അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങള്‍; പ്രമുഖര്‍ പങ്കാളികളാകുന്നു
അപസര്‍പ്പക രചനകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികം ഒക്ടോബര്‍ മാസം മലയാളത്തിലെ 100 പ്രമുഖ എഴുത്തുകാരും സെലിബ്രിറ്റികളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഒരുമിച്ച് ആഘോഷിക്കുന്നു. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോടിക്കണക്കിന് ആരാധകരുള്ള, ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി. 70 ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും അഗതാ ക്രിസ്റ്റി എഴുതി. പതിനാല് നാടകങ്ങള്‍ രചിച്ചതില്‍ ദി മൗസ് ട്രാപ്പ് എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചു. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തില്‍ ആറ് റൊമാന്റിക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റ് നാല് കൃതികള്‍കൂടി ഇവരുടേതായിട്ടുണ്ട്.
100ല്‍ അധികം ഭാഷകളിലേക്കാണ് അഗതാ ക്രിസ്റ്റിയുടെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അഗതാ ക്രിസ്റ്റിയുടെ കൃതികള്‍ ഇരൂന്നൂറ് കോടിയിലധികം കോപ്പികളാണ് ലോകമെന്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറായി അറിയപ്പെടുന്ന ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല എന്ന നോവല്‍ ഒരു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.
Comments are closed.