DCBOOKS
Malayalam News Literature Website

‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’; ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുന്നു

നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ആദ്യ ഭാഗം ഡിസംബര്‍ 11 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുന്നു. രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ചിരിക്കുന്ന സീരിസിന്റെ എട്ട് എപ്പിസോഡുകളുള്ള ആദ്യഭാഗമാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓഡിയോ വിഷ്വല്‍ പ്രോജക്ടുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ വെബ് സീരീസ് ലോറാ മോറ, അലക്സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും കൊളംബിയ പശ്ചാത്തലമാക്കി സ്പാനിഷ് ഭാഷയിലാണ് സീരിസ് ചിത്രീകരിച്ചിരിക്കുന്നത്. 1967ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ കൊളംബിയയിലെ സാങ്കല്‍പ്പിക നഗരമായ മക്കോണ്ടയിലുള്ള ബ്യൂണ്ടിയ കുടുംബത്തിലെ വിവിധ തലമുറകളുടെ കഥയാണ് വിവരിക്കുന്നത്.

1982ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ നോവലായ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സ്പാനിഷ്-അമേരിക്കന്‍ സാഹിത്യത്തില്‍ മാസ്റ്റര്‍പീസായാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും വലിയ പ്രചാരം നേടിയ നോവലിന്റെ അഞ്ച് കോടിയിലധികം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 40ല്‍ പരം ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ മലയാളം പരിഭാഷ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍കേസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില്‍ കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്‍ ഈ നോവലിലൂടെ.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.