വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം!
വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തിന് ജോണി എം എല്‍ എഴുതിയ വായനാനുഭവം.
സെക്ഷൻ 124 A രാജ്യദ്രോഹമാണ്;വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം. ഷിനിലാലിൻറെ ‘124’ എന്ന നോവൽ അതെക്കുറിച്ചാണ്.
ഒരു മിനിക്കഥയോ അതിന്റെ തർജ്ജമയോ മതി കർത്താവകത്താകാൻ. നോവലിസ്റ്റ് തന്നെ അങ്ങനെ അകത്താകുന്നു. കാഫ്കയുടെ ദുർഗത്തിലെന്നപോലെ അയാൾക്കൊരു തിരിച്ചുപോക്കില്ല. എൻകൗണ്ടറിലൊടുങ്ങും മുൻപ് അയാൾ സ്വന്തം കാലത്തെയും ജീവിതത്തെയും ധർമ്മവിചാരം ചെയ്യുന്നു.
മലയിടിഞ്ഞു വരുന്ന ഭീമൻ പാറ പോലെ ആഖ്യാനം പരിസമാപ്തിയിലേയ്ക്ക് പതിക്കുന്നു. ഭരണകൂടത്തിന്റെ നൃശംസത വ്യക്തമാക്കാൻ സമകാലസംഭവങ്ങളെ മുഴുവൻ ചേർക്കാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്: ജീവിച്ചിരിക്കുന്നവരെയും പരിചിതരെയുംപേരെടുത്തു കഥാപാത്രങ്ങളാക്കുന്നതു പോലുമുണ്ട്.
ചരിത്രത്തെയൊന്നാകെ പിടിച്ചെടുക്കാനുള്ള വ്യഗ്രതയിൽ നോവൽ കഥയായിപ്പോകുന്നുണ്ട്. ശ്ലോകത്തിൽ കഴിക്കേണ്ടി വരുന്നുണ്ട് പലതും. അതിനുള്ള ജാമ്യം ഷിനിലാൽ ആമുഖത്തിൽ എടുത്തിട്ടുണ്ട്. മുപ്പത്തെട്ടാമത്തെ അധ്യായം രസിച്ചു. മൃതിയിലും മഹിളമാർ മറക്കാ മാനം എന്ന് ആശാൻ പറഞ്ഞതു പോലെ മരണസമക്ഷത്തിലും മലയാളി സാഹിത്യകാരൻ സ്വന്തം അനുഭവം പറയാൻ മാർകേസിനെയോ വിജയനെയോ തേടുന്ന ഐറണി നോവലിസ്റ്റ് സൂചിപ്പിക്കുന്നു.
ശതശാഖിയായൊരു തരുവാകുമായിരുന്ന ഒന്നിനെ ബോൺസായി ആക്കി എന്ന ദോഷമൊഴിച്ചാൽ പാരായണവേഗം നൽകുന്ന നോവലാണിത്. ഗീതാ ഹരിഹരന്റെ ഐ ഹാവ് ബികം ദ ടൈഡ് എന്ന നോവലുംവായനക്കാർക്ക് സമാന്തരമായി വായിച്ചു നോക്കാവുന്നതാണ്.
Comments are closed.