‘എന്റെ രക്ഷകന്‍’; വി.മധുസൂദനന്‍ നായര്‍ രചിച്ച കാവ്യനാടകം
ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി. മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍. എക്കാലത്തെയും മര്‍ത്ത്യരാശിക്കുവേണ്ടി, ജീവരാശിക്കുവേണ്ടി ക്രിസ്തു ഏറ്റെടുത്ത വേദനയ്ക്കും സ്വയം വരിച്ച ജീവത്യാഗത്തിനും ഊന്നല്‍ നല്കുന്ന കാവ്യശില്പം. യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെടുകയാണ് എന്റെ രക്ഷകന്‍ എന്ന ഈ കാവ്യശില്പത്തിലൂടെ.
സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനവും രംഗാവിഷ്‌കാരവും നിര്‍വഹിച്ച ഈ കാവ്യശില്പം പല വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. വി മധുസൂദനന്‍ നായരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതമൊരുക്കിയിരുന്നത്.
പ്രപഞ്ചമഹാകാനനത്തെ ഹിമബിന്ദുവിലൊതുക്കാന്‍ ശ്രമിക്കുംപോലൊരു മഹായജ്ഞമായിരുന്നു എന്റെ രക്ഷകന്‍ എഴുതുമ്പോള്‍ രചയിതാവായ താന്‍ അനുഷ്ഠിച്ചതെന്ന് മധുസൂദനന്‍ നായര്‍ പറയുന്നു. ഒന്നരര്‍ഷത്തിലേറെ നീണ്ട അവിശ്രമമായ ആ യജ്ഞത്തിന്റെ ഫലമായ ബിന്ദുവിനെ പ്രകാശമാനമാക്കാനുള്ള മറ്റൊരു മഹാപ്രയത്മായിരുന്നു സംവിധായകനായ സൂര്യ കൃഷ്ണമൂര്‍ത്തിയുടേതെന്നും അദ്ദേഹം പുസ്തകരചനാ വേളയില്‍ അനുസ്മരിക്കുന്നു.
തന്റെ എഴുത്തുവഴിയില്‍ സഹായകമായ വ്യക്തികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും മധുസൂദനന്‍ നായര്‍ കുറിക്കുന്നതിങ്ങനെ…
”ബഞ്ചമിന്റെ ആവശ്യം പുരസ്‌കരിച്ച് ഞാനെഴുതേണ്ടിയിരുന്നത് പുതിയ നിയമത്തിലെ മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളിലെ നിര്‍ദിഷ്ടഭാഗങ്ങളെ ആധാരമാക്കിയാണ്. എഴുതണമെന്നുറച്ചപ്പോള്‍ ഞാന്‍ എന്നിലെ ഇരുട്ടും സങ്കീര്‍ണതയും കുറേയെങ്കിലും മായ്ക്കാന്‍ പരിശ്രമം തുടങ്ങി. പോകെപ്പോകെ ആ ദേവപുത്രകഥയുടെ ഗുരുത്വവും മഹത്ത്വവും ദര്‍ശനഗരിമയും എന്നെ വിഭ്രമിപ്പിച്ചു. അത്യല്പവിഭവനാണു ഞാന്‍ എന്ന് കൂടുതലറിഞ്ഞു. പുതിയ നിയമത്തിലെ വെളിപാടു പുസ്തകംവരെയുള്ള ഇരുപത്തേഴു പുസ്തകങ്ങളും പല ആവൃത്തി വായിച്ചു. ”ഈ ഗ്രന്ഥം തുറക്കാനും മുദ്രകള്‍ പൊട്ടിക്കാനും യോഗ്യതയുള്ളവന്‍ ആര്?” ഏതോ മാലാഖ ഇങ്ങനെ ചോദിക്കുന്നതായിത്തോന്നി. ”ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യസന്ധവുമാകുന്നു” എന്ന വെളിപാടു വചനം ബലംതന്നു. പഴയനിയമം ഉത്പത്തിപുസ്തകം മുതല്‍ സഞ്ചാരം തുടങ്ങി.
”വെളിച്ചമുണ്ടാവട്ടെ” എന്ന ഉത്പത്തിപുസ്തകത്തിലെ ഈശ്വരവചനം യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭമായ ”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു. ദൈവമായിരുന്നു ആ വചനം….. എല്ലാം അവന്‍ വഴി ഉണ്ടായി. ഉണ്ടായതൊന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിലായിരുന്നു ജീവന്‍. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു….. ഇരുള്‍ അതിനെ കീഴടക്കിയിട്ടില്ല.” എന്നീ വചനങ്ങളുമായി ബന്ധപ്പെടുന്നില്ലേ? ”വചനം മാംസമായി കൃപയും സത്യവും നിറഞ്ഞ് നമ്മുടെ ഇടയില്‍പ്പാര്‍ത്തു” എന്ന സുവിശേഷവചനത്തില്‍ വിശ്വോത്പത്തിരഹസ്യങ്ങള്‍ കൂടെയില്ലേ? ”എന്റെ പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണ്” എന്ന ക്രിസ്തുവചനത്തില്‍ അദ്വയമായ മഹാതത്ത്വത്തിന്റെ ധ്വനിയില്ലേ? കിങ് ജെയിംസ് വെര്‍ഷന്‍, ന്യൂ ഇംഗ്ലീഷ് ബൈബിള്‍ തുടങ്ങി ഇംഗ്ലീഷില്‍ ലഭ്യമായ ബൈബിളുകള്‍, ചില വ്യാഖ്യാനങ്ങള്‍, ഗുണ്ടര്‍ട്ടിന്റേതുമുതല്‍ സത്യവേദപുസ്തകവും കെ സി ബി സി ബൈബിള്‍ കമ്മിഷന്‍ ബൈബിളും ഉള്‍പ്പെടെയുള്ള മലയാളം ബൈബിളുകള്‍, ഹെന്റി വാര്‍ഡ് ബീച്ചര്‍, െസയിന്റ് ബോണോവെഞ്ചര്‍ തുടങ്ങിയവരെഴുതിയ ക്രിസ്തുചരിത്രങ്ങള്‍, കാവ്യങ്ങള്‍, ചില നാടകങ്ങള്‍, മര്‍ഡര്‍ ഓഫ് ക്രൈസ്റ്റ് തുടങ്ങിയ ആധുനിക ഗ്രന്ഥങ്ങള്‍, തോമസ് കെംപിസിന്റെ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ക്രൈസ്റ്റ് ലിവ്ഡ് ഇന്‍ ഇന്ത്യ, ദി ലോസ്റ്റ് ഇയേഴ്‌സ് ഓഫ് ജീസസ്, ദി അണ്‍നോണ്‍ ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ്, ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ, ക്രിയേഷന്‍ അന്‍ഡ് കമേനന്റ് തുടങ്ങി കുറേയധികം ഗ്രന്ഥങ്ങളെ തുണയ്ക്കായി ആവുന്നത്ര സമീപിച്ചു.
ഡിക്ഷ്ണറി ഓഫ് ദി ബൈബിള്‍ പോലുള്ള ആകരഗ്രന്ഥങ്ങളെയും ആശ്രയിച്ചു. ഡോ. ബാബുപോളിന്റെ വേദശബ്ദരത്‌നാകരം എപ്പോഴും ഒരു രക്ഷയായിത്തീര്‍ന്നു. പ്രൊഫ. പി സി ദേവസ്യയുടെ ‘ക്രിസ്തുഭാഗവതം’, ഷെവലിയര്‍ ഐ സി ചാക്കോയുടെ ‘ക്രിസ്തു സഹസ്രനാമം’ എന്നീ അമൂല്യഗ്രന്ഥങ്ങള്‍ എന്റെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി അവിടെ പുതിയൊരാകാശം വിടര്‍ത്തിത്തന്നു. ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ ‘ബൈബിള്‍-സമാനവാക്യസമാഹാരം’ വലിയൊരു വഴികാട്ടിയായി”…
Comments are closed.