സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത സിനിമാസംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് അനില്‍ ബാബുവെന്ന പേരില്‍ 24-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളിലെ ജനപ്രിയ സംവിധായകനായിരുന്നു അദ്ദേഹം.
ഹരിഹരന്റെ സംവിധാനസഹായിയായിട്ടാണ് ബാബു നാരായണന്‍ സിനിമാരംഗത്തെത്തുന്നത്. നെടുമുടി വേണു, പാര്‍വ്വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത അനഘയായിരുന്നു അദ്യചിത്രം. പിന്നീട് അനില്‍ കുമാറുമായി ചേര്‍ന്ന് അനില്‍ ബാബുവെന്ന കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്ത്രികചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, ഉത്തമന്‍, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. പറയാം എന്ന ചിത്രത്തോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 2013-ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലവ് ആണ് ഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രം.
ജ്യോതിയാണ് ഭാര്യ. മക്കള്‍: ദര്‍ശന്‍, ശ്രവണ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കും.
Comments are closed.