DCBOOKS
Malayalam News Literature Website

വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ വിലക്കിയ നോവല്‍

തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാള്‍ മുരുകന്‍ എഴുതിയ മാതൊരുപാകന്‍’ എന്ന നോവലിന്റെ മലയാളപരിഭാഷയാണ് ‘അര്‍ദ്ധനാരീശ്വരന്‍‘. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സ്ങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചുമലകയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭ്യാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്തതാണ് ഈ നോവലിന്റെ അന്തര്‍ധാര. എന്നാല്‍ കുട്ടികളില്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ രഥോല്‍സവ രാത്രിയില്‍ അന്യപുരുഷന്മാരുമായി ഇണചേര്‍ന്നു ഗര്‍ഭിണികളാകുന്നുവെന്ന നോവലിലെ പരാമര്‍ശത്തിനെതിരെ വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ രംഗത്തുവരുകയും തമിഴന്ാട്ടില്‍ ഈ നോവല്‍ വിലക്കുകയും ചെയ്തു.

അതോടെ പെരുമാള്‍ മുരുകന്‍ എന്ന സാഹിത്യപ്രതിഭയ്ക്ക് തന്റെ പേന താഴെവച്ച് എഴുത്തുനിര്‍ത്തേണ്ടിവന്നു. പക്ഷേ ഫാസിസ്റ്റു ഭീഷണിയാല്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷചെയ്യപ്പെട്ടത്. മലയാളക്കര ഏറ്റെടുത്ത അര്‍ദ്ധനാരീശ്വരന്‍ ചുരുങ്ങിയ കാലം കൊണ്ട് ആയിരക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ചെയ്തു. ഇപ്പോള്‍ പുസ്തകത്തിന്റെ 10-ാമതു പതിപ്പ് പുറത്തിറങ്ങി. ഡോ. അപ്പു ജേക്കബ് ജോണ്‍ ആണ് അര്‍ദ്ധനാരീശ്വരന്‍ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തത്. മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഈ നോവലും ഇടംപിടിച്ചിട്ടുണ്ട്.

ആറ് നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാസമഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ കൃതികള്‍ പലതും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘മാതൊരുപാകന്‍’ എന്ന നോവല്‍ അദ്ദേഹം രചിച്ചത് 2010ല്‍ ആയിരുന്നു. അന്നൊന്നും നോവലിനെതിരെ ആരും വിമര്‍ശനം ഉന്നയിച്ചില്ല. എന്നാല്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതോടെയാണ് നോവലില്‍ വര്‍ഗ്ഗീയവിഷം കലര്‍ത്താന്‍ മതമൗലികവാദികള്‍ തുനിഞ്ഞിറങ്ങിയത്. ഈ അടുത്തിടയ്ക്ക് ഇതുമായിബന്ധപ്പെട്ട കേസുകള്‍ വിജയിക്കുകയും പെരുമാള്‍ മുരുകന്‍ വീണ്ടും എഴുതിത്തുടങ്ങുകയും സാഹിത്യരംഗത്ത് സജീവമാകുകയും ചെയ്തു. പെരുമാള്‍ മുരുകന്റെ കീഴാളന്‍ എന്ന നോവലും വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു

Comments are closed.