ഭയം ചിറകടിച്ചുയര്‍ന്ന 125 വര്‍ഷങ്ങള്‍; ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയ്ക്ക് 125 വയസ്സ്
ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള ലോകം വായിച്ചു തുടങ്ങിയിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്നു.ബ്രാം സ്‌റ്റോക്കര്‍ 1897ലാണ് ഈ ഭീകര നോവല്‍ എഴുതിയത്. സ്‌റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടി. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്‌റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഇതൊരു എപ്പിസ്‌റ്റോളറി ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, കപ്പല്‍ രേഖകള്‍ എന്നിവയില്‍ കൂടിയാണ്. പുസ്തകത്തിന്റെ പന്ത്രണ്ടാം പതിപ്പ് പുറത്തിറങ്ങി. എം.പി. സദാശിവനാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമങ്ങളില്‍ ഭീകരമായി വാപൊളിച്ചു തുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായക്കൂട്ടങ്ങളുടെയും അവയുടെയെല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡ്രാക്കുളപ്രഭുവിന്റെയും വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്ഭുതകഥയാണ് ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള.
കാര്‍പത്യന്‍മലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകല്‍ സമയം മുഴുവന്‍ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും യാമങ്ങളില്‍ ശവപ്പെട്ടിക്കുള്ളില്‍ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. തന്റെ ചൈതന്യം നിലനിര്‍ത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികള്‍ യക്ഷികളായി മാറി കൊട്ടാരത്തില്‍ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതന്‍ എന്ന അഭിഭാഷകന്‍ കഥാപാത്രം ദുര്‍ഘടമായ യാത്രകളിലൂടെ കൊട്ടാരത്തില്‍ എത്തിച്ചേരുന്നു. നഗരത്തെക്കുറിച്ച് ജോനാതനില്‍ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണര്‍ത്തിച്ചു. തിരക്കാര്‍ന്ന നഗരത്തില്‍ യാമങ്ങളില്‍ തന്റെ രക്തപാനം വര്‍ദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടല്‍. തന്റെ ലക്ഷ്യ സാഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നു. നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരില്‍ തന്നെ ആദ്യം തന്റെ ശ്രമങ്ങള്‍ ആരംഭിക്കുന്നു. അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു…എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കൃതിയാണ് ഡ്രാക്കുള.
Comments are closed.