‘ഹിരണ്യം’; ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍
മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവലാണ് ഹിരണ്യം. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക നോവലാണ് ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഒരു കൗമാര കമ്പത്തിന്റെ പേരില്‍ കുറച്ചുനാള്‍ ദുര്‍മന്ത്രവാദം പഠിക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ നോവല്‍ എഴുതിയിരിക്കുന്നത്.
ഹിരണ്യം എന്ന നോവലിനെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്
കൗമാരത്തില്‍ നശീകരണവാസന എന്നില്‍ പ്രബലമായിരുന്നു. അതുകൊണ്ടാവാം മാരകമായ ദുര്‍മന്ത്രവാദം പഠിക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്. മനോരോഗിയായ ഒരു നാടന്‍ ദുര്‍മന്ത്രവാദിക്ക് ശിഷ്യപ്പെട്ടു. വിഫലമായ ആ അധമശ്രമത്തിന്റെ ഇരുണ്ട പാര്‍ശ്വഫലമാണ് ഈ ലഘുനോവല്‍.
1975ല്‍, 18ാമത്തെ വയസ്സില്‍ ഞാന്‍ ഈ കഥയെഴുതി. അന്നത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ ഇതു തിരസ്‌കരിച്ചു. ഒടുവില്‍, യു.കെ.കുമാരന്‍ പത്രാധിപരായിരുന്ന വീക്ഷണം വാരികയുടെ 1977ലെ വാര്‍ഷികപ്പതിപ്പില്‍ ‘ഹിരണ്യം’ പ്രസിദ്ധീകരിച്ചു. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയില്‍ ഈ കഥ നഷ്ടപ്പെട്ടുപോയി. കൗമാരത്തിലെ ഒരു രഹസ്യാപരാധംപോലെ എന്റെ ഓര്‍മ്മയുടെ ഇരുട്ടില്‍ അതു മറഞ്ഞു കിടന്നു.
ഈയിടെ ഡി.സി ബുക്‌സ് എവിടെനിന്നോ ഇതു തപ്പിയെടുത്തു, പുസ്തകമാക്കാമെന്നു പറഞ്ഞു. ആദ്യം ഞാന്‍ മടിപറഞ്ഞു. എന്റെ അക്കാലത്തെ കുറ്റവാസനയുടെയും കാവ്യഭാവനയുടെയും തമശ്ശക്തി ആവേശിച്ച ഈ അധമരചന ഇന്ന് എനിക്കു വിനയാകുമോ എന്നു ഭയന്നു. പക്ഷെ, സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിച്ചു. എന്തായാലും കൗമാരത്തിലെ ആ ഉന്മാദരേഖ ഈ വാര്‍ദ്ധക്യത്തില്‍ രണ്ടും കല്പിച്ച് പ്രസിദ്ധീകരിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.