DCBOOKS
Malayalam News Literature Website

സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാര്‍ കീഴടങ്ങി

ദില്ലി: 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍( 73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

സജ്ജന്‍കുമാര്‍ ഉള്‍പ്പെടെ ആറ് പ്രതികളും ഈ മാസം 31-ന് കീഴടങ്ങണമെന്നും ദില്ലി വിട്ടുപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധിക്കു പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവെച്ചിരുന്നു. നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. സജ്ജന്‍കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു തള്ളിയാണു ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി ജീവിതാന്ത്യം വരെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 3000-ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Comments are closed.