DCBOOKS
Malayalam News Literature Website

‘124’ ശക്തമായ രാഷ്ട്രീയ നോവല്‍

വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തിന് പി.വി.ദേവന്‍ എഴുതിയ വായനാനുഭവം

വിയോജിപ്പുകളെ അധികാരവും ബലപ്രയോഗവും വഴി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകത്തെവിടെയുമുള്ള ഭരണകൂടഭീകരതക്കെതിരെ എഴുത്തുകാരന്റെ സര്‍ഗാത്മക ഇടപെടലും, വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ നോവല്‍. ഒപ്പംതന്നെ ഇതിനൊക്കെയെതിരേയുള്ള എഴുത്തിന്റെ പ്രതിരോധവും,  പ്രത്യാക്രമണവുമായി മാറുകയും ചെയ്യുന്നു 124. ഭരണഘടനാമൂല്യങ്ങള്‍ കാറ്റില്‍ പറത്തിയും
മനുഷ്യാവകാശങ്ങളെ വെല്ലുവിളിച്ചും, ഏകാധിപത്യത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കടന്നുകയറ്റത്തിനെതിരെ എഴുത്തിന്റെ ശക്തി കരുത്തോടെ അടയാളപ്പെടുത്തുന്നുണ്ട് ഷിനിലാല്‍.

Textപ്രമേയത്തിലും ആഖ്യാനത്തിലും വിജയകരമായി നടത്തുന്ന വേറിട്ട പരീക്ഷണത്തോടൊപ്പം എഴുത്തുകാരന്‍ സ്വന്തം പേരില്‍ തന്നെ നോവലിലെ നായകകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ടിതില്‍. ദേശസ്‌നേഹം ഭരണകൂടത്തിന്റെ ഇരുട്ടറകളില്‍ വെച്ച് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുകയും, വികൃതമാക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് ഒരു മിനിസ്‌ക്രീനിലെന്ന പോലെ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നു.

ഒരു ജനാധിപത്യരാജ്യത്തെ സ്വതന്ത്ര ചിന്തകരും, എഴുത്തുകാരും, ആക്ടിവിസ്റ്റുകളും അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടഭീകരതയുടെ വേട്ടയാടലിന് വിധേയമാകുന്നതിന്റെ പച്ചയായ ആവിഷ്‌കാരം.. ഇരകളാക്കേണ്ട സാമൂഹ്യ പ്രവര്‍ത്തകരുടെ സമൂഹമാധ്യമ സൈറ്റുകള്‍ നിയമപാലകര്‍ തന്നെ ഹാക്ക് ചെയ്ത് കൃത്രിമ തെളിവുകള്‍ ചമച്ച് തടങ്കലിലടക്കുകയും തങ്ങള്‍ക്കെതിരെ ഉയരുന്ന നാവുകളെ ഭയപ്പെടുത്തി നിര്‍വ്വീര്യമാക്കുകയോ ഏറ്റുമുട്ടല്‍കൊലപാതകങ്ങളിലൂടെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റെ ഭീകരത വായനക്കാരന്റെ ഉള്ളില്‍ തട്ടുംവിധം ആവിഷ്‌കരിച്ചിരിക്കുന്നു… മനുഷ്യന്റെ സ്വതന്ത്രജീവിതത്തിനും ആവിഷ്‌കാരങ്ങള്‍ക്കും വിലക്കുകളും വിലങ്ങുകളും തീര്‍ക്കുന്ന ഏകാതിപത്യ പ്രവണതകള്‍ക്കെതിരെ ചിന്തിക്കുന്ന ഏവരേയും ആവേശം കൊള്ളിക്കുന്നതാണീ നോവല്‍….

ദേശീയ രാഷ്ട്രീയത്തിലെ ബുദ്ധിജീവികളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിഷ്‌കരുണം ഇല്ലാതാക്കിയതിന്റെ നിഗൂഢതകള്‍ ഓരോന്നായി പുറത്തുവരുന്ന വര്‍ത്തമാനകാലം ഈ നോവല്‍
ഇതിവൃത്തത്തെ കൂടുതല്‍ സാധൂകരിക്കുകയും ചെയ്യുന്നു. 124 എന്ന നോവലിന്റെ അവസാനപേജുകള്‍ വായിക്കുമ്പോള്‍ തന്നെ മനുഷ്യാവകാശപ്രവര്‍ത്തകനായിരുന്ന സ്റ്റാന്‍സാമി എന്ന വയോധികന്റെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ച ഭരണകൂട ഇടപെടലിന്റെ ക്രൂരതകള്‍ തെളിയിക്കുന്ന വാര്‍ത്തകളും പുറത്തുവന്നത് യാദൃശ്ചികമാണെങ്കിലും അത് വായനയെ കൂടതല്‍ ചിന്തോദ്ധീപക മാക്കിയിരിക്കുന്നു…

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.