DCBOOKS
Malayalam News Literature Website

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് യുവതികള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇരുമുടിക്കെട്ടുമായി ദര്‍ശനം നടത്തിയെന്ന് യുവതികള്‍. കഴിഞ്ഞ ദിവസം മല കയറാനെത്തി പ്രതിഷേധം നേരിട്ടതിനെ തുടര്‍ന്ന് തിരികെമടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് ദര്‍ശനം നടത്തി മടങ്ങിയത്. പരിമിതമായ പൊലീസ് സംരക്ഷണത്തിലാണ് ഇന്നു പുലര്‍ച്ചെയോടെ ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയത്. കറുപ്പ് വസ്ത്രവും ഇരുമുടിക്കെട്ടുമായി യുവതികള്‍ സന്നിധാനത്തു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മഫ്ത്തിയില്‍ എത്തിയ ഏതാനും പൊലീസുകാരുടെ സംരക്ഷണയില്‍ ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഇരുവരും ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി സമീപത്തുള്ള പടികളിലൂടെയാണ് ഇരുവരും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. പുലര്‍ച്ച മൂന്നു മണിയോടെയാണ് ശബരിമല നട തുറക്കുന്നത്. ഇരുവരും മൂന്നേമുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മല കയറിയതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ബിന്ദുവും കനകദുര്‍ഗയും ആറു പുരുഷന്മാരും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഘം പമ്പയിലെത്തിയത്. പമ്പയില്‍ എത്തിയ ശേഷം പൊലീസിനോട് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ പരിമിതമായ സുരക്ഷ നല്‍കാമെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് സംരക്ഷണം ഇല്ലെങ്കിലും ഇരുവരും മല കയറുമെന്ന് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24നാണ് ഇതിനു മുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും സന്നിധാനത്തിന് സമീപത്തുവെച്ചുതന്നെ തിരിച്ചിറങ്ങി. പിന്നീട് ഇരുവരും പൊലീസ് സംരക്ഷണത്തിലായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സഹോദരന്‍ പരാതി നല്‍കിയിരുന്നു.

Comments are closed.