ജനുവരി 31ന് എംഡിആര്‍ ഡേ ആചരിക്കുന്നു
പ്രശസ്ത കര്‍ണ്ണാടക സംഗീതഞ്ജനായിരുന്ന എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന എം.ഡി.രാമനാഥന്റെ സ്മരണാര്‍ത്ഥം എംഡിആര്‍ ഡേ ആചരിക്കുന്നു. 16-ാമത് എംഡിആര്‍ ദിനാഘോഷമാണിത്. ജനുവരി 31 ന് തൃപ്പുണിത്തുറ എന്‍ എം ഫുഡ് വേള്‍ഡില്‍(ലായം റോഡ്) വൈകിട്ട് 5.30ന് പ്രശസ്ത നാഗസ്വര വിദ്വാനാണ് തിരുവിഴ ജയശങ്കര്‍ എംഡിആര്‍ ഡേ ഉദ്ഘാടനം ചെയ്യും. പത്മഭുഷണം ഡോ ടി വി ഗോപാലകൃഷ്ണന്‍ ആദരപ്രസംഗം നടത്തും. കൃഷ്ണമൂര്‍ത്തി സ്വാഗതവും കെ പ്രദീപ് നന്ദിയും പറയും.
തുടര്‍ന്ന് പ്രമുഖ കര്‍ണ്ണാടകസംഗീതജ്ഞന്‍ പ്രിന്‍സ് രാമവര്‍മ്മ, വയലിനിസ്റ്റ് എസ് വരദരാജന്‍, പത്മഭൂഷണ്‍ ഡോ ടി വി ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീതക്കച്ചേരിയും അരങ്ങേറും.
പാലക്കാട് ജില്ലയിലെ മഞ്ഞപ്പാറ എന്നസ്ഥലത്താണ് 1923 മെയ് 20 നു എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന എം.ഡി രാമനാഥന്‍ ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ദേവേശ ഭാഗവതര്‍ കര്‍ണ്ണാടക സംഗീതത്തില്‍ അവഗാഹമുള്ളയാളും ഗായകനുമായിരുന്നു. പാലക്കാട് വിക്ടോറിയാ കോളജില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയ രാമനാഥന്‍ സംഗീതത്തില്‍ പഠനം നടത്തുന്നതിനു വേണ്ടി മദ്രാസ്സിലേയ്ക്കു താമസം മാറുകയാണ് ചെയ്തത്. ഈ കാലയളവില്‍ തന്നെയാണ് രുഗ്മിണീ ദേവി അരുണ്ഡേല്‍ കലാക്ഷേത്രയില്‍ ‘സംഗീത ശിരോമണി’കോഴ്‌സ് തുടങ്ങുന്നത്. 1944 ല്‍ സമാരംഭിച്ച ആദ്യബാച്ചില്‍ പ്രവേശനം കിട്ടിയത് രാമനാഥനുമാത്രമായിരുന്നു.അല്പകാലത്തിനുള്ളില്‍ തന്നെ പ്രസിദ്ധ സംഗീതഞ്ജനായിരുന്ന ടൈഗര്‍ വരദാചാരിയുടെ പ്രിയപ്പെട്ട ശിഷ്യനുമായിത്തീര്‍ന്നു. ഈ ഗുരുശിഷ്യ ബന്ധം 1950 ല്‍ ‘ടൈഗര്‍’അന്തരിയ്ക്കുന്നതുവരെത്തുടര്‍ന്നു. പില്‍ക്കാലത്ത് കലാക്ഷേത്രയില്‍ സംഗീതത്തിന്റെ പ്രൊഫസ്സറായും പിന്നീട് ആ സ്ഥാപനത്തിന്റെ തലവനായും എം.ഡി.ആര്‍. ചുമതല വഹിച്ചു.
തികച്ചും വ്യത്യസ്തമായ ഒരു ആലാപനശൈലിയ്ക്കുടമയായിരുന്നു എം.ഡി.ആര്‍. ഗുരുവിനെപ്പോലെ അതിവിളംബിതശൈലി പിന്തുടര്‍ന്ന എം.ഡി.ആര്‍.രാഗങ്ങളുടെ ഭാവതീവ്രത ലേശവും ചോര്‍ന്നുപോകാതെ തന്നെ ആസ്വാദകര്‍ക്ക് അവ അനുഭവേദ്യമാക്കുകയുണ്ടായി. ശഹാന, ശ്രീ, ആനന്ദഭൈരവി, രീതിഗൗള, യദുകുല കാംബോജി, ഹംസധ്വനി ഇവയായിരുന്നു എം.ഡി.ആറിന്റെ പ്രിയപ്പെട്ട രാഗങ്ങള്‍. കര്‍ണ്ണാടക സംഗീതത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നും സംഗതികളില്‍ നിന്നും വ്യതിചലിച്ച് തികച്ചും മൗലികമായ ഒരു പന്ഥാവിലൂടെ സഞ്ചരിച്ച സംഗീതഞ്ജനായിരുന്നു എം.ഡി.ആര്‍.
ഏതാണ്ട് 300 ലധികം സംഗീതകൃതികള്‍ തെലുങ്ക്, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലായി എം.ഡി.ആര്‍.രചിച്ചിട്ടുണ്ട്. തന്റെ ഗുരുനാഥനായ വരദാചാരിയോടുള്ള ബഹുമാനാര്‍ത്ഥം തന്റെ കൃതികളില്‍ ‘വരദദാസ’എന്ന മുദ്ര അദ്ദേഹം ചേര്‍ക്കുകയുണ്ടായി. 1984 ഏപ്രില്‍ 27ന് അദ്ദേഹം അന്തരിച്ചു
Comments are closed.