കേരളത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട നളിനി ജമീലയുടെ ആത്മകഥ
കേരളത്തില്‍ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ആത്മകഥയാണ് നളിനി ജമീലയുടെ ഞാന്‍ ലൈംഗികത്തൊഴിലാളിയെന്ന കൃതി. മലയാളികളുടെ സദാചാരബോധത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് താന്‍ ഒരു ലൈംഗികത്തൊഴിലാളിയാണെന്ന് തുറന്ന് പറഞ്ഞ നളിനി ജമീല തന്റെ ജീവിതാനുഭവങ്ങള്‍ തുറന്നു പറയുകയാണ് ഈ ആത്മകഥയിലൂടെ.
24-ആം വയസ്സില്‍ ഭര്‍ത്താവിന്റെ മരണശേഷം കുടുംബം പുലര്‍ത്തുന്നതിനു വേണ്ടിയാണ് ലൈംഗിക തൊഴിലാളി ആയതെന്ന് നളിനി പറയുന്നു. ‘എനിക്ക് 51 വയസ്സുണ്ട്, ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആയി തുടരാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് നളിനി ആത്മകഥയില്‍ വ്യക്തമാക്കുന്നത്. ലൈംഗിക തൊഴിലാളികളോടും അവരുടെ ഉപഭോക്താക്കളോടുമുള്ള സമൂഹത്തിന്റെ ഇടപെടലുകള്‍ ഈ കൃതിയില്‍ നളിനി തുറന്നു കാട്ടുന്നു. ലൈംഗികതൊഴിലാളികളെ വെറുക്കുകയും എന്നാല്‍ ഉപഭോക്താക്കളോട് മൃദുവായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നതിനെ നളിനി ശക്തമായി വിമര്‍ശിക്കുന്നു. ലൈംഗിക തൊഴിലാളികള്‍ സമൂഹത്തിന് ഒരു സേവനമാണ് ചെയ്യുന്നതെന്ന് ആത്മകഥയില്‍ അവര്‍ പറയുന്നു.
വായ് കൊണ്ട് അധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയും പോലെ തന്നെയാണ് ശരീരം കൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥയാണ് ഞാന്‍ ലൈംഗികത്തൊഴിലാളി.
2005 ഡിസംബറിലാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് ഡി.സി ബുക്‌സ് പുറത്തിറക്കുന്നത്. ഇപ്പോള്‍ 15-ാം പതിപ്പിലെത്തി നില്‍ക്കുന്ന ഈ ആത്മകഥയുടെ തുടര്‍ച്ചയായി നളിനി ജമീല എഴുതിയ എന്റെ ആണുങ്ങള്‍ എന്ന കൃതിയും അടുത്തിടെ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
Comments are closed.