മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം!
വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തിന് ശ്രുതി എസ് പങ്കജ് എഴുതിയ വായനാനുഭവം
ഇന്നത്തെ കാലത്തെ രേഖപ്പെടുത്തി വയ്ക്കുകയാണ് വി ഷിനിലാലിന്റെ ‘124’. 124 ഇതെന്തു പേരാണ് എന്ന് ആദ്യം കേട്ടപ്പോൾ ഞാനും ഒന്നു ചിന്തിച്ചു. വായിച്ചു തുടങ്ങിയപ്പോഴാണ് മനസിലാവുന്നത് ഇന്ത്യയിൽ ഇന്ന് ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്ന രാജ്യദ്രോഹ കുറ്റത്തിന്റെ വകുപ്പാണ് 124. പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, കനയ്യ കുമാർ അടക്കമുള്ള വിദ്യാർത്ഥികൾ തുടങ്ങി ഭരണകൂടത്തെ എതിർക്കുന്ന ആർക്കെതിരെയും ഉപയോഗപ്പെടുത്തി നരകിപ്പിക്കാൻ ഇന്ന് ഇന്ത്യയിൽ ഉപയോഗിക്കുന്ന ജാമ്യമില്ലാത്ത വകുപ്പ്. ഈ വകുപ്പ് ചാർത്തി കിട്ടിയാൽ ഒരു പക്ഷെ മോബ് ലിഞ്ചിങ്ങിന് വരെ ഇരയാക്കപ്പെടാം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടിഷ് കാർ തുടങ്ങിയ വകുപ്പ് . ഈയിടെ ബ്രിട്ടനിൽ വരെ അത് പിൻവലിച്ചു. ഇന്നും ഇന്ത്യയിൽ ഇത് തുടരുന്നു. ഈ വകുപ്പിൽ അകത്താക്കപ്പെട്ട ഏറ്റവും വലിയ VIP മഹാത്മാ ഗാന്ധിയായിരുന്നു. അദ്ദേഹം അക്കാലത്ത് തന്നെ ഇത്തരം ഒരു വകുപ്പിനെ ശക്തമായി എതിർത്തിരുന്നു.
രസകരമായ ഒരു കഥയെഴുത്ത് ശൈലിയാണ് ഷിനി ലാലിന്റേത്. തുടക്കത്തിൽ പറയുന്ന ആമുഖം കഴിഞ്ഞു നോവൽ തുടങ്ങാൻ കാത്തിരുന്ന എനിക്ക് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ഞാൻ നോവലിലേക്ക് കടന്നു കഴിഞ്ഞു എന്നത്. ഈ നോവലിലെ കേന്ദ്ര കഥാപാത്രം ഷിനി ലാൽ എന്ന നോവലിസ്റ്റു തന്നെയാണ്. ഷിനിലാൽ എന്ന നോവലിസ്റ്റിന്റെ ആത്മസംഘർഷങ്ങളും കുടുംബത്തിന്റെ കാര്യങ്ങളും ഒക്കെ വിശദീകരിച്ചു പറഞ്ഞു കൊണ്ട് തുടങ്ങിയപ്പോൾ ആമുഖം എന്നാണ് ഞാൻ കരുതിയത്. അല്ല ഞാൻ നോവലിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന നോവലിസ്റ്റ് മറ്റൊരു കേസിൽ 124 ചാർജ് ചെയ്യപ്പെട്ട് ജീവിതത്തിന്റെ ഇരുട്ടറയിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെടുന്നതാണ് ഇതിവൃത്തം. പരാതി കൊടുത്തത് കുട്ടിക്കാലത്ത് ഒപ്പം പഠിച്ച് ഇന്ന് വലതു പക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാൾ. കുട്ടിക്കാലത്തെ ഒരു സംഭവമാണ് കേസിനെ ബലപ്പെടുത്താൻ അയാൾ പറയുന്നത് എന്നത് സർക്കാസമായി തോന്നാമെങ്കിലും ഇന്ത്യയിൽ അതിനേക്കാൾ വിചിത്രമായ പല കാര്യങ്ങളും ഈ വകുപ്പുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്.
മറ്റൊരു കാര്യം പുസ്തത്തിന്റെ റീഡബിലിറ്റി ആണ് അനാവശ്യ ജാർഗൺസോ ഏച്ചുകെട്ടിയ ഭാഷയോ ഇല്ല. ഞാൻ ഒറ്റയിരിപ്പിനാണ് വായിച്ചു തീർത്തത്.
Comments are closed.