DCBOOKS
Malayalam News Literature Website

സുന്ദരിയമ്മ-ജയേഷ് അഥവാ പൊലീസ് സദാചാരം

തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ടൊവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം. ആള്‍ക്കൂട്ട അതിക്രമങ്ങളും സദാചാര പൊലീസിങ്ങും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാവുകയാണ് ഈ ചിത്രം. പുതിയ കാലത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്.

2014 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ വന്ന ജീവന്‍ ജോബ് തോമസിന്റെ അന്വേഷണാത്മക ലേഖനമാണ് മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയ്ക്ക് ആധാരം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ജീവന്‍ ജോബ് തോമസ് തന്നെയാണ് രചിച്ചിരിക്കുന്നത്.

 

പച്ചക്കുതിരയില്‍ 2014 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ജീവന്‍ ജോബ് തോമസിന്റെ ലേഖനം

സാമൂഹിക ജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും സംബന്ധിച്ച് വളരെ പുരോഗമനപരമായ ഒരു പുതിയ ചര്‍ച്ച കേരളീയ സമൂഹത്തില്‍ ആരംഭിച്ചു കഴിഞ്ഞ കാലമാണ് ഇത്. സദാചാരലംഘനത്തിന്റെ പേരില്‍ മനുഷ്യര്‍ കൊലചെയ്യപ്പെടുന്ന സംഭവം വരെ നമ്മുടെ നാട്ടില്‍ നടക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം അവര്‍ സ്വയം അറിയാതെ പരസ്യമായി പ്രകടിപ്പിച്ചു പോയാല്‍
പോലും അതുകണ്ടു നില്‍ക്കുന്നവര്‍ കല്ലെടുത്തെറിഞ്ഞും വടികൊണ്ട് തല്ലിയും മൃഗങ്ങളെ കണക്കെ ഓടിക്കുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നു. മനുഷ്യസ്വാതന്ത്ര്യത്തിലും സാമൂഹികനീതിയിലും വിശ്വസിക്കുന്ന ഏതൊരാളെയും അസ്വസ്ഥമാക്കുന്ന കാര്യമാണ് അത്. ‘സദാചാര പൊലീസിങ്ങി’നെതിരെ സാമൂഹികബോധം ഒരു ക്രിയാത്മക പരിഷ്‌കരണ ശക്തിയായി പരിണമിക്കാന്‍ തുടങ്ങുന്നത് നമുക്കു കാണാനാകും. ഈ സമയത്ത് കുറച്ചുകൂടി ആഴത്തില്‍ ആ പ്രശ്‌നത്തെ സമീപിക്കാന്‍ എന്റെ മനസ് ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ മനുഷ്യനും സ്വയം ഓരോ പോലീസായി മാറുന്നു എന്ന സാഹചര്യം സദാചാര പോലീസിങ്ങിന്റെ മനഃശാസ്ത്രമാണ്. പോലീസ്എന്ന ബിംബം അവിടെ വളരെ പ്രധാനപ്പെട്ടതാണ്.

സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന്റെ ആധാരം പോലീസിന്റെ വൈശിഷ്ട്യമാണോ? ഒരു സമൂഹത്തില്‍ പോലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കിയാല്‍ ആ സമൂഹത്തിന്റെ മൊത്തം സാംസ്‌കാരിക നിലവാരത്തെ നമുക്ക് തിരിച്ചറിയാനാകും. ഒരു മനുഷ്യനെ പോലീസ് കുറ്റവാളിയാണെന്നു പറഞ്ഞ് അറസ്റ്റ്‌ചെയ്താല്‍ ആ കേസ് കോടതി വഴി തെളിയിക്കപ്പെടുന്നതുവരെ ആ മനുഷ്യന്റെ മാനുഷിക അവകാശം എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നത് ഒരു സമൂഹത്തിന്റെ സാമൂഹികാരോഗ്യത്തെ കുറിക്കുന്നു. സമൂഹം എത്രമാത്രം ധര്‍മ്മനിഷ്ഠമാണ് എന്നത് പോലീസ് എത്രമാത്രം ധര്‍മ്മനിഷ്ഠമായിരിക്കും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. സദാചാര പോലീസിങ്ങും പോലീസിന്റെ സദാചാരവും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.

ഒന്ന്

കോഴിക്കോട് നഗരത്തിലെ വട്ടക്കിണര്‍ എന്ന സ്ഥലത്ത് താമസിച്ച് ഇഡ്ഡലിയുണ്ടാക്കി ഹോട്ടലുകളില്‍ വിറ്റ് ജീവിച്ചിരുന്ന സുന്ദരിയമ്മ എന്ന തമിഴ് സ്ത്രീയെ രണ്ടായിരത്തി പന്ത്രണ്ട് ജൂലായ്ഇരുപത്തിഒന്നിന് രാത്രി ഒന്നരയ്ക്ക് ആരോ വെട്ടിക്കൊന്നു. പോലീസ് കേസ് അന്വേഷിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളിയെ പിടിക്കാതായപ്പോള്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. രാഷ്ട്രീയകക്ഷികള്‍ ഒന്നടങ്കം പ്രതിഷേധ സമരങ്ങള്‍ നടത്തി. നിയമസഭയില്‍ ചോദ്യമുയര്‍ന്നു. അങ്ങനെ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് വേഗംതന്നെ പ്രതിയെ പിടിച്ചു. സുന്ദരിയമ്മ താമസിച്ച വട്ടക്കിണറിനു തൊട്ടടുത്ത് മീഞ്ചന്ത ജങ്ഷനില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ജയേഷ് എന്നയാളാണ് കൊലപാതകം ചെയ്തത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കോടതി കേസ്‌വിചാരണ നടത്തി ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിന്നാലിന് വിധി പറഞ്ഞു. പ്രതി ജയേഷ് നിരപരാധിയാണ് എന്ന് കോടതി തിരിച്ചറിഞ്ഞു.

 

പ്രതിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയ കുറ്റത്തിന് കേസ്അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ. പി. പൃഥ്വിരാജില്‍നിന്നും ഒരു ലക്ഷം രൂപ ഈടാക്കി കുറ്റമുക്തനായ പ്രതി ജയേഷിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പൃഥ്വിരാജിനും ആദ്യം കേസന്വേഷിച്ച കസബ സി. ഐ പി. പ്രമോദിനും എതിരെ വകുപ്പുതല നടപടിക്ക് ഡി. ജി. പി. യോട് നിര്‍ദേശിച്ചിട്ടുമുണ്ട്. കേസില്‍ തുടരന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എസ്. പി. യോട് കോടതി ഉത്തരവിട്ടു.

പത്രങ്ങളിലും ടെലിവിഷനിലും എല്ലാം ഈ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില പത്രങ്ങളില്‍ വാര്‍ത്തയുടെ ചെറിയ വിശകലനങ്ങളും വന്നിരുന്നു. എന്നാല്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എന്റെ ചില കൗതുകങ്ങള്‍ക്ക് അതിലൂടെ മറുപടി കിട്ടിയില്ല. ചില ഭയങ്ങള്‍ അധികരിക്കുകയും ചെയ്തു.

മാതൃഭൂമി പത്രത്തിലെ വാര്‍ത്ത തുടങ്ങിയത് ഇങ്ങനെയാണ്. ”ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പാതിരാത്രി വെട്ടിക്കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. കല്ലായി നായ്പാലം നെടുംപുരയ്ക്കല്‍ ജയേഷ് എന്ന ജബ്ബാറിനെ (29) യാണ് തെളിവുകളുടെ അഭാവത്തില്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതെ വിട്ടത്.”

മാതൃഭൂമിയില്‍തന്നെ മൂന്നാം പേജില്‍ ആ വാര്‍ത്തയുടെ ഒരു വിശകലനം ഉണ്ടായിരുന്നു. അതിന്റെ അവസാന വാചകം ഇങ്ങനെയായിരുന്നു.

‘യൂണിഫോമിടാത്ത പോലീസുകാര്‍ മര്‍ദിച്ച് കുറ്റം തന്റെമേല്‍ ചുമത്തുകയായിരുന്നു എന്നും തന്റെ പേര് ജയേഷ് എന്നാണെന്നും ജബ്ബാര്‍ എന്ന പേര് പോലീസ്ചാര്‍ത്തിത്തന്നതാണെന്നും ജയേഷ് പറഞ്ഞു.”

എന്തുകൊണ്ടാണ് ജയേഷിനെ ജബ്ബാര്‍ എന്ന പേരില്‍ പോലീസിന് വിളിക്കേണ്ടി വരുന്നത്? എന്നെ ആദ്യം സ്പര്‍ശിച്ച പ്രധാനപ്പെട്ട ഒരു ചോദ്യം ഇതായിരുന്നു. താന്‍ ഒരു അനാഥനാണ് എന്നും ജയേഷ് പറഞ്ഞത്രേ. അനാഥനായ ഒരു മനുഷ്യനെ ജബ്ബാര്‍ എന്ന മറ്റൊരു പേരുകൂടിയിട്ട് കുറ്റവാളിയാക്കി കോടതിക്ക് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്താന്‍ തയ്യാറാകുന്ന പോലീസ് ആത്യന്തികമായി ഉള്‍ക്കൊള്ളുന്ന ധാര്‍മ്മികത എന്താണ്? ജയേഷിന് ജബ്ബാര്‍ എന്നു പേരിട്ട പോലീസ് എന്തുകൊണ്ടാണ് ജീവന്‍ എന്ന പേരിടാഞ്ഞത്? അതുമല്ലങ്കില്‍ ജീവന്‍ എന്ന ഞാന്‍ ഏതു നിമിഷത്തിലാവും ജബ്ബാര്‍ എന്ന പേരും പേറി കുറ്റവാളിയാക്കപ്പെടുക?

നാട്ടില്‍ ചുംബന സമരത്തിന്റെ അലയൊലികള്‍ ഉയരുന്ന സമയമാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നത്തെ അടുത്ത കാലത്തൊന്നും കാണാത്ത വിധം വിവിധ മാനങ്ങളില്‍ മാധ്യമങ്ങള്‍ക്കെല്ലാം കൈകാര്യം ചെയ്യേണ്ടിവരുന്നു.. ജയേഷിന്റെ പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഞാന്‍ മാധ്യമങ്ങള്‍ നിരീക്ഷിച്ചുപോന്നു. പക്ഷേ, മറ്റു പല വാര്‍ത്തകളുടെയും മലവെള്ളപാച്ചിലില്‍ അനാഥനായ ആ മനുഷ്യന്റെ വേദന ഒലിച്ചുപോയി. അറിയാനുള്ള ആഗ്രഹം എന്റെ ഉള്ളില്‍ ബാക്കി കിടന്നു. ജയേഷിനെ ഒന്ന് പോയി കാണണം എന്ന് തോന്നി. ജയേഷിനെ കോടതി നടപടികളില്‍ സഹായിച്ചത് നിയമസഹായ പദ്ധതി പ്രകാരം അഡ്വ. എം. അനില്‍കുമാറാണ്. കോഴിക്കോട് ജില്ലാ കോടതിക്കടുത്തുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടു. കേസ്സിന്റെ വിശദാംശങ്ങളെല്ലാം അനില്‍കുമാര്‍ വക്കീല്‍ പറഞ്ഞു തന്നു. ജയേഷ് പണ്ട് ജോലി ചെയ്തിരുന്ന അതേ ഹോട്ടലില്‍ തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് എന്നു പറഞ്ഞു.

രണ്ട്

ഒരു ശനിയാഴ്ച സന്ധ്യയ്ക്ക് മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലെ തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ ഹോട്ടലില്‍ ചെന്നു കയറി. കൗണ്ടറില്‍ ഇരുന്ന തലനരച്ച മധ്യവയസ്‌കനോട് ജയേഷിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ പേര് ജലീല്‍ എന്നാണ്. ഹോട്ടലിന്റെ ഉടമസ്ഥരില്‍ ഒരാള്‍. അദ്ദേഹം ജയേഷിനെ വിളിപ്പിച്ചു. അകത്ത്, അടുക്കളയുടെ ഭാഗത്തുനിന്നും ഭയം മാറാത്ത രണ്ട് കണ്ണുകള്‍ കൗണ്ടറിലേക്ക് തുറിച്ചു നോക്കി നില്‍ക്കുന്നു. അടുക്കളയിലെ തിരക്കുകള്‍ക്കും കലമ്പലുകള്‍ക്കും ഇടയില്‍നിന്നും ആ ചെറുപ്പക്കാരന്‍ കൗണ്ടറിലേയ്ക്ക് വന്നു. കുറച്ചു നേരം സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഇവിടെ ഹോട്ടലില്‍തന്നെ ഇരിക്കാം എന്ന് ജയേഷ് തന്നെ പറഞ്ഞു. അകത്തെ മുറിയിലെ നിശ്ശബ്ദതയില്‍ ഇരുന്നപ്പോഴേക്കും ജയേഷിന്റെ കണ്ണുകളിലെ ഭയം പതിയെ മറഞ്ഞു പോയിത്തുടങ്ങി. ജീവിച്ചിരിക്കുന്നതിന്റെ ആവേശം പങ്കുവയ്ക്കാന്‍ വെമ്പുന്ന യൗവനം ആ കണ്ണുകളില്‍ തുടിച്ചുയര്‍ന്നു.

ജയേഷ് അനാഥനാണോ?

ഒരു അമ്മ വളര്‍ത്തിയെടുത്തതാണ്. സുമതിയമ്മാന്ന് പറഞ്ഞ അമ്മ. അമ്മയ്ക്ക് മലപ്പുറത്തെ ഒരു ആശൂത്രീന്നാ എന്നെ കിട്ടീത് ന്നാ പറഞ്ഞു കേട്ടത്. ഓര്‍മ്മ വരുമ്പോ ഞാന്‍ ഇവരെയാ കാണണത്. അമ്മേനേം ചേച്ചിമാരേം. പിന്നെ അച്ഛനേം. ഇപ്പൊ ഈ പറയുന്ന വളര്‍ത്തമ്മേം ചേച്ചിമാരും അളിയന്‍മാരും എല്ലാം ഉണ്ട്. അച്ഛന്‍ ഒരു വൈദ്യരായിരുന്നു. പക്ഷേ, ആ കാലത്തൊക്കെ അച്ഛന് സുഖോല്ലായിരുന്നു. ഇപ്പോ മരിച്ചു പോയി.

പഠിച്ചത്?

പഠിപ്പിച്ചത് ഇവരൊക്കെയാണ്. വെല്യ പഠിത്തോന്നും പഠിച്ചൂല്യ. ചെറിയൊരു പഠിത്തം. ഇംഗ്ലിഷ്മീഡിയത്തിലായിരുന്നു. കല്ലായി സ്‌കൂളില് ഇംഗ്ലിഷു മീഡിയോല്യേ. ആ റെയില്‍വേസ്‌റ്റേഷന്റെ അടുത്തൊള്ള.
അവടെ. പിന്നെ നമ്പിടി സ്‌കൂള്. എല്ലാം കൂടി ഏതാണ്ട് ഏഴുവരെ പഠിച്ചു.

പിന്നെന്താ വീട്ടീന്ന് വിട്ടുപോന്നത്?

വിട്ടുപോകാന്‍… അവടെ അങ്ങനെ ഒരു സ്‌നേഹം ഒന്നും തോന്നിയില്ല. അവരുടെ കുടുംബംന്ന് പറഞ്ഞാല്‍, സിനിമയ്ക്ക് എല്ലാരുംകൂടി പോവാന്‍ തൊടങ്ങുമ്പോ, നമ്മളും അവരുടെകൂടെ പോവാന്‍ ഷര്‍ട്ടിട്ടാ മാമന്റെ മക്കള്‍ണ്ട്, അമ്മെന്റെ ആങ്ങളേന്റെ മക്കള്…. അവരൊക്കെ പറയും വേണ്ടാ, നമുക്കു പിന്നൊരു ദിവസം സിനിമയ്ക്ക് പോകാം. നമ്മളെ അങ്ങനെ എല്ലാ കാര്യത്തിലും സൈഡാക്കി നിര്‍ത്തണത് തോന്നും. അങ്ങനെ അങ്ങനെ അവടന്നങ്ങ് വിട്ടു പോന്നു.

 

അവരൊക്കെത്തന്നെയാ പിന്നേം സഹായിച്ചത്. ഹൈദ്രാബാദിലൊക്കെ ജോലിക്ക് കൊണ്ടാക്കി. എളേമ്മന്റെ മോളും മരുമോനും എന്നെ കൊറേ നാള് ഹൈദ്രാബാദീ കൊണ്ട് പോയിട്ട്ണ്ട്. ഈ എണ്ണേന്റെ കമ്പനീല്ലേ… അവടെ ഇങ്ങനെ വെല്യ വെല്യ പൊക്കത്ത് കേറീറ്റ്, ഈ വെല്‍ഡിങ്ങിന്റെ ഒക്കെ പണി. അത് ഒരു സേട്ടൂന്റെ കമ്പനിയാര്‍ന്ന്. സേട്ടു ഒരു ദെവസം ഞാന്‍ ഇങ്ങനെ പണി ചെയ്യണ കണ്ടിട്ട്, ഇത്ര ചെറ്യേ ചെക്കനെയൊക്കെ ഈന്റെ മോളുമ്മേ കേറ്റിവിട്ടിട്ട്, വല്ല താഴെക്കും വീണാ എനിക്ക് അതിനൊന്നും സമാധാനം പറയാന്‍ കയ്യൂല്ലാന്നും പറഞ്ഞ്, പിന്നങ്ങനെ അവരെന്നെ ഇങ്ങട് കേറ്റി വിട്ടു.

അന്ന് എന്ത് പ്രായം ഉണ്ടായിരുന്നു?

ചെറുതായിരുന്നു.. എത്ര വയസ്സുണ്ടായിരുന്നു എന്നൊന്നും ഓര്‍മ്മേല്ല.

ഇപ്പെത്രയായി?

അതും എനിക്കത്ര പിടില്ല. വായിക്കാനും എഴുതാനും കണക്ക് കൂട്ടാനും ഒന്നും അത്രയധികം അറിയില്ല. ഞാന്‍ ഒന്നും അങ്ങനെ പഠിച്ചിട്ടില്ല. അതില് ഞാനിപ്പോ ഖേദിക്ക്യാണ്. വയസ്സും കാര്യങ്ങളും ഒന്നും എനിക്കങ്ങനെ വല്യ ഇതില്യ.

എന്നാലും ഏകദേശം എത്രകാണും?

സുമാര്‍ എന്നെ കണ്ടാ എത്ര തോന്നും? അതെന്നോടുള്ള ചോദ്യമായിരുന്നു. തന്നെ കണ്ടാല്‍ എത്ര തോന്നും എന്ന ചോദ്യം എറിഞ്ഞു തന്നിട്ട് ജയേഷ് എന്റെ മുന്‍പില്‍ പതിയെ ഒന്ന് പോസ് ചെയ്യുംപോലെ ഇരുന്നു. ഐഡന്റിറ്റി തെളിവുകളുടെ കടലാസ്സുകളും രേഖകളും ഏതോ വിചിത്രയാത്രയില്‍ നഷ്ടപ്പെട്ട ഒരു യുവാവ് തന്റെ പ്രായം എത്രയായി കാണും എന്ന് ഗണിക്കാന്‍ ഒരു കൈനോട്ടക്കാരന്റെ മുന്നിലെന്ന പോലെ ഇരുന്നു. പ്രതീക്ഷയോടെ. മുപ്പതോ, ഇരുപത്തെട്ടോ… ഞാന്‍ എന്താണ് പറയേണ്ടത്? ജീവിച്ചിരുന്ന കാലത്ത്തന്നെ അനേകം ജീവിതങ്ങളുടെ ദുരിതംകൊണ്ട് തളര്‍ന്നതെങ്കിലും ഒരു പോരാളിയുടെ കരുത്തുള്ള നോട്ടത്തിന് മുന്നില്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നുപോയി. വേറെ ചോദ്യം ചോദിച്ച് ഞാന്‍ രക്ഷപ്പെട്ടു.

സുന്ദരിയമ്മയെ അറിയുമായിരുന്നോ?

ഇഡ്ഡലിണ്ടാക്കി ഇവടെ ഹോട്ടലില്‍തരുന്നത് അവരായിരുന്നു. നമ്മള് ഇടെക്കെടയ്ക്ക് അവടെ ഇഡ്ഡലി എടുക്കാന്‍ പോകും. ഞാന്‍ ഇല്ലെങ്കില്‍ വേറെ ഒരുത്തന്‍ പോകും. അല്ലെങ്കില്‍ ഇവടന്നൊരു ഓട്ടോറിക്ഷ വിട്ടിട്ട് കൊണ്ടുവരും. ഇവിടുന്ന് അടുത്ത സ്‌റ്റോപ്പ്, വട്ടക്കിണറാണ് അവര്‍ താമസിച്ചിരുന്നത്. ഒരു അമ്മെന്റെ മാതിരി പെരുമാറിക്കൊണ്ടിരുന്നതാ. നമ്മളവരെ സഹായിച്ചു കൊടുക്കേം ചെയ്യും. ഈ ചട്ട്‌നീന്റെ തേങ്ങ അവര്‍ക്കുതന്നെ ഏറ്റിക്കൊണ്ട് പോകാന്‍ കയ്യൂല്ല. അപ്പ മൊതലാളി നമ്മളോട് പറയും അത് ചൊമന്നു കൊണ്ടോയി കൊടുക്കാന്‍. നമ്മളത് ചെയ്യും. അവടെ കൊണ്ട് പോയി വച്ച് കൊടുക്കും. അത്രതന്നെ. അങ്ങനെയായിരുന്നു സുന്ദരിയമ്മേനെ പരിചയം.

 

അന്നത്തെ ദിവസം ഈ സുന്ദരിയമ്മ നമ്മളോടെല്ലാം യാത്ര പറഞ്ഞ് ഇവിടെന്നും പോയതാ. നോമ്പ് തൊടങ്ങിയപ്പൊ രാവിലെ ഭക്ഷണം ഇവിടില്ലാത്തോണ്ട് അവര്‍ക്ക് ആ സമയം ഇഡ്ഡലി ഉണ്ടാക്കണ്ടായിരുന്നു. അവന്‍ അവരുടെ നാട്ടീ പോകുവാന്ന് പറഞ്ഞു.

അന്നെന്താ സംഭവിച്ചത്?

ഈ സുന്ദരിയമ്മേടെ സംഭവം നടക്കുന്ന അന്ന് രാത്രി എനിക്ക് നൈറ്റ്ഡ്യൂട്ടിയാ. ചെമ്പ് ഡ്യൂട്ടിയാ. വെല്യ ചെമ്പ് മുഴുവന്‍ കഴുവണം. അത് നോമ്പിന്റെ ടൈമാ. അന്ന് ഇവടെ അത്തായ ചോറുണ്ട്. അങ്ങനെ ഇത് പൂട്ടാന്‍ നേരത്ത് രണ്ടാള് ഇങ്ങട് ഓടി വന്നു. ആ നേരത്ത് നൈറ്റ്‌പെട്രോള്‍ക്കൊക്കെ ഞാനാണ് കട്ടന്‍ ചായ കൊടുത്തത്. ഈ നൈറ്റ്‌പെട്രോളിന് വന്നപ്പോ, അവരടെ ജീപ്പിലൊരു സാധനോണ്ടാവൂലേ.. ഈ വയര്‍ലസ്‌ഫോണ്‍… അതില്‍ ഇങ്ങനെ ഒരു വീട്ടമ്മേനെ ആക്രമിച്ച കാര്യം പറയണതും ഞാന്‍ കേട്ടതാ. അപ്പഴും ഈ സംഭവം നമുക്കറിയില്ല. സുന്ദരിയമ്മേനെ ആണ് എന്നും അറിയില്ല.

ഈ സുന്ദരിയമ്മ താമസിച്ച വീടിന്റെ ഉടമസ്ഥനും അവരടെ അയല്‍ക്കാരന്‍ ദിവാകരനും കൂടിയാണ് ഓടി ഇവടെ വന്നത്. സുന്ദരിയമ്മനെ വെട്ടീന്ന് പറഞ്ഞ്. അന്ന് ആ നൈറ്റ്ഡ്യൂട്ടീല് ഇപ്പൊ ഇരിക്കണ ഈ ജലീല് മൊതലാളീം പിന്നെ ഒരു ബിജൂം രണ്ടു ഹിന്ദിക്കാരും ഒക്കെ ഇവടെ പണിക്കുണ്ടായിരുന്നു. അവര് വന്ന് സുന്ദരിയമ്മനെ വെട്ടീന്നു പറയുമ്പോ ഞാന്‍ ഈ കൗണ്ടറിന്റെ അവടെ നിക്കണ്ട്. ജലീല്ക്ക അത് കേട്ട് പടച്ചോനേന്ന് പറഞ്ഞ് തരിച്ച് നിക്കണ്ട്. അവര് പറഞ്ഞു, നല്ല ഹൈറ്റുള്ള ഒരാളാണ്. ചൊകന്ന ബെനിയനാണ്. കൈയില് കൊടുവാളുണ്ട്‌ന്നൊക്കെ പറഞ്ഞു. ഈ ദിവാകരനെ എനിക്കങ്ങനെ പരിചയോല്യ. അയാളെന്നോട് എടാ മോനെ, ആരെങ്കിലും ഇത് വഴി ചോരേല് കുളിച്ച് ഓടിപ്പോവ്വണ കണ്ടാ പിടിച്ചേക്ക് ന്നൊക്കെ പറഞ്ഞതാ. അതൊക്കെ പറഞ്ഞപ്പോ ഞാനും കൊറച്ചു പണിക്കാരും ഇങ്ങനെ ആ കൗണ്ടറിന്റെ മുന്നില് നിന്നു. ആരെങ്കിലും ഓടാണെങ്കില്‍പിടിക്കാലോന്ന്വച്ചിട്ട്. പക്ഷേ, ഈ ഭാഗത്തേയ്ക്കാരും വന്നില്ല.

പിന്നെ പിറ്റേന്നു പോലീസ്‌നായും പോലീസുകാരും ഒക്കെ വന്ന് സുന്ദരിയമ്മന്റെ അവടെ പോകുമ്പോ… അപ്പളൊക്കെ ഞാനവടേണ്ടേര്‍ന്നു.നായ കൊളത്തിന്റെ ഭാഗത്തൊക്കെ പോയി. പിന്നെ റെയില്‍വേട്രാക്കിന്റെ അരികത്തു പോയി. പിന്നെ ആ ഓവര്‍ ബ്രിഡ്ജിന്റെ അപ്പറത്ത് ഒരു കല്യാണമണ്ഡപോം ഒരു പെട്ടിപീടികേംണ്ട്. അവിടെ ഒരു വയസ്സായ ഒരു കാരണോരുണ്ട്. മൂപ്പരെ നോക്കി നായ രണ്ട് കൊര കൊരച്ചു. മൂപ്പരെ പോലീസുകാര് ജീപ്പിലിട്ടു കൊണ്ടോയി. അപ്പളൊക്കെ ഞാനവടേണ്ട്. മൂപ്പരെ പിന്നെ ഒന്നും അറിയില്ലാന്നു പറഞ്ഞപ്പോ വിട്ടു. അതൊക്കെ കഴിഞ്ഞപ്പോ ഇവടത്തെ എല്ലാ പണിക്കാരേം വിളിച്ചു ചോദ്യം ചെയ്തു. സുന്ദരിയമ്മയായി എന്തെങ്കിലും ബെന്ധോണ്ടോ ന്നൊക്കെ ചോദിച്ചു. കോഴിക്കോടൊള്ള കമ്മീഷ്ണറൊക്കെ വന്ന് ചോദ്യം ചെയ്തു. പിന്നെ അവടന്ന് കിട്ടിയ ചെരുപ്പ് പരിചയോണ്ടോന്നൊക്കെ ചോദിച്ചു. ഈ അന്വേഷണൊക്കെ നടക്കുമ്പോ ഞാന്‍ ഈ നാട്ടീ തന്നേണ്ട്. അങ്ങനെ പല അന്വേഷണൊക്കെ നടന്നു. പിന്നെ കൊറേ നാള് കഴിഞ്ഞ് അവടെ ബഹളോക്കെ ആക്കി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അപ്പഴാണ് പോലീസുകാര് പിന്നേം വന്നത്. ക്രൈംബ്രാഞ്ച് നമ്മളെ ചോദ്യം ചെയ്യാന്‍ വിളിച്ചു. അപ്പ പറഞ്ഞു, ഞാന്‍ ഇഡ്ഡലിട്ക്കാന്‍ പോക്ക്ണ്ട്, നമ്മടെ ഒരു അമ്മന്റെ മാതിരിയാണ്. അതൊക്കെ കേട്ട് അവരെന്നെ വിട്ടു. പിന്നെ ഇവടൊള്ള ബിജു, കൊറേ ഹിന്ദിക്കാര് എല്ലാരേം അവര് ചോദ്യം ചെയ്തു വിട്ടു.

പിന്നെയാണവര് ചക്കുംകടവ് വന്നത്. ഞാന്‍ അവടെയാണ് താമസിക്കുന്നത്. കല്ലായി ചക്കുംകടവ്. അവടെ അവര് വന്നട്ട് പറഞ്ഞു ജീപ്പീ കേറണംന്ന്. അപ്പ അവടോള്ള നാട്ടുകാരൊക്കെ വന്നു. എന്താ സംഭവം ന്ന് ചോദിച്ചു. ഇവന്‍ സുന്ദരിയമ്മനെ കൊന്നൂന്നു പറഞ്ഞു. അപ്പ എല്ലാരും പറഞ്ഞു, ഇവന്‍ പാവാണ്, ഇവനെ വെറുതെ ഇതില് പെടുത്തരുത്. ഇവന്‍ അതൊന്നും ചെയ്യൂല്ല ന്നൊക്കെ അവര് പറഞ്ഞു. ഏയ്, അതല്ല, ഇവന്‍ ചെയ്തതിന്റെ അടയാളൊക്കെ ഞങ്ങടെ കൈയില്ണ്ട് ന്ന് പറഞ്ഞ് അവരെന്നെ ജീപ്പീക്കേറ്റി കൊണ്ട് പോന്നു.
പിറ്റേന്ന് രാത്രി എല്ലാരുംകൂടി ചോദ്യം ചെയ്യുമ്പോ ”അനക്ക് ഈ കേസ് ഏറ്റെടുക്കണതാ നല്ലത്, യ്യിത് ഏറ്റെടുക്ക് ന്ന്” സ്‌നേഹായിട്ട് പറഞ്ഞു.

ആര് പോലീസുകാരോ?

അതെ. ഞാന്‍ പറഞ്ഞു എനിക്ക് കയ്യൂല്ല. നിങ്ങളിതിന്റെ യഥാര്‍ത്ഥ ആളെ പോയി പിടിയ്ക്കന്നെ വേണം, ന്റെ തലേല് കെട്ടി വെയ്ക്കാതേന്ന് ഞാന്‍ പറഞ്ഞു. അപ്പോ അവര് പറഞ്ഞു ഇതേറ്റെട്ത്തില്ലെങ്കി അനക്ക് തടിക്ക് കേടാണ്ന്ന്. ഞാന്‍ എങ്ങനെയൊക്കെയോ അവടെ ഹോട്ടലീ പണിയെടുത്ത് ജീവിച്ചു പോകണയാണ്. നിങ്ങളെന്റെ ജീവിതം തകര്‍ക്കരുത്ന്ന് ഞാന്‍ പറഞ്ഞു.

അന്നത്തെ രാത്രി അവരെന്നെ ഒറക്കീല്ല. ഷര്‍ട്ടൂരി, മുണ്ടൂരി ഷഡ്ഡീമ്മേല് നിര്‍ത്തി. ഒറക്കം തൂങ്ങുമ്പോ ഡാ.. ന്ന് ഒച്ചത്തില് വിളിക്കും. ഒറങ്ങാന്‍ സമ്മതിക്കാതെ രാത്രി മുഴുവനും നിര്‍ത്തി. അതൊക്കെ കഴിഞ്ഞ് പിറ്റേന്ന് രാവിലെ അവര് കണ്ണൊക്കെ മൂടിക്കെട്ടി എന്നെ വണ്ടീല് കേറ്റിക്കൊണ്ടോയി. ഏതോ ഒരു വല്യ ബില്‍ഡിങ്ങ്. മ്മളെ എരഞ്ഞിപ്പാലം ഭാഗത്താണ് ന്നാണ് എന്റെ തോന്നല്. അവടെ കൊണ്ടോയി കൊറേ നേരം നിര്‍ത്തി. പിന്നെ അവര് കയറൊക്കെയായിട്ട് വന്നു. നിന്നെ കെട്ടിത്തൂക്കാന്‍ പോവ്വാന്ന് പറഞ്ഞു. മൊളക് കണ്ണീത്തേയ്ക്കുംന്നൊക്കെ ആദ്യം പേടിപ്പിച്ചു.

നീ ഞങ്ങളു പറയുമ്മോണം പറഞ്ഞാ മതി. നീ അവടെ സുന്ദരിയമ്മേന്റെ വീടിന്റെ ചൊവരുമ്മെ കോണി ചാരി, അതീക്കേറി ഓടെളക്കി അകത്ത് കയറി സുന്ദരിയമ്മെനെ വെട്ടീന്ന് പറഞ്ഞാ മതി.ഞാന്‍ അവരോട് കരഞ്ഞു പറഞ്ഞു. സാറേ, നിങ്ങളെന്റെ ജീവിതം തകര്‍ക്കരുത്. എന്ത് തകര്‍ക്കാനാടാ.. ഏതായാലും നിന്റെ ജീവിതം തകര്‍ന്നു പോയീ.. പിന്നെനി എന്ത് തകര്‍ക്കാനാടാ.. അവര് പറഞ്ഞു. പിന്നെ കാലില്‍ കയറു കെട്ടീട്ട് കുത്തനെ മൊകളില്‍ തൂക്കിയിട്ടു. പിന്നെ നല്ല ഇടി ഇടിച്ചു. എന്തു വേണോങ്കിലും സമ്മതിച്ചുപോവും. അമ്മാതിരി വേദനയായിരുന്നു. കാല് രണ്ടും നേരെ പൊളത്തി വച്ചിട്ട് തറയിലേക്ക് ചേര്‍ത്ത് ഇരുത്തും. ഇടികൊണ്ട് മൂക്കീന്നും തൊള്ളേന്നും ഒക്കെ ചോര വന്നുംങ്കൊണ്ടിരിക്കുമ്പോ ഏത് മക്കളും എന്തും സമ്മതിച്ചുപോകും.
അങ്ങനെ അവരു പറയണത് മുഴുവന്‍ സമ്മതിച്ചു. എഴുതിത്തന്നതു മുഴുവന്‍ ഒപ്പിട്ടു കൊടുത്തു.

എത്ര ദിവസം അവരുടെ കസ്റ്റഡിയില്‍ കിടന്നു?

ഏഴു ദിവസത്തോളം അവരെന്നെ കസ്റ്റഡിയില്‍വച്ചു. പിന്നെ കോടതിയില് ഹാജരാക്കുമ്പോ എന്നോട് പറഞ്ഞു, ഒറ്റ ഒരക്ഷരം മിണ്ടിപ്പോകരുത്ന്ന്!. പിന്നെ ജയിലിലാക്കി. ജയിലായിരിക്കുമ്പോ ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ട് വെള്ള കടലാസില് എഴുതിക്കൊടുത്തു. ജയിലിലെ സാറുമ്മാരെല്ലാം നന്നായിട്ടാ
പെരുമാറീത്. സാറുമ്മാര് മാത്രല്ല, അവടൊള്ള ബാക്കി തടവുകാരെല്ലാം നന്നായിട്ടാ പെരുമാറീത്. എല്ലാവരോടും ഞാന്‍ എന്റെ കാര്യം പറഞ്ഞു.

പിന്നെ ഈ ദുരിതത്തീന്ന് രക്ഷപ്പെടാനുള്ള വഴി എങ്ങനെയാ ഒരുങ്ങിയത്? കോടതീല്‍ കേറ്റി നിര്‍ത്തുമ്പോ എല്ലാ ടൈമിലും ഞാന്‍ എന്റെ സങ്കടം പറയും. ഞാനല്ല ഇത് ചെയ്തത്. ഇത് ചെയ്തവരു പൊറത്താന്ന് വിളിച്ചു പറയും. അപ്പ മൈസ്രേറ്റ് പറയും, ഇവനെ പിടിച്ച പോലീസുകാരെ കാണണോലോ, അവരോടു ചോദിക്കണോലോന്ന്. ഏപ്പിപ്പി അവരെ ഫോണില് വിളിക്കും. അവരാരും ഫോണെടുക്കൂല്ല. ഓര്ക്കറിയാം ഞാനല്ല പ്രതീന്ന്. അങ്ങനെ എല്ലാ തവണേം ഞാനിങ്ങനെ വിളിച്ചു പറയണത് കേട്ടിട്ടാണ് അനില്‍ വക്കീലിനെ മൈസ്രേറ്റ് എന്റെ കാര്യം ഏപ്പിച്ചു കൊടുത്തത്. ഞാനീ കൂട്ടി കേറി നിക്കുമ്പോക്കെ ഈ വക്കീല് ഓരോ കേസ്സും ആയി അവടേണ്ടാവും. ഞാനീ വിളിച്ചു പറയണത് കേട്ട് അവസാനം മൈസ്രേറ്റ് എന്നോട്, നീ എല്ലാ കാര്യങ്ങളും ആ വക്കീലിനോട് പറഞ്ഞാ മതീന്ന് പറഞ്ഞു. ഞാന്‍ വക്കീലിനോട് എല്ലാം പറഞ്ഞു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്. ഈ കേസ്സില് അവടെ വെട്ടിക്കൊല്ലുമ്പോ ഞാനിവടെ ഡ്യൂട്ടീലാ. അന്ന് ഞാന്‍ ഡ്യൂട്ടില് നിക്കുമ്പോ എന്റെ മൊതലാളി ജലീല്‌ക്കേം ഇവടെ പണി ചെയ്യണ എന്റെ കൂട്ടുകാരന്‍ ബിജൂം കൂടേണ്ട്. ഈ ബിജൂന്ന് പറഞ്ഞ ചെക്കനെ, ക്രൈംബ്രാഞ്ച്കാര്, ഓഫീസില് ഹാജരാവാന്‍ പറഞ്ഞു. അവനവടെ ചെന്നപ്പോ ജയേഷ് അന്നത്തെ ദിവസം ഡ്യൂട്ടീല് വന്നില്ലാ, യ്യ് അങ്ങനെ പറയണം കോടതീല് ന്ന് പറഞ്ഞു. ഓന്‍ എന്നെക്കാണാന്‍ വന്നു. ഓന്‍ പറഞ്ഞു, എന്നോട് ക്ഷമിക്കണം, ഞാന്‍ അങ്ങനെ, അവരു പറഞ്ഞോലെ പറഞ്ഞു. ഞാന്‍ പറഞ്ഞു, എനിക്ക് അന്നോട് ഒരു വിരോധോല്ല. നമ്മളൊക്കെ ഒരു പോലാണ്. അങ്ങനെ പറഞ്ഞില്ലെങ്കി ഇതേ മാരി ഓനേം ഇടൂല്ലേ. ഞാന്‍ പറഞ്ഞു സാരോല്ലാന്ന്!.

ജയേഷ് എങ്ങനെയാണ് ജബ്ബാറായത്?

ജബ്ബാറൊന്നും എനിക്കറിയൂല്ല. എനിക്കങ്ങനെ ഒര് പേരൂല്ല. എന്നെ ഇന്ന്‌വരെ ആരും അങ്ങനെ വിളിച്ചിട്ടൂല്ല. പിന്നെ എന്തിനാണവര് എനിക്കങ്ങനെ ഒര് പേരിട്ടു തന്നത് ന്ന് ഒരറിവൂല്ല. എന്നെ കുടുക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തില് ഇട്ടതാവണം. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.

ജാമ്യം?

ജാമ്യം എനിക്ക് ഒരിക്കലും കിട്ടീട്ടില്ല. ഒരു കൊല്ലത്തോളം ഞാന്‍ ജയിലീ തന്നെ. ആരുല്ലല്ലോ. ആരേലും വന്നാലല്ലെ ജാമ്യം കിട്ടൂ.

വിധി വരുന്നത്‌വരെ ജയിലീ തന്നെ?

അതെ. അതിന് പാകത്തിനൊള്ള കേസ് മുഴുവന്‍ അവരൊണ്ടാക്കീതാ. ഈ സുന്ദരിയമ്മന്റെ പേഴ്‌സുണ്ടല്ലോ. അത് അവര് ഞാന്‍ താമസിക്കണടത്ത് കൊണ്ടിട്ടതാ. പിന്നെ ഒരു കത്തി. ആദ്യം ഓരെന്നെ ആ കത്തി പിടിപ്പിച്ചു. പിന്നെയാണ് അവര് അത് ആ കൊളത്തില്‍കൊണ്ട് ഇട്ടത്. എന്നെം കൂട്ടി. നായ വന്ന സ്ഥലത്ത് പോലുമല്ല ആ കത്തി കൊണ്ടിട്ടത്. പിന്നെ ആ കത്തി ജഡ്ജി, ടെസ്റ്റ്‌ചെയ്യിപ്പിച്ചു.അങ്ങനെയാ ഈ കത്തീടെ മോളില് ഒരു സംഭവോല്യന്ന് തെളിഞ്ഞത്. പിന്നെ പോസ്റ്റ്‌മോര്‍ട്ടം ഡോക്ടര്‍ വന്നു, ഈ കത്തീംകൊണ്ട് ഒരിക്കലും അത് പറ്റില്ലാന്ന് പറഞ്ഞു. അങ്ങനാ ഞാന്‍ രക്ഷപ്പെട്ടത്.

കേസൊക്കെ ആയപ്പൊ ബന്ധുക്കളെല്ലാം എങ്ങനെയാ പെരുമാറീത്?

ഓരെയൊക്കെ കോടതീല് വിളിപ്പിച്ചു. അമ്മനേം അമ്മെന്റെ അനുജത്തീനേം അളിയനേം ഒക്കെ കോടതീല് വിളിപ്പിച്ചു. ഞാന്‍ അമ്മേനോട് പറഞ്ഞു, അമ്മേ ഞാന്‍ചെയ്യൂല്ലാമ്മേ, ങ്ങക്ക് അറിയണല്ലേ എന്നെ. ഏയ്, ഓരങ്ങനെയല്ലല്ലോ പറഞ്ഞേന്നു പറഞ്ഞു അമ്മ. ഓരങ്ങനെ പലേതും പറയും. എന്നെ കെട്ടി തൂക്കീട്ട് അടിച്ചു പറെയ്ച്ചതാണ്. എനിക്കും ദൈവത്തിനും മാത്രേ അറിയ്യോള്ളൂ, ഞാന്‍എന്ത് വേദന തിന്നട്ടാ അത് സമ്മതിച്ചേന്ന്!

കോടതീന്ന് വിട്ടു പുറത്തെറങ്ങീപ്പോ പിന്നെ എന്താണ് സംഭവിച്ചത്?

എങ്ങോട്ട് പോണം ന്ന് എനിക്കൊരു അന്തോല്ലാ. വീട്ടീപ്പോയാ വീട്ടീ കേറ്റ്വോ.. പിന്നെ ടൗണില് വന്ന്ട്ടു ബേപ്പൂര് ബസ്സ് കേറി ഇവടെ വട്ടക്കെണറ് വന്നെറങ്ങീപ്പോ എനിക്ക് ആദ്യോരു പേടീണ്ടാര്‍ന്ന്. നമുക്കറിയില്ലാലോ നാട്ടുകാര് നമ്മളെ ഇതാക്ക്വോ ന്ന്!. പിന്നെ ബെസ്സെറങ്ങി. അപ്പോണ്ട് രണ്ടു മൂന്നാള് ഓടിങ്ങടുത്തു വന്നു. ഞാന്‍ വിചാരിച്ചു തല്ലാനുള്ള പൊറപ്പാടാന്ന്. പക്ഷേ, അവര് വന്നട്ട് ജയേഷേന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു. നമ്മളറിയണില്ലാടാ, അല്ലെങ്കി നമ്മളൊക്കെ പറഞ്ഞേനെ ന്നൊക്കെ പറഞ്ഞു. പിന്നെ ജലീല്‍ക്ക വന്ന് പറഞ്ഞു, നീ ഹോട്ടല്ലേക്ക് പോര്. നീ വേറെ എവടെം പോണ്ടാന്ന്. അങ്ങനെ ഞാന്‍ വീണ്ടും ഇവിടെ വന്നു.

അമ്മേനെ പോയി കണ്ടോ?

ജയിലീന്ന് വന്നിട്ടും അമ്മേനെ പോയി കണ്ടു. അമ്മയ്ക്ക് ഇപ്പഴും അത്ര വിശ്വാസം ഒന്നും വന്നിട്ടില്ല. എന്ന് പറഞ്ഞാ ക്രൈംബ്രാഞ്ച് അങ്ങനെ ഒരു ഇതിലാണ് അമ്മേനെ ഒക്കെ പേടിപ്പിച്ചത്. ജലീല്‍ക്കേം റഫീക്കക്കം ആണ് രക്ഷിച്ചത്.വക്കീല് വലിയ പങ്കു വഹിച്ചു.

വക്കീല് കംബ്ലീറ്റ് ഫയലും പഠിച്ചു. ഈ തെളിവില് ജഡ്ജി അത്ര ശ്രദ്ധിക്കാതിരിക്ക്യാര്‍ന്നെങ്കി ചെലപ്പൊ ഒരു ജീവപര്യന്തോക്കെ കിട്ടി നമ്മടെ ലൈഫന്നെ പോയേനെ. എന്റെ സങ്കടം എന്താണെന്ന് വക്കീലിന് കറക്റ്റായി മനസ്സിലായി.

മൂന്ന്

ജനിച്ച ആശുപത്രിയില്‍ നിന്നും ജയേഷ് ദത്തെടുക്കപ്പെടുകയായിരുന്നു. സുമതിയമ്മ എന്ന സ്ത്രീയുടെ അമ്മയുടെ നിര്‍ബന്ധപ്രകാരം, അഞ്ചു പെണ്മക്കളുള്ള വീട്ടില്‍ ഒരു ആണ്‍തരി വേണം എന്ന ആഗ്രഹത്തിലാണ് അയാള്‍ ആ കുടുംബത്തില്‍ ചെന്നുപെട്ടത്. അനാഥന്‍ എന്ന മേല്‍വിലാസത്തില്‍തന്നെയാണ് അയാള്‍ വളര്‍ന്നത്. ജീവിതം പിന്നെ അയാളെ അവിടെനിന്നും ബഹിഷ്‌കൃതനാക്കി. ജാതിയുടെ പിന്‍ബലമില്ല. മതത്തിന്റെ പിന്‍ബലമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ല. ഒരു തരത്തിലുള്ള സംഘടനയുടെയും പിന്‍ബലമില്ല. കുടുംബത്തിന്റെ പിന്തുണയില്ല. ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു, ആ ഹോട്ടല്‍ ഏര്‍പ്പാടാക്കിക്കൊടുത്ത മുറിയില്‍ താമസിക്കുന്നു. പൂര്‍ണ്ണമായും എകാന്തമായി അതിജീവന സമരം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യജീവിക്ക് എത്രമാത്രം അനുകൂലമാണ് കേരളത്തിലെ സാമൂഹിക ജീവിത സാഹചര്യം എന്ന ചോദ്യമാണ് ഇത് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അതായത് കേരളത്തിന്റെ സാമൂഹികആരോഗ്യം എത്രമാത്രം പ്രത്യാശാഭരിതമാണ്? അങ്ങനെ ഒരു മനുഷ്യ ജീവിക്ക് ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഈ സമൂഹം എത്രമാത്രം ആ മനുഷ്യനെ പിന്തുണയ്ക്കും? കൂട്ടങ്ങള്‍ക്ക് പുറത്ത് ഒറ്റയ്ക്ക് നടക്കുന്നവനെക്കുറിച്ച് കൂട്ടങ്ങളുടെ സുരക്ഷിതത്വത്തില്‍ ജീവിതം ആസ്വദിക്കുന്നവര്‍ എത്രമാത്രം കരുതലുള്ളവരാണ്? ഒരു കൂട്ടത്തിന്റെയും പിന്തുണയുമില്ലാത്ത ഒരു മനുഷ്യന്‍ എങ്ങനെ കുറ്റവാളിയാക്കപ്പെടുന്നു എന്നും അങ്ങനെ കുറ്റവാളിയാക്കപ്പെടാന്‍ എത്രമാത്രം എളുപ്പമാണ് എന്നും അറിയേണ്ടതുണ്ട്. അതിന് എന്നെ സഹായിച്ചത് അഡ്വക്കേറ്റ് എം. അനില്‍ക്കുമാറാണ്.  ജയേഷ് എങ്ങനെയാണ് കുറ്റവാളിയാക്കപ്പെട്ടത് എന്നു അനില്‍കുമാര്‍ വക്കീല്‍ ഒരുപാട് സമയമെടുത്തുതന്നെ എനിക്ക് വിശദീകരിച്ചു തന്നു.

”ഞാന്‍ ഈ ജയേഷിനെ കാണുന്നത് കോടതിയില്‍ വച്ചാണ്. വിചാരണ സമയത്ത് സ്ഥിരമായി അയാളെ കോടതിയില്‍ കൊണ്ടുവരും. ജഡ്ജിക്ക് മുന്നില്‍ നിന്ന് അയാള്‍ കൈ രണ്ടും ഉയര്‍ത്തി ഉറക്കെ വിളിച്ചു പറയും ‘ഞാനല്ല, അത് ചെയ്തത് ഞാനല്ല, അത് ചെയ്ത ആള്‍ക്കാരു പൊറത്താ.’ എന്ന്. ഏതാണ്ട് ഓരോ തവണയും അത് കോടതിയില്‍ ആവര്‍ത്തിക്കുന്നത് ഞാന്‍ കാണാറുണ്ട്. ഈ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നമുക്ക് അസ്വസ്ഥത തോന്നുന്ന തരത്തിലായിരുന്നു അയാള്‍ അവിടെ കരഞ്ഞു വിളിച്ചുകൊണ്ടിരുന്നത്. സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എന്നെ ജയേഷിന്റെ ലീഗല്‍ ഐയ്ഡ് കൗണ്‍സല്‍ ആയി നിയമിക്കുമ്പോള്‍ ആ ജോലി ഏറ്റെടുക്കാന്‍ എനിക്ക് തോന്നിയത് അയാളെ സഹായിക്കണം എന്ന തോന്നല്‍ ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ്. ഞാന്‍ വിശദമായി കേസ് പഠിച്ചു. വളരെ സൂക്ഷ്മമായ ചില പോയിന്റുകളില്‍ ഒറ്റയടിക്കുതന്നെ കാണാവുന്ന ചില ഡിസ്‌ക്രിപന്‍സികള്‍ നിലനില്‍ക്കുന്നുണ്ട് എന്നെനിക്ക് വേഗംതന്നെ മനസ്സിലായി.”

ജയേഷിനെതിരെയുള്ള പ്രധാന തെളിവ് ഒന്നാം സാക്ഷിയുടെയും രണ്ടാം സാക്ഷിയുടെയും മൊഴികളാണ്. സുന്ദരിയമ്മ താമസിച്ചിരുന്നത് വട്ടക്കിണര്‍ ഭാഗത്തുള്ള ഒരു ലൈന്‍ കെട്ടിടത്തിലാണ്. നാല് മുറികളിലായി നാല് പേര്‍ താമസിക്കുന്നു. ഒരു മൂലയിലുള്ള മുറിയായിരുന്നു സുന്ദരിയമ്മയുടേത്. മറ്റൊരു മൂലയിലെ മുറിയില്‍ താമസിച്ച ആളാണ് ദിവാകരന്‍. സുന്ദരിയമ്മയുടെ മുറിക്കു തൊട്ടടുത്ത മുറിയില്‍ താമസിച്ച ആളാണ് രഘുപതി. ഇവര്‍ രണ്ടാളും സംഭവം നടന്ന ദിവസം, അതായത് 2012 ജൂലായ് ഇരുപത്തിയൊന്നാം തീയതി പുലര്‍ച്ചെ ഒന്നരയ്ക്ക് സുന്ദരിയമ്മയുടെ മുറിയില്‍നിന്നും കരച്ചില്‍ കേട്ട് ചെന്ന് നോക്കുമ്പോള്‍ ജയേഷ് ആ മുറിയില്‍നിന്നും ഒരു കത്തിയുമായി ഓടുന്നത് കണ്ടു എന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഒന്നാം സാക്ഷി ദിവാകരനും ആ ലൈന്‍ കെട്ടിടത്തിന്റെ ഉടമസ്ഥന്റെ മകന്‍ സാദിക്കും ചേര്‍ന്ന് പിന്നീട് രണ്ടു മണിക്കുശേഷം മീഞ്ചന്ത ബൈപ്പാസ് ഭാഗത്തേക്ക് വെട്ടിയ ആളെ അന്വേഷിച്ചുപോയപ്പോള്‍ സിറ്റിലൈറ്റ് ഹോട്ടലില്‍ കയറി സംഭവം പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നാണ് ജയേഷ് പറയുന്നത്.

പിന്നീട് ദിവാകരനാണ് അഞ്ചു മണിയോടെ പന്നിയങ്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പന്നിയങ്കര പോലീസ് തയ്യാറാക്കിയ ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റ്‌മെന്റില്‍ ദിവാകരന്‍ ജയേഷിനെക്കുറിച്ചോ വെട്ടിയ ആളെ താന്‍ കണ്ടു എന്നോ ഒന്നും പറഞ്ഞിട്ടില്ല. അതേ ദിവാകരന്‍തന്നെയാണ് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ചിനോട്, തന്റെ കൈയില്‍ ഇരുന്ന ടോര്‍ച്ച് വെട്ടത്തില്‍ സുന്ദരിയമ്മയുടെ മുറിയുടെ പിന്നിലൂടെയുള്ള വഴിയില്‍ വച്ച് അവരെ വെട്ടിയിട്ട് ഷര്‍ട്ടില്‍ മുഴുവന്‍ ചോര പടര്‍ന്ന്, കത്തിയുമായി ഓടിപ്പോകുന്ന ജയേഷിനെ കണ്ടു എന്ന് പറയുന്നത്. താന്‍ പിറകെ വരുന്നത് കണ്ട് ജയേഷ് തിരിഞ്ഞു നിന്നു. അയാളെ കണ്ടു പേടിച്ച് താന്‍ തിരിച്ചുപോന്നു എന്നാണ് ദിവാകരന്റെ പുതിയ മൊഴി.

ഒറ്റ നോട്ടത്തില്‍തന്നെ സംശയം തോന്നുന്ന മറ്റൊരു പ്രധാന പോയിന്റ് കൂടിയുണ്ട്. ജയേഷ് സുന്ദരിയമ്മയുടെ വീട്ടില്‍ കയറിയത് ഒരു കോണി ചുവരില്‍ ചാരിവച്ച് അതിലൂടെ ഓടിനുമുകളില്‍ കയറി ഓടിളക്കിയാണ് എന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരിക്കുന്നത്. പന്നിയങ്കര പോലീസ് തയ്യാറാക്കിയ ഫസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് വീടിന്റെ മുകളില്‍ ഓടു മൂടിക്കൊണ്ട് പ്ലാസ്ടിക്കിന്റെ ഒരു ഷീറ്റ് ഉണ്ട് എന്നാണ്. അതില്‍ കീറലിന്റെയും മറ്റും യാതൊരു വിവരണവും ഇല്ല എന്നാണ് അഡ്വ. അനില്‍കുമാര്‍ പറയുന്നത്.
ഒറ്റ നോട്ടത്തില്‍ കാണാവുന്ന ഇത്തരത്തിലുള്ള അനവധി വൈരുധ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ കേസ്സിനെ സമീപിച്ചത്.

പ്രോസിക്യൂഷന്റെ പോയിന്റുകള്‍ പ്രധാനമായും ഇങ്ങനെയായിരുന്നു: സുന്ദരിയമ്മയുടേത് ഒരു കൊലപാതകമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്ന പ്രകാരത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള ആയുധം പ്രതി ഉപയോഗിച്ചതായി കണ്ടെത്തി. അത് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും സാക്ഷികള്‍ പ്രതി സുന്ദരിയമ്മയുടെ വീട്ടില്‍നിന്നും സംഭവം നടന്ന ഉടനെ ഓടി രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്. ഒന്‍പതാം സാക്ഷിയായ ബിജു ജോണ്‍, പ്രതിയുടെകൂടെ ജോലി ചെയ്യുന്ന ആളാണ്. അയാള്‍ ജൂലായ് ഇരുപതാം തീയതി രാത്രി പതിനൊന്നരമണി മണി മുതല്‍ പുലര്‍ച്ചെ രണ്ടര മണി വരെ ജോലി ചെയ്യുന്ന സിറ്റിലൈറ്റ് ഹോട്ടലില്‍ ജയേഷ് ഉണ്ടായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പ്രതി ഉപയോഗിച്ചിരുന്ന കത്തി തിരുവച്ചിറ ശ്രീകൃഷ്ണ അമ്പലത്തിന്റെ കുളത്തില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. അത് താന്‍ ഉപയോഗിച്ചതാണ് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സുന്ദരിയമ്മയുടേതാണ് എന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുള്ള ഒരു പേഴ്‌സ്, ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ ഫോട്ടോക്കോപ്പി, ഒരു സ്വര്‍ണ്ണപ്പണയ രസീത്, ഒരു കേബിള്‍ ടിവി രസീത് എന്നിവ പ്രതിയുടെ മുറിയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ മോഷണത്തിലുള്ള മുന്‍കാല ചരിത്രം വേറെ.

അഡ്വക്കേറ്റ് അനില്‍കുമാര്‍ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്ത ഒരു ഭാഗം ജയേഷ് ഉപയോഗിച്ചത് എന്നു പറഞ്ഞ് ക്രൈംബ്രാഞ്ച് മുന്നോട്ടു വച്ച കത്തികൊണ്ട് ആ കൊലപാതകം നടക്കുമോ എന്നതായിരുന്നു. സുന്ദരിയമ്മയെ വളരെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. അവരുടെ തലയോട്ടിയുടെ പല ഭാഗങ്ങളും പിളര്‍ന്നുപോയിരുന്നു. വെട്ടുകൊണ്ട് ഒരു കൈ അറ്റു തൂങ്ങിയിരുന്നു. മരണ കാരണമാകാവുന്ന തരത്തിലുള്ള ആകെ ഇരുപത്തിഒന്‍പതു മുറിവുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. അതില്‍ പലതും വളരെ ആഴത്തില്‍ തലയോട്ടിയിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. റിപ്പോര്‍ട്ടില്‍ ഇരുപതാമതായി നമ്പര്‍ ഇട്ടിരിക്കുന്ന മുറിവിനെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്.

an ‘L’shaped incised chop cut, vertical limb 6.5cm,t ransverse limb 5cm, of 1 to 1.5cm wide, on front of right fore arm.ഇതേ പോലെ ‘L’ ഷെയ്പ്പിലുള്ള വേറെയും ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് അതില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. നല്ല കനമുള്ള വലിയ വാളുകൊണ്ട് ഉണ്ടാകാവുന്ന തരത്തിലുള്ള മുറിവുകളാണ് അവയെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാകാവുന്നതേയുള്ളൂ. എന്നാല്‍ ക്രൈംബ്രാഞ്ച് കുളത്തില്‍ നിന്നും കണ്ടെടുത്ത് തെളിവായി സമര്‍പ്പിച്ചിരിക്കുന്ന കത്തി വെറും 38 സെന്റീമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ വീതിയും ഉള്ള ഒരു ചെറിയ കത്തിയാണ്. 320 ഗ്രാം മാത്രമാണ് അതിന്റെ തൂക്കം. അതിലും രസകരമായ കാര്യം, കൊലപാതകം നടന്ന ദിവസം രാത്രി പ്രതി ആ കത്തി കുളത്തില്‍ വലിച്ചെറിഞ്ഞു എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതാണ്. പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തിലേറേക്കഴിഞ്ഞ് ക്രൈംബ്രാഞ്ച് കേസ്അന്വേഷിക്കുമ്പോഴാണ് ഈ കത്തി കണ്ടെടുക്കുന്നത്. അത്രയും നാള്‍ ഒരു താമരക്കുളത്തിലെ ചെളിയില്‍ പൂണ്ടു കിടന്ന കത്തിക്ക് അല്‍പ്പം പോലും തുരുമ്പ് പിടിച്ചിട്ടില്ല. അതിന്റെ മൂര്‍ച്ച അല്‍പ്പംപോലും കുറഞ്ഞിട്ടില്ല. 13 സെന്റീമീറ്റര്‍ മാത്രം നീളമുള്ള അതിന്റെ പിടിയില്‍ ഒരു പിച്ചള വളയമുണ്ട്. അതിന്റെ നിറംപോലും മങ്ങിയിട്ടില്ല. കണ്ടാല്‍ പുതിയ കത്തിതന്നെ എന്ന് പറയും. ഈ കത്തിയല്ല കൊലപാതകത്തിന് ഉപയോഗിച്ചത് എന്ന് കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞതായി അനില്‍കുമാര്‍ പറഞ്ഞു.

അഡ്വക്കേറ്റ് അനില്‍കുമാര്‍ എനിക്ക് വിധിന്യായത്തിന്റെ ഒരു പകര്‍പ്പ് തന്നിരുന്നു. അതില്‍ ജഡ്ജ് കത്തിയെ സംബന്ധിച്ചുള്ള സൂക്ഷ്മ വിവരങ്ങള്‍തന്നെ എഴുതിവച്ചിട്ടുണ്ട്. വെള്ളത്താമരകള്‍ നിറഞ്ഞ തിരുവച്ചിറ ശ്രീകൃഷ്ണ അമ്പലത്തിന്റെ കുളത്തിലെ ചെളിയില്‍ പതിന്നാലു മാസമാണ് ആ കത്തി പൂണ്ടു കിടന്നിരുന്നത്.  ജൈവാവശിഷ്ടങ്ങള്‍ ചീഞ്ഞു കിടക്കുന്ന ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ഇരുമ്പ് കത്തിയില്‍ എന്തെല്ലാം രാസപ്രവര്‍ത്തങ്ങള്‍ ആണ് സംഭവിക്കുക എന്ന് വിധിന്യായത്തില്‍ ജഡ്ജ് എഴുതിവച്ചിരിക്കുന്നു. ഇരുമ്പ് ഒക്‌സിഡൈസ്ഡായി ഫെറസ് ഒാക്‌സൈഡും ഫെറിക്ക് ഓക്‌സൈഡും തുരുമ്പിന്റെ രൂപത്തില്‍ കത്തിയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവണം. സാധാരണരീതിയില്‍ പാഴ്ത്തടി കൊണ്ടുണ്ടാക്കുന്ന കത്തിയുടെ പിടി ഈ കാലം കൊണ്ട് വെള്ളത്തില്‍ കിടന്ന് ദ്രവിച്ചിട്ടുണ്ടാവണം. പിച്ചള കൊണ്ടുണ്ടാക്കിയ പിടിയിലെ വളയത്തില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ്, കോപ്പര്‍ സള്‍ഫേറ്റ് എന്നിവ അടിഞ്ഞുകൂടി നീലനിറം വ്യാപിച്ചിരിക്കും. ഇതൊന്നും ആ കത്തിയില്‍ കാണുന്നില്ല. 12.09. 2013-ല്‍ ആ കത്തി ‘കണ്ടുപിടിക്കുന്നതിനു’ തൊട്ടു മുന്‍പ് ഒരു പുതിയ കത്തി കുളത്തില്‍ കൊണ്ടുപോയി ഇട്ടതാണ് എന്ന് എളുപ്പത്തില്‍ നമുക്ക് മനസ്സിലാകും. ഒരു കോണ്‍വെക്‌സ്‌ലെന്‍സ് ഉപയോഗിച്ച് താന്‍ സ്വന്തമായി ആ കത്തി പരിശോധിക്കുകയും യാതൊരു തരത്തിലുള്ള തുരുമ്പിന്റെയും കോപ്പര്‍ സള്‍ഫേറ്റിന്റെയും സാന്നിധ്യം അതിലില്ല എന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ജഡ്ജ് എസ്. കൃഷ്ണകുമാര്‍ വിധിന്യായത്തില്‍ എഴുതിയിരിക്കുന്നു.

ഈ നിരീക്ഷണത്തെ പിന്തുണയ്ക്കുന്ന കെമിക്കല്‍ റിപ്പോര്‍ട്ട്കൂടി വന്നതോടെ പോലീസ് എങ്ങനെയാണ് ജയേഷ് എന്ന മനുഷ്യനെ കൊലപാതകിയാക്കി അവതരിപ്പിച്ചത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ചിത്രം ലഭിക്കും. കെമിക്കല്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ കൂടിയുണ്ട്. പ്രെസിപ്പിറ്റിന്‍ ടെസ്റ്റ് എന്ന ടെസ്റ്റ്‌വഴിയാണ് വിദഗ്ധര്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഒരു കൊലപാതകം നടത്താനുപയോഗിച്ച ആയുധത്തെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള അത്രയും വ്യാപകമായ മുറിവുകള്‍ ഉണ്ടാകണം എങ്കില്‍ കത്തി മുഴുവനായും ചോരയില്‍ പുരണ്ടിരിക്കണം. എത്ര നാള്‍ വെള്ളത്തില്‍ ആണ്ടു കിടന്നാലും ആ കത്തിയില്‍നിന്നും രക്തത്തിന്റെ സാന്നിധ്യം തിരിച്ചറിയാനാകും. പക്ഷേ, കെമിക്കല്‍ ലാബില്‍നിന്നും വന്ന റിപ്പോര്‍ട്ടില്‍ രക്തത്തിന്റെ യാതൊരു വിധ സാന്നിധ്യവും ആ കത്തിയില്‍ കണ്ടെത്തിയില്ല എന്ന് അസന്ദിഗ്ധമായി പറയുന്നു.

ദിവാകരന്റെ മൊഴിയെ സംബന്ധിച്ചും അനില്‍കുമാര്‍ അവതരിപ്പിച്ച അവലോകനത്തെ കോടതി കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചു. ലോക്കല്‍ പോലീസില്‍ ഒന്നാം സാക്ഷിയായിരുന്ന ദിവാകരനും രണ്ടാം സാക്ഷിയായ രഘുപതിയും നല്‍കിയിരുന്ന കൊലപാതകിയെ സംബന്ധിക്കുന്ന വിവരണം ‘അയാള്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്നു’ എന്ന് മാത്രമാണ്. ദിവാകരന്‍ ഹോട്ടലില്‍ ചെല്ലുന്ന സമയത്ത് ജയേഷ് അവിടെ ഉണ്ടായിരുന്നു എന്നാണ് പതിനൊന്നാം സാക്ഷിയായ ഹോട്ടല്‍ ഉടമസ്ഥന്‍ ജലീലിന്റെ മൊഴി. ദിവാകരന്‍ വന്ന് ഈ വിവരം പറയുന്ന സമയത്ത് ഹോട്ടലില്‍ ജയേഷ് ഉണ്ടായിരുന്നു എന്ന് ഒന്‍പതാം സാക്ഷിയായ ജോണ്‍ പറയുന്നു. എന്നാല്‍ ബിജു ജോണ്‍ പതിനൊന്നര മുതല്‍ രണ്ടു മണി രണ്ടര വരെ ജയേഷ് അവിടെ ഉണ്ടായിരുന്നില്ല എന്നും ബിജു മൊഴി നല്‍കിയിട്ടുണ്ട്.

ജയേഷ് ആണ് കൊലപാതകം നടത്തിയതെങ്കില്‍ സുന്ദരിയമ്മയുടെ മുറിയില്‍നിന്നും ഓടി അയാള്‍ നേരെ അമ്പലക്കുളത്തിന്റെ ഭാഗത്ത് പോയി കത്തി കുളത്തില്‍ എറിഞ്ഞ് അവിടെത്തന്നെ വസ്ത്രങ്ങള്‍ മുഴുവന്‍ കഴുകി, കുളിച്ച് ഹോട്ടലിലേക്ക് വന്നു നില്‍ക്കണം. ഒന്നരയ്ക്ക് കൊലപാതകം നടത്തിയ ജയേഷ് രണ്ടു മണിക്ക് ഇതൊക്കെ ചെയ്ത് വസ്ത്രങ്ങള്‍ ഒന്നും നനയാതെ കുളിച്ച ഭാവങ്ങളൊന്നും കൂടാതെ ഹോട്ടലിന്റെ കൗണ്ടറില്‍ നില്‍ക്കുക എന്നത് അസാധ്യമാണ് എന്ന് കോടതി മനസ്സിലാക്കി. പിന്നെ പ്രശ്‌നം ബിജു ജോണ്‍ പറഞ്ഞ കാര്യങ്ങളായിരുന്നു. ജയേഷ് പതിനൊന്നര മുതല്‍ രണ്ടു മണി വരെ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല എന്ന മൊഴിയെ എന്ത് ചെയ്യണം എന്നതായിരുന്നു പ്രശ്‌നം. ഒന്നാമത്തെ കാര്യം ബിജു ജോണ്‍ ചെയ്യുന്ന ജോലിയും ജയേഷ് ചെയ്യുന്ന ജോലിയും രണ്ടും രണ്ടായിരുന്നു. ജയേഷിന്റെ ആ ദിവസത്തെ ഡ്യൂട്ടി വലിയ ചെമ്പുകള്‍
കഴുകി വയ്ക്കുന്നതായിരുന്നു. ഹോട്ടലിന്റെ പിന്‍ഭാഗത്ത് ചിരട്ടകള്‍ കൂട്ടിയിരിക്കുന്ന ഭാഗത്താണ് വലിയ പാത്രങ്ങള്‍ എല്ലാം കൂട്ടിയിട്ട് കഴുകുന്നത്. ബിജു ജോണിന്റെ ഡ്യൂട്ടി മേശ ക്ലീന്‍ ചെയ്യുന്നതായിരുന്നു. മാത്രമല്ല.
പൊതുവെ എന്നും തന്റെ ഡ്യൂട്ടി രണ്ടു മണിയോടെ അവസാനിക്കും എന്ന് ബിജുതന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ പതിനൊന്നര മുതല്‍ രണ്ടര വരെ ഹോട്ടലില്‍ ജയേഷിനെ കണ്ടില്ല എന്ന ബിജുവിന്റെ വാക്കിനെ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല. മാത്രമല്ല, ഹോട്ടലിന്റെ ഉടമസ്ഥരില്‍ ഒരാളായ ജലീല്‍ രണ്ടു മണിക്ക് താന്‍ ഹോട്ടല്‍ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ ദിവാകരനും രഘുപതിയും വന്ന് സുന്ദരിയമ്മക്ക് വെട്ടേറ്റ കാര്യം പറയുമ്പോള്‍ ജയേഷ് കൗണ്ടറില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നു. ജയേഷില്‍ ജോലിക്കിടയില്‍ ഓടിപ്പോയി ഒരു കൊലപാതകം നടത്തിയതായി സംശയിക്കത്തക്ക ഒരു മാറ്റവും ജലീലിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ബിജു ജോണ്‍ കുറച്ചു നേരം ജയേഷിനെ കണ്ടില്ല എന്നു പറയുന്നത് അയാള്‍ കൊലപാതകം ചെയ്തു എന്നതിന്റെ തെളിവല്ല.

കേസ്സിലെ പതിമൂന്നാം സാക്ഷി അഭിലാഷ് എന്ന് പേരുള്ള ഒരു മെറൈന്‍ ഗാര്‍ഡ് ആണ്. അയാളാണ് തിരുവച്ചിറ അമ്പലക്കുളത്തില്‍നിന്നും കത്തി മുങ്ങി എടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ മൊഴി പ്രകാരം കുളത്തിന്റെ കരയില്‍ പ്രതിയെകൊണ്ട് എത്തിയപ്പോഴാണ് കത്തി താമര നിറഞ്ഞ കുളത്തില്‍ നിന്നും മുങ്ങി എടുക്കുന്നതിന് ഒരു വിദഗ്ധന്റെ സഹായം ആവശ്യമാകും എന്ന് ബോധ്യം വന്നത് എന്നു പറയുന്നുണ്ട്. കത്തി എടുത്തത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. എന്നാല്‍ മറൈന്‍ ഗാര്‍ഡ് അഭിലാഷിന്റെ മൊഴിയില്‍ പറയുന്നത് അന്ന് രാവിലെ 8.30 ന് തന്നെ കോസ്റ്റല്‍ പോലീസ്‌സ്‌റ്റേഷനിലെ എസ്‌ഐ തന്നെ വിളിച്ച് തിരുവച്ചിറ അമ്പലക്കുളത്തില്‍ ഈ കാര്യത്തിനായി പോകണം എന്ന് പറഞ്ഞ് അവിടുത്തെ പോലീസ്ജീപ്പില്‍ കയറ്റി തന്നെ കുളത്തിനരികില്‍ എത്തിച്ചിരുന്നു എന്നാണ്. ക്രൈംബ്രാഞ്ച് പ്രതിയെ കൊണ്ടുവരുന്നതുവരെ താന്‍ അവിടെ കാത്തുനില്‍ക്കുകയായിരുന്നു എന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. അതായത് കുളക്കരയില്‍ എത്തുന്നതിനു മുന്‍പ് കുളത്തിലിറങ്ങാന്‍ വിദഗ്ധ സഹായം വേണ്ടിവരും എന്നറിയില്ലായിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി വിശ്വസനീയമല്ല.

ജയേഷ് താമസിച്ചിരുന്ന മുറിയില്‍നിന്നും സുന്ദരിയമ്മയുടേതാണ് എന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുള്ള ഒരു പേഴ്‌സ്, ഒരു ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ ഫോട്ടോക്കോപ്പി, ഒരു സ്വര്‍ണ്ണപ്പണയ രസീത്, ഒരു കേബിള്‍ ടിവി രസീത്, കൊലപാതകം നടത്തിയ ദിവസം ജയേഷ് ധരിച്ച ഷര്‍ട്ട് എന്നിവ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. ഇവയെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയപ്പോഴും ഇത്തരത്തില്‍ വിശ്വസനീയത ഇല്ലാതാകുന്നത് കോടതിക്ക് ബോധ്യപ്പെട്ടു.

ജയേഷ് ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തിയശേഷം പോലീസുകാര്‍ അയാളെ കൂട്ടിക്കൊണ്ടു വന്നാണ് അയാളുടെ മുറിയിലെ അലമാരയില്‍നിന്നും ഈ പറയുന്ന വസ്തുക്കള്‍ കണ്ടെടുത്തത്. സുന്ദരിയമ്മ വെട്ടുകൊണ്ട് മരിച്ച ദിവസം രാത്രി സംഭവസ്ഥലത്തെത്തിയ കസബ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് അവിടെനിന്നും ചില വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. കുറച്ച് സ്വര്‍ണ്ണവും ഏതാണ്ട് ആറായിരത്തോളം രൂപയും ഒരു കറുത്ത പേഴ്‌സും അതില്‍ പെടുന്നു. എന്നാല്‍ സ്വര്‍ണ്ണവും രൂപയും മരണവിവരം അറിഞ്ഞ് എത്തിയ സുന്ദരിയമ്മയുടെ മകള്‍ക്ക് കൈമാറി. പേഴ്‌സ് അന്ന് കോടതിയില്‍ സമര്‍പ്പിച്ചതും ഇല്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ജയേഷിന്റെ മുറിയില്‍നിന്നും കണ്ടെടുത്തത് ഒരു കറുത്ത പേഴ്‌സ് തന്നെയാണ്. കൊലപാതകം നടന്ന ദിവസം കസബ സിഐ സുന്ദരിയമ്മയുടെ വീട്ടില്‍നിന്നും കണ്ടെടുത്ത പേഴ്‌സ്തന്നെയാണ് ജയേഷിന്റെ അലമാരയില്‍ നിന്നും ക്രൈംബ്രാഞ്ച് കണ്ടെടുത്തത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ജയേഷിന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത കൊലപാതകം നടത്തിയ ദിവസം അയാള്‍ ധരിച്ച ഷര്‍ട്ട്, കെമിക്കല്‍ ലാബിലെ പരിശോധനയില്‍ യാതൊരു തരത്തിലുള്ള രക്തവും പുരണ്ടതായി തെളിയിക്കപ്പെട്ടില്ല. രക്തം ചീറ്റിത്തെറിച്ച് ചുവരില്‍ മുഴുവന്‍ പടര്‍ന്ന ഒരു കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ അല്‍പ്പം പോലും രക്തം പുരണ്ടില്ല എന്നത് വിശ്വസനീയമല്ല. ക്രൈംബ്രാഞ്ച് ജയേഷിനെ പ്രതിയാക്കി മാറ്റാനായി മനപ്പൂര്‍വ്വം രൂപപ്പെടുത്തിയ വ്യാജ തെളിവുകള്‍ ആയിരുന്നു അവയെല്ലാം എന്ന് കോടതിക്ക് ബോധ്യപ്പെടുന്നത് ഇങ്ങനെയാണ്.

ജയേഷിന് മോഷണത്തിന്റെ മുന്‍കാലചരിത്രം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. അത് മോഷണശ്രമത്തിനിടെ കൊലപാതകം നടത്തി എന്ന ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടാന്‍വേണ്ടി ഉപയോഗിച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇങ്ങനെ ക്രൈംബ്രാഞ്ച് ജയേഷിനെതിരെ നിരത്തിയ മുഴുവന്‍ ആരോപണങ്ങളും കെട്ടിച്ചമച്ചതാണ് എന്നു തെളിയിക്കപ്പെട്ടതുകൊണ്ടാണ് കോടതി അയാളെ നിരപരാധിയാണ് എന്ന് വിധിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നിയമ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ഉത്തരവാദിത്വരാഹിത്യം കാണിച്ചു എന്നത് കൊണ്ടാണ് അവര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കാനുള്ള ശുപാര്‍ശ കൂടി വിധിയില്‍ ഉണ്ടായത്. സിആര്‍.പി.സി. 358 പ്രകാരം ഇതുപോലെ വ്യാജമായി കുറ്റാരോപിതനാകുന്ന ആള്‍ക്ക് ആയിരം രൂപയാണ് നഷ്ടപരിഹാരം നല്‍കാവുന്നത്. എന്നാല്‍ ജയേഷ് കള്ളക്കേസില്‍ പെട്ട് ജയിലില്‍ കിടന്നത് ഒരു വര്‍ഷമാണ്. ആയിരം രൂപ നീതിക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് ഭരണകൂടംതന്നെ അയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ആ പണം ജയേഷിനെ വ്യാജപ്രതിയാക്കി മാറ്റിയ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കണം എന്നും കോടതി വിധിച്ചത്.
അനില്‍കുമാര്‍ വക്കീല്‍ ഈ കേസ്സിന്റെ ചരിത്രം മുഴുവന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ഈ കേസ്‌വാദിച്ചതിന് ആകെ എത്ര രൂപ പ്രതിഫലം. കിട്ടി എന്ന്. അദ്ദേഹം ചിരിച്ചു. ലീഗല്‍ എയ്ഡ് കൗണ്‍സല്‍ ആയി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന പ്രതിഫലം ഏതാണ്ട് നാലായിരം രൂപയോളം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

നാല്പതോളം സാക്ഷികളെ വിസ്തരിക്കുകയും ദിവസങ്ങളോളം ഈ കേസ് പഠിച്ച് വിശദമായി അവതരിപ്പിക്കുകയും ചെയ്ത് നീതിയുടെ നടത്തിപ്പിന് തന്റേതായ പങ്കു വഹിച്ചു എന്ന സംതൃപ്തിയാണ് ആ പണത്തേക്കാള്‍ കൂടുതല്‍ ഒരു വക്കീലിന് ലഭിക്കുന്ന പ്രതിഫലം എന്ന് നമുക്ക് ആശ്വസിക്കാം.

നാല്

തൂക്കുകയറില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടുപോന്നവനെ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടവനെ നീതിപീഠം കുറ്റവാളിയല്ലെന്നു വിധിച്ചാലും, കുറ്റവാളിതന്നെയായി കാണുന്ന ഒരു സമൂഹം പുറത്തു നില്‍ക്കുന്നു. ആ സമൂഹത്തിനിടയില്‍ ജയേഷിന്റെ ഹോട്ടല്‍ മുതലാളി ജലീലിനെപ്പോലെയുള്ളവര്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് വ്യത്യസ്തരായിബാക്കിയുണ്ട് എന്നത് ആശ്വാസമാണ്. ജലീലിന് ആ ദിവസങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിഷമം ഇപ്പോഴും ബാക്കിയാണ്.

”ജയേഷ് കുറ്റവാളിയല്ല എന്ന് നമുക്ക് കൃത്യമായി അറിയാം. ഈ പറഞ്ഞ ദിവാകരനും സാദിക്കും സുന്ദരിയമ്മയ്ക്ക് വെട്ടു കൊണ്ട കാര്യം ഇവിടെ വന്ന് പറയുമ്പോള്‍ ഞാന്‍ ഈ കൗണ്ടറില്‍ ഇരിക്കുന്നുണ്ട്. ജയേഷ് അപ്പോള്‍ ഇവിടെത്തന്നെയുണ്ട്. പിന്നീട് ക്രൈംബ്രാഞ്ച് വന്ന് അവനാണ് കൊലപാതകി എന്ന് പറഞ്ഞ് പിടിച്ചു കൊണ്ട് പോകുമ്പോള്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായി. കാരണം ഈ സുന്ദരിയമ്മയുടെ വധം നടന്ന് ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞിട്ടും കുറ്റവാളിയെ പോലീസ്പിടിക്കാതെ വന്നപ്പോ ഇവിടുത്തെ നാട്ടുകാരെല്ലാംകൂടി വല്യ പ്രക്ഷോഭമാക്കിയതാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും സമരത്തിനിറങ്ങി. ധര്‍ണ്ണകള്‍ നടന്നു. നിയമസഭയില്‍ പോലും പ്രക്ഷോഭമുണ്ടായി. അങ്ങനെയാണ് ക്രൈംബ്രാഞ്ച് കേസ്ഏറ്റെടുക്കുന്നത്. അവര്‍ കേസ് ഏറ്റെടുത്ത് അധികം താമസിയാതെതന്നെ പ്രതിയെ പിടിക്കുന്നു. അപ്പൊ നമ്മള്‍ ആകെ അങ്കലാപ്പിലായിപ്പോയി. അവനെതിരെ അവര്‍ ഉണ്ടാക്കിയ തെളിവെല്ലാം വ്യാജമാണ് എന്ന് നമുക്ക് കൃത്യമായി അറിയാം. പക്ഷേ, അവന് ഒരു വക്കീലിനെ വച്ച് കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി നമ്മള്‍. കാരണം അങ്ങനെ ചെയ്താല്‍ നമ്മള്‍ കൊലപാതകിയെ രക്ഷിക്കാന്‍ നോക്കുകയാണ് എന്ന് നാട്ടുകാര് പറയും. ഇവിടെ ഒരു വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടല്ലേ നമ്മള് ജീവിക്കുന്നത്. നാട്ടുകാരുടെ മുന്നില്‍അത്തരം ഒരു അഭിപ്രായം ഉണ്ടാക്കി ഇവിടെ കച്ചവടം ചെയ്യാനാവില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുകയായിരുന്നു. പിന്നീടാണ് അനില്‍കുമാര്‍ വക്കീല് അവനുവേണ്ടി വാദിച്ചത്. ആ സമയം നമുക്ക് ചെയ്യാന്‍ കഴിയുന്നത് പരിപൂര്‍ണ്ണമായി ചെയ്തു. സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി കോടതിയില്‍ പോയി പറഞ്ഞു.”ജലീലിക്ക പറഞ്ഞു.

പിന്നെ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ജയേഷിനെ അങ്ങോട്ടുതന്നെ ജലീല്‍ കൂട്ടിക്കൊണ്ട് പോരുകയും ചെയ്തു. അവന്റെ ജീവിതത്തെ വീണ്ടും അദ്ദേഹം പിന്തുണയ്ക്കുന്നു.ഒരിക്കല്‍ കുറ്റവാളിയാക്കപ്പെട്ട മനുഷ്യന്‍ എങ്ങനെയാണ് അതില്‍ തളയ്ക്കപ്പെട്ടുപോകുന്നത് എന്ന് ജലീലിന്റെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. കുറ്റവാളിയെ പിടിക്കാതിരുന്നതില്‍ ബഹളമുണ്ടാക്കിയ സമൂഹത്തിന് ഒരു കുറ്റവാളിയെ മതിയായിരുന്നു. ജയേഷ് അറസ്റ്റിലായതോടെ പൊതുസമൂഹത്തിന്റെ വിശപ്പ് പരിഹരിക്കപ്പെട്ടു. ജയേഷ് അനാഥനായത് കൊണ്ട്, രാഷ്ട്രീയമായി ഒരു കൂട്ടത്തിന്റെയും പിന്തുണയില്ലാത്തതുകൊണ്ട്, ഒരു ജാതി സംഘടനയുടെയും മതവിഭാഗത്തിന്റെയും പിന്തുണയില്ലാത്തത് കൊണ്ട്, അവന്റെ തടവ് ആരെയും വിഷമിപ്പിക്കുന്നില്ല. ആകെ വിഷമം തോന്നിയത് തൊഴില്‍ ദാതാവിനാണ്. അവനെ പിന്തുണച്ചാല്‍ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നവന്‍ എന്ന സമൂഹത്തിന്റെ കുറ്റപ്പെടുത്തല്‍ അയാളുടെ ജീവിതംതന്നെ ചിലപ്പോ തകര്‍ത്തേക്കാം എന്ന വസ്തുതയ്ക്ക് മുന്നില്‍ അയാളും ഭയചകിതനായി നിന്നു പോകുന്നു.

ഒരു സമൂഹത്തിന്റെ മുഴുവന്‍ ധാര്‍മ്മികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കേവലം ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട സദാചാര പ്രതിസന്ധിയല്ല നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ നിലനില്‍ക്കുന്നത് എന്ന് ഇത്തരം സംഭവങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നു. സാമൂഹിക മനസാക്ഷി ഈ വിഷയത്തെ കൂടുതല്‍ ആഴത്തിലും ഗൗരവതരമായും കൈകാര്യം ചെയ്യേണ്ട കാലം എന്നോ അതിക്രമിച്ചു. ജയേഷിന് ജബ്ബാര്‍ എന്ന പേര് വരുന്നത് എങ്ങനെയാണ് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു. കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന പേഴ്‌സ് അയാളുടെ മുറിയിലെ അലമാരിയില്‍ എത്തിയതുപോലെ, ആ പേരും അയാള്‍ക്ക് ചാര്‍ത്തിക്കിട്ടി. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ കൂടുതല്‍ ആധികാരികത തോന്നിപ്പിക്കാനാണോ അത് മുസ്‌ലിം പേരായത് എന്നതുമാത്രമാണ് ചോദ്യം.

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു മനുഷ്യന്‍, കൂട്ടങ്ങളുടെ പിന്തുണയില്ലാത്ത ഒരു മനുഷ്യന്‍, ജീവിതത്തില്‍ എവിടെ നിന്നെങ്കിലും ലഭിക്കുന്ന പിന്തുണകള്‍ കൊണ്ട് ജീവിതം പിടിച്ചു നിര്‍ത്തുന്നതിന്റെ കഥയാണ് ജയേഷിന്റേത്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ കരുത്തില്‍ ഇനിയും ബാക്കി നില്‍ക്കുന്ന വലിയ പ്രതീക്ഷയാണ് ജയേഷിന്റെ അനുഭവങ്ങള്‍. പോലീസുദ്യോഗസ്ഥന്‍ ഒരു ചെരുപ്പ് ആദ്യം നിര്‍മ്മിക്കുകയും ആ ചെരിപ്പിന് പാകമായ കാലിനായി തിരച്ചില്‍ നടത്തി ജയേഷിനെ കണ്ടെത്തുകയും ചെയ്തു എന്ന് വിധിന്യായത്തില്‍ കോടതി നിരീക്ഷിക്കുന്നുണ്ട്. കുരുക്ക് ആദ്യം നിര്‍മ്മിച്ചിട്ട് അതിനു പാകത്തിനുള്ള കഴുത്തുള്ളവനെ കുറ്റവാളിയാക്കി കൊണ്ടുവരുന്ന ആ ഭീകരയുക്തി ഇന്നും നമ്മുടെ നാട്ടില്‍ ഒരു കേടും കൂടാതെ അതിജീവിച്ചു പോരുന്നു. ഒരു പുതിയ കത്തി അങ്ങാടിയില്‍നിന്നും വാങ്ങി, പതിന്നാലു മാസം ചെളിയില്‍ പൂണ്ടു കിടന്നതാണ് എന്നും പറഞ്ഞ് കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ഒരു പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് ആത്മവിശ്വാസം ഉണ്ടാകുന്നു. ആ കേസ് തോല്‍ക്കും എന്ന് അന്വേഷണ വ്യവസ്ഥയ്ക്ക് യാതൊരു തോന്നലും ഉണ്ടായിരുന്നില്ല.
പോലീസ്തന്നെയാണ് സുന്ദരിയമ്മയുടെ വധക്കേസ് വിചാരണയുടെ വിധി വരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വിധി വരുന്ന ദിവസം ‘ഇന്ന് വിധി’ എന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. അതായത് ഏതു തെളിവ് നല്‍കിയാലും ഈ നീതിന്യായ വ്യവസ്ഥയുടെ ഭീകര സങ്കീര്‍ണ്ണതയ്ക്കകത്ത് പെട്ട് പ്രതി ശിക്ഷിക്കപ്പെട്ടോളും എന്ന മുന്‍ധാരണ പോലീസിനുണ്ടായിരുന്നു. കോടതി വ്യവസ്ഥയെ സംബന്ധിച്ച് പോലീസുകാര്‍ പുലര്‍ത്തുന്ന ആ അമിത ആത്മവിശ്വാസമാണ് ഒരു തരത്തില്‍ ജയേഷിനെ പ്പോലെ ഒരു സാധാരണക്കാരന് സഹായകമായത്. കൂടുതല്‍ സൂക്ഷ്മമായി വ്യാജ തെളിവുകള്‍ പോലീസുകാര്‍ നിര്‍മ്മിച്ചിരുന്നു എങ്കില്‍ ജയേഷിന് ചിലപ്പോള്‍ തടവില്‍നിന്നും പുറത്തു വരാന്‍ ഇതിലും പ്രയാസമായേനെ.

പോലീസുകാരിലെ ക്രിമിനലുകളുടെ എണ്ണം കാലം ചെല്ലുംതോറും കൂടിക്കൊണ്ടിരിക്കുന്നു എന്ന കണക്കുകള്‍ മുന്നില്‍ ഉണ്ട്. അവസാനമായി ആഭ്യന്തര വകുപ്പ്തന്നെ പുറത്തു വിട്ട കണക്കില്‍ കേരളത്തിലെ 54000പേര്‍വരുന്ന പോലീസ്‌സേനയിലെ 1000 പേരെങ്കിലും ക്രിമിനല്‍ കേസ്സില്‍ പ്രതികളായവരാണ്. ഈ ആയിരം പേര്‍പോലും വേണ്ട ജയേഷിന് സംഭവിച്ചതുപോലുള്ള ആയിരം അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍. തിരുവനന്തപുരത്ത് പോലീസുകാരനെ മാരകമായി ആക്രമിച്ച കേസ്സിലെ പ്രതിയെ കേസ് പിന്‍വലിച്ചുകൊണ്ട് പോലീസിലെടുക്കാന്‍ സര്‍ക്കാര്‍തന്നെ ഒത്താശ ചെയ്തുകൊടുത്ത കാര്യം ഈ അടുത്ത ദിവസങ്ങളില്‍ വിവാദമായത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

അതായത്, പോലീസിന്റെ ധാര്‍മ്മികത എന്താണ് എന്നതിനെക്കുറിച്ച് നമ്മുടെ സമൂഹം കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ട കാലം കഴിഞ്ഞു എന്നര്‍ത്ഥം.. കേവലം ചര്‍ച്ചകള്‍ക്കപ്പുറം സാമൂഹികമായ ഇടപെടല്‍ ശക്തമായി നടക്കേണ്ട ഒരു കാര്യമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു.

ജയേഷിനെ കണ്ടു സംസാരിച്ചു മടങ്ങി വന്ന ശേഷമാണ് നാദാപുരത്ത് നടന്ന സമാനമായ ഒരു സംഭവം ശ്രദ്ധയില്‍ പെടുന്നത്. എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി സ്‌കൂളിലെ ബസ്സിലെ കിളിയെ അറസ്റ്റ്‌ചെയ്ത വാര്‍ത്തയാണത്. മുനീര്‍ എന്ന യുവാവിന് മേലെ ആ കേസ് പോലീസ് അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് ആ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. ജയേഷിന്റെ അനുഭവത്തില്‍നിന്നും ഏറെ വ്യത്യസ്തമാവില്ല മുനീറിന്റെ അനുഭവവും. പക്ഷേ, പിന്നീട് ശക്തമായ ജനകീയ ഇടപെടലിലൂടെയാണ് മുനീര്‍ അല്ല പ്രതി എന്ന് പോലീസിനു സമ്മതിക്കേണ്ടിവന്നത്. നാദാപുരത്ത് ഉണ്ടായ സാമൂഹിക ഇടപെടല്‍ പോലീസിന്റെ ഈ തരം രീതികളെ സംബന്ധിച്ചുള്ള സാമൂഹികമായ തിരിച്ചറിവിന്റെകൂടി ഫലമാണ് എന്ന് കാണാം. അത്തരം ഇടപെടലുകള്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ സമൂഹം ഏറ്റെടുക്കുമ്പോള്‍ മാത്രമേ ആ സമൂഹം ധാര്‍മ്മികമായി ആധുനികവത്കരിക്കപ്പെടുകയുള്ളൂ.

അഞ്ച്

ജയേഷിന്റെ കഥ ഇങ്ങനെയൊക്കെ പറഞ്ഞു നിര്‍ത്താം. പക്ഷേ, ഇനിയും തീരാത്ത ഒരു വലിയ കഥ കൂടി ബാക്കിയാണ്. അത് സുന്ദരിയമ്മയുടെ കഥയാണ്. ഇരുപതു വര്‍ഷത്തോളം ഒരേ മുറിയില്‍ ഒറ്റയ്ക്ക് താമസിച്ച് ഇഡ്ഡലിയുണ്ടാക്കി വിറ്റ് ജീവിച്ചിരുന്ന 69കാരിയായ ഒരു സ്ത്രീ രാത്രി തലങ്ങും വിലങ്ങും വെട്ടുകൊണ്ടു മരിച്ചതിന്റെ കഥ. ആരാണ് അത് ചെയ്തത് എന്നും എന്തിനാണ് അത് ചെയ്തത് എന്നും ഉള്ള ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. വെട്ടിയ വാളുമായി ഇരുട്ടിലേക്ക് മറഞ്ഞവര്‍ ആ ഇരുട്ടില്‍തന്നെ പതുങ്ങിയിരിക്കുന്നു. സമൂഹം എന്ന ‘സദാചാര പോലീസ്’ ആ സ്ത്രീയുടെ ദുരന്തം മറന്നു തുടങ്ങുന്നു. യഥാര്‍ത്ഥ പോലീസിന്റെ ധാര്‍മ്മികത ആ കൊലപാതകിയുടെ കൂടെയാണോ എന്ന ചോദ്യം ബാക്കിയാകുന്നു. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്ന ആവശ്യമൊന്നും ഇനി സമൂഹം ഉന്നയിക്കില്ല.

ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന സാധാരണ പൗരന്റെ ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ ഉണ്ടായ ഉത്കണ്ഠകളാണ് എന്നെ ജയേഷിലേക്ക് എത്തിച്ചത്. അയാളെ നിയമത്തിലൂടെ രക്ഷപ്പെടുത്തിയ വക്കീലിലേക്കും സമൂഹികമായി സംരക്ഷിക്കുന്ന ജലീലിലേക്കും എത്തിയത്. പക്ഷേ, അവര്‍ പറഞ്ഞതിലൂടെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യങ്ങള്‍ ഈ മട്ടില്‍ എഴുതിവച്ചതിലൂടെ ആ ഉത്കണ്ഠകളെ കൂടുതല്‍ ആഴമുള്ള ഭയങ്ങളായി പരിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍ സ്വയം ചെയ്തത്. ജയേഷ് ഇപ്പോഴും അനാഥനാണ്. നീതിവ്യവസ്ഥ അയാളുടെ നിഷ്‌കളങ്കത ആഴമുള്ള വിശകലനങ്ങളിലൂടെ തന്നെ സ്ഥാപിക്കുകയും അയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നു വിധിക്കുകയും ചെയ്തു. പക്ഷേ, ജയേഷിനെ കുറ്റവാളിയാക്കിയ വ്യവസ്ഥ മുറിവേറ്റ മൃഗത്തെപ്പോലെ മാറി നില്‍ക്കുന്നു. ഒറ്റയ്ക്ക് നടന്നവന്‍ എന്ന ഒറ്റക്കാരണത്താല്‍ പിച്ചിചീന്തപ്പെട്ടവനെ ഇനി ആ വ്യവസ്ഥ കാണുക മുറിവേല്‍പ്പിച്ച ഒറ്റപ്പെട്ടവനായിട്ടാണ്. അയാള്‍ കൂടുതല്‍ വേട്ടയാടപ്പെടാനുള്ള സാഹചര്യം ശക്തമാവുകയല്ലേ ഇതിലൂടെ സംഭവിക്കുന്നത് എന്ന ഭയം എന്റെ ഉള്ളില്‍ ബാക്കിയാകുന്നു. കാക്കിയിട്ട പോലീസുകാരെ കാണുമ്പോള്‍ സാധാരണക്കാരുടെ ഉള്ളില്‍ ഒരു കാരണവുമില്ലാതെ ഒരു ആളല്‍ ഉയരും. സംരക്ഷകന്റെ രൂപം പൂണ്ട് നടക്കുന്ന ആ വ്യവസ്ഥയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഈ വേട്ടമൃഗത്തെയാണ് ഓരോരുത്തരും ഭയപ്പെടുന്നത്. പോലീസിനെ കണ്ട് ഓടി മനുഷ്യര്‍ പുഴയില്‍ ചാടി മരിക്കുന്നതും പോലീസുകാര്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നതുകൊണ്ട് മാത്രം മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നതും ആ വേട്ടമൃഗത്തെ ഭയന്നിട്ടാണ്. എത്ര മഹത്ത്വം പറഞ്ഞ് പരിഷ്‌കാരങ്ങള്‍ നടത്തിയാലും മാറാത്ത ചില സ്വഭാവങ്ങള്‍ അതിന്റെ ജനിതകത്തിലുണ്ട്. ആ ജനിതകത്തെക്കുറിച്ചുള്ള ഭയമാണ്, ഒരു വട്ടം, ഇതെഴുതുന്ന ഞാനോ ഇത് വായിക്കുന്ന നിങ്ങളോ ജേയഷിന്റെ അനുഭവങ്ങളില്‍ പകരം വയ്ക്കപ്പെട്ടേക്കാം എന്ന തോന്നല്‍ സൃഷ്ടിക്കുന്നത്. തീവ്രമായ ധര്‍മ്മനിഷ്ഠ കൊണ്ട് മാത്രമേ പോലീസ് വ്യവസ്ഥയ്ക്ക് അതിന്റെ ഈ ജനിതക വൈകല്യത്തെ മറികടക്കാനാകൂ. പക്ഷേ, ആരാണവരെ അത് പഠിപ്പിക്കുക? അറിവ് ചില ഭയങ്ങളെ പെരുപ്പിക്കും. ജയേഷിന്റെ ജീവിതം തന്ന അറിവുകള്‍ എന്റെയുള്ളിലെ ഭയങ്ങളെ പെരുപ്പിച്ചിരിക്കുന്നു.

Comments are closed.