൊപ്പം പഴയ ചരിത്രത്തിന്റെ അനുസ്മരണവുമുണ്ട്. ആ അനുസ്മരണത്തില്‍ 1341 ജൂണ്‍ മാസത്തിലെ ഒരു ദിനം പ്രകൃതിശക്തികളുടെ ഏറ്റുമുട്ടലില്‍ കൊച്ചിയിലെ മണല്‍ത്തിട്ട മുറിഞ്ഞ് തുറമുഖം ഉണ്ടായതും, കര്‍മ്മലീത്താ സഭക്കാരന്‍ മത്തേവൂസ് പാതിരിയുടേയും, ഡച്ച് ഗവര്‍ണ്ണര്‍ വാന്‍ റീഡിന്റേയും, കൊങ്ങിണിവൈദ്യന്മാരുടേയും സംയുക്തശ്രമഫലമായി രൂപപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥവും, ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ അലക്‌സാണ്ഡ്രിയയിലെ ഇററ്റോസ്‌തെനിസും, വാസ്‌കോ ഡ ഗാമയും എല്ലാം കടന്നു വരുന്നു.
ആദി തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍, കടല്‍ച്ചൊരുക്ക്, ഉയിര്‍പ്പ്, ശരീരം, ഒമേഗ എന്നിങ്ങനെ നാല് ഭാഗങ്ങളായിതിരിച്ച് എഴുതിയിരിക്കുന്ന ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ 2003ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
Comments are closed.